Sunday, September 07, 2014

ദിലീപിന്‍്റെ സിനിമയില്‍ ബുദ്ധനെ അവഹേളിക്കുന്ന ഗാനം


ശ്രീബുദ്ധനെ കരുതി കൂട്ടി അവഹേളിക്കുന്ന ഗാന രംഗം അടങ്ങിയ മലയാള സിനിമക്കെതിരെ ബുദ്ധിസ്റ്റ് സംഘടനകള്‍ രംഗത്ത്്.

 നടന്‍ ദിലീപിന്‍െറ ഓണച്ചിത്രമായ വില്ലാളി വീരനിലെ ഗാനരംഗത്തില്‍ ബുദ്ധനെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന്  ബുദ്ധിസ്റ്റ് സംഘടനകള്‍ കുറ്റപ്പെടുത്തി.ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീബുദ്ധനെ സ്ത്രീയുടെ പ്രലോഭനങ്ങളില്‍ വീഴുന്നയാളായി ചിത്രീകരിക്കുന്ന മലയാള ചലച്ചിത്രത്തിലെ ഗാനരംഗമാണ്  വിവാദമായിരിക്കുന്നത്. ബുദ്ധനെ മാത്രമല്ല സംഘത്തേയും ധര്‍മത്തേയും അപമാനിക്കുന്നതാണ് ചിത്രമെന്നാണ് പരാതി. ബുദ്ധധര്‍മം പ്രചാരണത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹാബോധി മിഷന്‍, കേരള ബൗദ്ധ മഹാസഭ, ത്രിരത്ന ബുദ്ധ ധര്‍മ സംഘം എന്നിവരുള്‍പ്പെടുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാണ് തീരുമാനം.
ബുദ്ധ പ്രതിമയെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനം തുടങ്ങുമ്പോള്‍ ബുദ്ധം ശരണം ഗഛാമിയെന്ന ആലാപനം കേള്‍ക്കാം.ആല്‍മരത്തിന് ചുവട്ടില്‍ ധ്യാനത്തിലിരിക്കുന്ന ബുദ്ധനെ പോലെ മുടിയും വസ്ത്രവുമുള്ളയാളുടെ മുന്നിലേക്ക് ചില വിചിത്രരൂപമുള്ള ജീവികള്‍ നായികയെ പല്ലക്കില്‍ ചുമന്നു കൊണ്ട് വരുന്നു.നായികയുടെ നൃത്തച്ചുവടുകള്‍ തുടരുമ്പോള്‍ ബുദ്ധന്‍െറ പ്രതിരൂപമുള്ള പുരുഷന്‍ ഇടം കണ്ണിട്ട് നോക്കുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം ഗ്രാഫിക്സിന്‍െറ സഹായത്താല്‍ ഇയാള്‍ നായകനായ ദിലീപിന്‍െറ രൂപം പ്രാപിക്കുന്നു. തുടര്‍ന്ന് ഇരുവരും ആഭാസകരമായ നൃത്തത്തില്‍ ഏര്‍പ്പെടുന്നു.ഇതാണ് ഗാനത്തിലെ രംഗങ്ങള്‍. ശേഷമാകട്ടെ ബുദ്ധഭിക്ഷുക്കളും സന്യാസിമാരും രംഗത്തില്‍ വരുന്നു. സാഞ്ചി സ്തൂപവും  ആല്‍മരങ്ങളുമുള്‍പ്പെടെ ബുദ്ധമതത്തിന്‍െറ സിമ്പലുകള്‍ നിറച്ച പ്രത്യേക സെറ്റാണ് ഗാനചിത്രീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. തിബറ്റന്‍ ബുദ്ധമതക്കാര്‍ ബുദ്ധക്ഷേത്രങ്ങളിലും മൊണാസ്ട്രികളിലും ഉപയോഗിക്കുന്ന വാദ്യോപകരണമായ ഡ്രമ്മും പശ്ചാത്തലത്തിലുണ്ട്.
  ലോകമെമ്പാടും അധാര്‍മികത നിറഞ്ഞ കാലഘട്ടത്തില്‍ ആരും നിര്‍ബന്ധിക്കാതെ മനുഷ്യര്‍ ശാന്തിയുടേയും സമാധാനത്തിന്‍േറയും അനിവാര്യത ബോധ്യപ്പെട്ട് ബുദ്ധ ദര്‍ശനങ്ങളെ സ്വാഭാവികമായും അന്വേഷിച്ച് തുടങ്ങിയെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ വിളറിപിടിക്കുന്നവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് മഹാബോധി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍. ഹരിദാസ്് ബോധ്  പറയുന്നു. പുതിയ തലമുറക്കിടയില്‍ ലോകഗുരുവായ ബുദ്ധനെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്താനും ബുദ്ധ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിക്കാനുമാണ് ‘വില്ലാളിവീരനി’ല്‍ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെയും ബുദ്ധനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനകോടികളുടെയും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ് സിനിമയില്‍ നടന്നത്. ഇതിന്‍െറ ഗൗരവം ചിത്രത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം. തീര്‍ത്തും അഹിംസാവാദികളാണ് ബുദ്ധമതാനുയായികളെന്ന കാര്യം അവര്‍ തിരിച്ചറിയണം. ബുദ്ധമതത്തിന്‍െറ അടിസ്ഥാനമായ ഈ നിലപാടിനെ ഒരു തരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കാന്‍ അപ്സരസ് നൃത്തമാടിയത് നേരത്തെ സിനിമകളില്‍ കാണിച്ചിരുന്നു.എന്നാല്‍ പകരം അവിടെ ബുദ്ധനെ കാണിച്ചത് വഴി മഹത്തായ ബുദ്ധദര്‍ശനങ്ങളെ വളച്ചൊടിക്കുകയാണ്.ബുദ്ധിസ്റ്റ് സംഘടനകളുടെ തീരുമാനം ഇവയാണ്.ചിത്രത്തിലെ ഗാനം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കും .മുഖ്യമന്ത്രിക്കും സിനിമാ-സാംസ്കാരിക മന്ത്രിക്കും നിവേദനം നല്‍കും.ഒപ്പം അമ്മ പ്രസിഡന്‍്റും പാര്‍ലമെന്‍റംഗവുമായ ഇന്നസെന്‍്റിനും നിവേദനം നല്‍കുന്നുണ്ട്. വേണമെങ്കില്‍ കോടതിയേയും സമീപിക്കും.

ഇതിനിടെ ‘ബുദ്ധേട്ടന്‍’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു ദിലീപ് ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ കേന്ദ്രമാക്കി പുരോഗമിക്കുകയാണ്. ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നേരില്‍ കണ്ട് തങ്ങളുടെ അതൃപ്തി അറിയിക്കുകയുണ്ടായി. എന്നാല്‍, ബുദ്ധമതത്തെ കുറിച്ചോ ബുദ്ധനെ കുറിച്ചോ സാമാന്യധാരണ പോലുമില്ലാതെയാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാനായതെന്ന്  ബൗദ്ധ മഹാസഭാ പ്രതിനിധി ഉണ്ണികൃഷ്ണന്‍ തകഴി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടേയും ബ്ളോഗുകളുടേയും സഹായത്തോടെ വിഷയത്തിന്‍െറ ഗൗരവം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എന്‍. ഹരിദാസ്് ബോധ് അറിയിച്ചു.
വി.ആര്‍.രാജ മോഹന്‍

1 comment:

  1. PL. READ THE ARTICLE AND WRITE UR FEEDBACK......................................

    ReplyDelete