Sunday, September 14, 2014



മലയാളത്തിനായി മറുനാട്ടിലൊരു മഹാപ്രസ്ഥാനം


  ജന്മനാടും മാതൃഭാഷയും സമ്മാനിക്കുന്ന ഗൃഹാതുരത്വത്തിന്  സമാനതകളില്ല.ചലച്ചിത്ര ഗാനങ്ങളും  തനത് രുചികളുമെല്ലാം എന്നും അതിന് ആക്കം കൂട്ടിയിട്ടേയുള്ളൂ.അവിടെ സംഭവിക്കുന്നതിനെ കാല്പനികതയുടെ അതിപ്രസരമെന്നൊന്നും  പറഞ്ഞാര്‍ക്കും കുറ്റം പറയാനാകില്ല തന്നെ.കേരളത്തെ സംബന്ധിച്ച് മറുനാട്ടില്‍ കഴിയുന്ന ഓരോ മലയാളിയുടെ മനസ്സിലും ഇത്തരം അനവധി സ്വകാര്യ സന്തോഷങ്ങളുണ്ട്. അത്തരം താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അവന്‍െറ ഹൃദയം ആഹ്ളാദം കൊണ്ട്  നിറയും.നേരെ മറിച്ച് അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദു$ഖം പറഞ്ഞറിയിക്കുക വയ്യ.
  മലയാളി മാത്രമല്ല ലോകത്തിന്‍െറ വിവിധ കോണുകളിലെ നിരവധി സമൂഹങ്ങള്‍ ആധുനികവല്‍ക്കരണത്തിന്‍െറ നാളുകളില്‍ ക്രമേണ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം  വേദനയോടെ തിരിച്ചറിയുന്നുണ്ട്.എന്നാല്‍ അതിനെ ഫലപ്രദമായി  ചെറുക്കുന്നതെങ്ങിനെ എന്നറിയാതെ നിരാശതയുടെ പടുകുഴിയില്‍ പെട്ടുഴലുവാന്‍ മാത്രമേ പലര്‍ക്കും കഴിയുന്നുള്ളൂ .അവിടെ സൃഷ്ടിപരമായ നിലപാടുകള്‍ സ്വീകരിച്ച് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയുക എന്നിടത്താണ് കാര്യം.അത്തരത്തില്‍ മലയാളത്തിന്‍െറ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ മറുനാട്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ടെങ്കില്‍ തന്നേയും ദീര്‍ഘദൃഷ്ടിയോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന   ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’എന്ന പ്രസ്ഥാനം വേറിട്ട് നില്‍ക്കുന്നു.
   മലയാളത്തിന് മാത്രമായി പ്രത്യേക സര്‍വകലാശാല രൂപവല്‍ക്കരിക്കപ്പെട്ടപ്പോഴും അതിന്  ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചപ്പോഴും കേരളത്തിലുണ്ടായ സന്തോഷത്തിലുപരി മറുനാട്ടില്‍ അതിനെ ആഘോഷമാക്കിയതില്‍ ഈ സംഘടന  നടത്തിയ ശ്രമങ്ങള്‍ വളരെ വലുതായിരുന്നു. വാസ്തവം പറഞ്ഞാല്‍ മലയാള നാട്ടില്‍ മലയാളത്തെ മറന്നാലും മറുനാട്ടില്‍ അങ്ങനെയൊന്നുണ്ടാകില്ളെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സഹൃദരായ ഒരു കൂട്ടം മലയാളികള്‍.മസ്കറ്റിലെ പ്രവാസി മലയാളികള്‍ക്കിടയില്‍  പ്രവര്‍ത്തിക്കുന്ന ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’തീര്‍ത്തും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറ്റം തുടരുകയാണ്. മലയാള ഭാഷയുടെ ഉന്നമനവും  കേരളീയ സംസ്കാരത്തിന്‍െറ സംരക്ഷണവും മാത്രമാകുന്നു അവരുടെ ലക്ഷ്യം.അവിടെ നൂറുകോടിയുടെ പിന്‍ബലമോ, ശ്രേഷ്ഠഭാഷാ പദവിയുടെ അലങ്കാരമോ അവര്‍ പ്രതീക്ഷിക്കുന്നേയില്ല.സ്വാര്‍ത്ഥ താല്പര്യങ്ങളേതുമില്ലാതെയുള്ള  ഈ ഭാഷാ സ്നേഹികളുടെ ഒത്തൊരുമ കേവലം രണ്ടുവര്‍ഷക്കാലംകൊണ്ട്  പ്രവാസി മലയാളികള്‍ക്കിടയില്‍ നേടിയെടുത്ത സ്ഥാനം ചെറുതല്ല.
  കേരളപ്പിറവി ദിനമടക്കം  മലയാളവുമായി ബന്ധപ്പെട്ട എല്ലാചടങ്ങുകളും മുടക്കമില്ലാതെ സംഘടിപ്പിക്കാന്‍ മലയാളം ഒമാന്‍ ചാപ്റ്ററിന് കഴിഞ്ഞു.മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ ജന്മ-ചരമ ദിനാഘോഷങ്ങളും പ്രമുഖരുടെ എഴുത്തിന്‍െറ  ലോകത്തെ അടയാളപ്പെടുത്തലുകളും അവര്‍ ഓര്‍ത്തെടുത്ത് ആഘോഷിക്കുന്നു. മസ്കറ്റിലെ മറ്റ് മലയാളി സംഘടനകള്‍ക്കിടയില്‍ അസൂയാവഹമായ മുന്‍നിരസ്ഥാനം ഇതിനോടകം തന്നെ  നേടിയെടുക്കാന്‍ മലയാളം ഒമാന്‍ ചാപ്റ്ററിന് കഴിഞ്ഞത് കുറുക്കുവഴികളിലൂടെയല്ല.മറിച്ച് മാതൃകാപരമായ  ഇത്തരം  കാര്യക്ഷമമായ  പ്രവര്‍ത്തനങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ്.  
     പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് സാംസ്കാരിക നായകര്‍ പോലും പൊതുവെ പിന്‍വലിഞ്ഞുനില്‍ക്കുന്ന വര്‍ത്തമാന  സാഹചര്യത്തില്‍  ആര്‍ജ്ജവത്തോടെ  മുന്നോട്ടുപോകുന്ന മലയാളം ഒമാന്‍ ചാപ്റ്ററിന്‍െറ  പ്രവര്‍ത്തനങ്ങളോരോന്നും തീര്‍ത്തും പ്രശംസനീയം തന്നെ.ശ്രേഷ്ഠഭാഷാ പദവിയെചൊല്ലിയുള്ള വിവാദങ്ങളിലും മറ്റുമായി  ഭാഷാപ്രവര്‍ത്തനങ്ങള്‍ കെട്ടുപോകാതെ കാത്ത് സൂക്ഷിക്കുകയാണ് മലയാളം ഒമാന്‍ ചാപ്റ്റര്‍. തൃശൂര്‍ സ്വദേശിയും കവിയുമായ ഡോ. ജോര്‍ജ് ലെസ്ളിയാണ് സംഘടനയുടെ ചെയര്‍മാന്‍. ശിശുരോഗവിദഗ്ദനായ അദ്ദേഹം  സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമാണ്.തന്‍െറ കുട്ടിക്ക് മലയാളം അറിയില്ളെന്ന് പറഞ്ഞ് ഒരിക്കല്‍ അഹങ്കരിച്ചിരുന്ന മലയാളിയെ ഇന്ന് മരുന്നിന് പോലും മറുനാട്ടിലൊരിടത്തും കാണാന്‍ കഴിയില്ളെന്ന് ഡോ. ജോര്‍ജ് ലെസ്ളി തറപ്പിച്ച് പറയുന്നു.അയര്‍ലന്‍്റില്‍ ഭിഷഗ്വരവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള ഡോ. ജോര്‍ജ് ലെസ്ളിയെ സംബന്ധിച്ചിടത്തോളം തന്‍്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇത്തരമൊരു സംരഭത്തിന് പ്രേരിപ്പിച്ചത്.മുമ്പൊക്കൊ മലയാളം മക്കള്‍ക്കറിയില്ളെന്ന് പറഞ്ഞ് പൊങ്ങച്ചം നടിച്ചിരുന്ന പല രോഗികളും തന്‍്റെ മുന്നില്‍ വന്നിരുന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു.വികലമായ ഭാഷാപ്രയോഗം അന്തസ്സല്ല മറിച്ച് അപമാനമാണെന്ന് വൈകിയെങ്കിലും പ്രവാസി മലയാളികള്‍ സ്വയം  മനസ്സിലാക്കി.അന്ധമായി പാശ്ചാത്യ സംസ്കാരത്തിന്‍െറ പിന്നാലെ പോയതിന്‍െറ വൈഷമ്യങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പുതിയ തലമുറയെ ശരിയുടെ മാര്‍ഗത്തിലേക്ക് തിരിച്ച് കൊണ്ടു വരുവാനുള്ള ഏക ഒൗഷധം നമ്മുടെ മാതൃഭാഷയും സ്വന്തം നാടിന്‍െറ സവിശേഷമായ പൈതൃകങ്ങളും പാരമ്പര്യങ്ങളുമാണെന്ന് മറുനാടന്‍ മലയാളിയെ പ്രത്യേകിച്ച് കൊടുക്കേണ്ടതില്ല.അദ്ദേഹം വിശദീകരിച്ചു.
  നന്മയുടേയും കാരുണ്യത്തിന്‍േറയും കഥകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുക എന്നത് അസാധ്യമായ ഒന്നല്ളെന്ന് തങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞതായി വൈസ് ചെയര്‍മാന്‍ ഗുരുവായൂര്‍ സ്വദേശി  മുഹമ്മദ് അന്‍വര്‍ പറയുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി റമദാന്‍ കാലത്ത് സംഘടിപ്പിച്ച വിവിധ  മതസ്തരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താറുകളില്‍ എല്ലാവരും ചേര്‍ന്നുള്ള ഭക്ഷണം എന്നതിനോടൊപ്പം മണലാരണ്യങ്ങളിലെ കൂടാരങ്ങളില്‍  പണ്ട് കാലത്തുള്ളവര്‍ പറഞ്ഞ് കൊടുത്തിരുന്ന കാരുണ്യത്തിന്‍െറ സന്ദേശങ്ങള്‍ അടങ്ങിയ തെളിനീരുറവകളായ കഥകള്‍ അയവിറക്കാനായിരുന്നു   ചാപ്റ്റര്‍ ശ്രദ്ധിച്ചത്.‘പുണ്യ നിലാവും കാരുണ്യത്തിന്‍െറ കഥകളും’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പരിപാടി ഉചിതമായി എന്നതിന്‍െറ  അനുരണനങ്ങള്‍  കണ്ടു തുടങ്ങിയതിന്‍െറ  അഭിമാനത്തിലാണ് ഞങ്ങള്‍.ഫുല്ല ഗ്രൂപ്പ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
     ഗതകാല സ്മരണകള്‍ ഉയര്‍ത്തുന്ന ഓണത്തിന്‍െറ നന്മ നിറഞ്ഞ അനുഷ്ടാനങ്ങളുടെ പുനരാഖ്യാനത്തിലൂടെ മലയാള ദേശത്തിന്‍െറ സമൃദ്ധമായ പഴയ കാലത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവും സംഘടന നിര്‍വഹിച്ച് പോരുന്നു.ചാപ്റ്ററിന്‍െറ പ്രവര്‍ത്തനം ഇതിനോടകം അയര്‍ലന്‍്റില്‍ ആരംഭിച്ച് കഴിഞ്ഞു.ദുബൈ ,ഖത്തര്‍,കുവൈത്ത്,ബഹറിന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി അത് വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുമുണ്ട്. തന്‍െറ തിരക്കിട്ട ബിസിനസിനിടയിലും  ചാപ്റ്ററിന്‍െറ  ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍  കണ്ണൂര്‍ സ്വദേശിയായ അജിത് പനിച്ചിയില്‍ സമയം കണ്ടത്തെുന്നു. പ്രവാസികളുടെ ഏതുപ്രശ്നങ്ങള്‍ക്കും  പരിഹാരവുമായി  അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ട്്്്്. മലപ്പുറം സ്വദേശിയായ സദാനന്ദന്‍െറ കൈകളില്‍ മലയാളം ഒമാന്‍ ചാപ്റ്ററിന്‍െറ ട്രഷറി ഭദ്രമാണ്.  കോ ഓര്‍ഡിനേറ്റര്‍മാരായ ആലപ്പുഴയില്‍ നിന്നുള്ള സുധീര്‍ രാജനും  തൃശൂരില്‍ നിന്നുള്ള ലതീശ് തിലകനും ചാപ്റ്ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിക്കുന്ന കാര്യത്തില്‍ ഒരേ മനസ്സാണ്. മലയാള മാമാങ്കം എന്ന വാര്‍ഷിക ആഘോഷത്തിന്‍െറ വിജയം ഇതിനൊരു ഉദാഹരണം മാത്രം.
  മലയാളത്തെ പരിപോഷിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ അവരുടെ ദീര്‍ഘ ദൃഷ്ടിയുടെ തെളിവാണ്.മിഡില്‍ ഈസ്റ്റില്‍ മലയാളത്തെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമം ദിനപത്രം നിര്‍വഹിക്കുന്ന പങ്കിനെ കൃത്യമായി വിലയിരുത്തികൊണ്ടാണ് അതിന്‍െറ മുഖ്യ സൂത്രധാരനായ ഗള്‍ഫ് മലയാളം ചീഫ് എഡിറ്റര്‍ വി.കെ.ഹംസാ അബ്ബാസിനെ   മലയാള മാമാങ്കത്തില്‍ പ്രത്യേകമായി ആദരിച്ചത്.മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാരായ എം.മുകുന്ദനേയും ടി.പി .രാജീവനേയും അതേ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.വായനാ ദിനാചരണവും യുവ പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും ചാപ്റ്റര്‍ ഏറ്റെടുത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.മലയാളികള്‍ നെഞ്ചേറ്റിയ വൈക്കം മുഹമ്മദ് ബഷീറിനേയും കമലാ സുരയ്യയേയും വരുംതലമുറക്ക് പരിചയപ്പെടുത്തുന്ന പല തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടകം ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’ നടത്തി കഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട്ട് പ്രവാസി കലാകാരനായ രവി ചാവക്കാട് വരച്ച കമലാ സുരയ്യുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം വേറിട്ട അനുഭവമായി രുന്നു.ഇതിനൊക്കൊ പുറമെ  നാട്ടിലും ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിച്ചിട്ടുണ്ട്.ആദ്യപടിയായി മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.കൂടാതെ പുതുതലമുറയുടെ ഹൃദയത്തില്‍ മാതൃഭാഷയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കും വിധമുള്ള വ്യത്യസ്തമാര്‍ന്ന  സാഹിത്യ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നു.
  എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളവുമുണ്ടാകണമെന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ തുടക്കമിട്ട മലയാളം മിഷന്‍െറ    മസ്കറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കനായി സംസ്ഥാന സര്‍ക്കാര്‍ ചുമതലപെടുത്തിയിരിക്കുന്നത് മലയാളം ഒമാന്‍ ചാപ്റ്ററിനെ തന്നെയാണെന്ന് അറിയുമ്പോള്‍ ഈ പ്രസ്ഥാനത്തിന്‍െറ ഉള്‍ക്കരുത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ല.പ്രകൃതി പരിപാലനവും പ്രത്യാശയും എന്ന മുദ്രാവാക്യവുമായി ചാപ്റ്റര്‍ പുറത്തിറക്കിയ ‘ഭൂമിപാഠങ്ങള്‍’എന്ന സ്മരണികയുടെ ഉള്ളടക്കം വൈഞ്ജാനിക സാഹിത്യത്തിനൊരു മുതല്‍കൂട്ടാണ്.മലയാള ഭാഷയിലും വായനാശീലത്തിലും കുട്ടികളിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ത്യന്‍ സ്കൂളുകളിലെ മലയാള അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച മലയാള പാഠശാല ശരിയായ ദിശയിലേക്കുള്ള ഉറച്ച കാല്‍ വെയ്പ്പായിരുന്നു.
  സാമ്പത്തികമായി  അവശതയനുഭവിക്കുന്ന കലാകാരന്മാരെയും മണ്‍മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ ബുദ്ധിമുട്ടനുഭവിക്കുന്ന  കുടുംബങ്ങളേയും സഹായിക്കുക എന്ന മഹത്തായൊരു ലക്ഷ്യത്തിലാണ്  ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’ ഭാരവാഹികളിപ്പോള്‍.അതോടൊപ്പം യുവ കലാകാരന്മാര്‍ക്കും  സാഹിത്യ പ്രവര്‍ത്തകര്‍ക്കും  സമൂഹമധ്യത്തില്‍ അന്തസ്സോടെ തങ്ങളുടെ സപര്യ നിര്‍വഹിക്കാനാവശ്യമായ എന്ത്  സഹായവും ചെയ്യാനും  ഒരുക്കമാണെന്നും അര്‍ത്ഥശങ്കക്കിട നല്‍കാതെ അവര്‍ പറയുമ്പോള്‍ ഒരു കാര്യം നിശ്ചയമായും ഉറപ്പിക്കാം.മലയാളവും കേരള സംസ്കാരവും അന്യം നിന്ന് പോകാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല തന്നെ.

വി.ആര്‍.രാജ മോഹന്‍

No comments:

Post a Comment