Tuesday, March 11, 2014

കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും


കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും

    തലവാചകം വായിച്ച് ആര്‍ക്കും കിറുക്ക് പിടിക്കരുത്.ഗുരുവായൂരിലെ കുഞ്ചുവും ആലപ്പുഴ കലവൂരിലെ ടിക്രുവും ആരാണെന്ന് കുറച്ച് പേര്‍ക്കെങ്കിലും അറിയാമായിരിക്കും.അവരെ കുറിച്ച് കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കാണാത്തവര്‍ക്കായി അതിന്‍െറ പി.ഡി.എഫ് ഫയലുകള്‍ ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നു.അത് വായിച്ച ശേഷം വീണ്ടും ഈ കുറിപ്പിലേക്ക് വരാം.

ചിത്രങ്ങള്‍






 മാധ്യമത്തിന്‍െറ ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് നല്‍കിയ കുഞ്ചുവിന്‍െറ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സ് ഏറെ അസ്വസ്തമായി.ഇക്കാലത്ത് ഇങ്ങിനേയും ചിലരുണ്ടല്ളോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. അമ്മമാരെ ഉപേക്ഷിക്കാന്‍ മക്കള്‍ തിരഞ്ഞെടുക്കുന്നിടവും ഗുരുവായൂര്‍ തന്നെയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നല്ളോ.അത് വേറെ വിഷയം.
  ഓമന മൃഗങ്ങള്‍ (PETS) എക്കാലവും മനുഷ്യരുടെ താല്പര്യ വിഷയങ്ങളില്‍ ഒന്നാണ്.മനുഷ്യരുടെ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടേത് നന്നേ കുറവാണ്.അക്കാരണത്താല്‍ അവയെ വളര്‍ത്തിയാല്‍തന്നെയായാലും നിശ്ചയമായും അവയുടെ വേര്‍പാട്  കാണേണ്ടി വരും.പട്ടികളും പൂച്ചകളും തന്നെ മിക്കവരുടേയും പ്രിയപ്പെട്ട വളര്‍ത്തു മൃഗം.
 യജമാനനോടുള്ള വിധേയത്വം കാത്ത് സൂക്ഷിക്കാന്‍ ജീവന്‍ വരെ നല്‍കിയ ശ്വാനന്മാരുടെ കഥകള്‍ ധാരാളമുണ്ട്. പലര്‍ക്കും ഇത് കഥകളല്ല ,മറിച്ച് വീടുകളില്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.ഞാനൊക്കൊ കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ പൂച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ സമയങ്ങളില്‍ അമ്മയും മുത്തശ്ശിയമ്മയും അവരുടെ കുട്ടിക്കാലത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികളുടേയും പൂച്ചകളുടേയും പേരുകള്‍ അനുസ്മരിക്കുകയും ഓരോരുത്തരുടേയും സൗന്ദര്യവും സ്വഭാവ വൈശിഷ്യങ്ങളും വിശദീകരിക്കുകയും ചെയ്യുമായിരുന്നു.ഞാനും അനിയത്തിയും അത് കേട്ട് ഞങ്ങളുടെ പൂച്ചകള്‍ക്ക് അത്രക്കൊന്നും ഭംഗിയോ കഴിവോ ഇല്ലാത്തതില്‍ അങ്ങേയറ്റം വിഷമിച്ചും പോന്നു.എന്നേക്കാള്‍ പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്നത് അവളായിരുന്നു.അവറ്റകള്‍ക്ക് വല്ലതും സംഭവിച്ചാല്‍ വലിയ വിഷമമാകും എന്നുള്ളതിനാല്‍ ആദ്യം തന്നെ അടുക്കുന്നത് അങ്ങോട്ട് ഒഴിവാക്കുന്നതല്ളേ നല്ലത് എന്നായിരുന്നു എന്‍െറ പക്ഷം.അത് തീര്‍ത്തും ശരിയുമായിരുന്നു.പൂച്ചകള്‍ മിക്കവാറും വളരെ കുറച്ച് കാലമേ ജീവിച്ചിരുന്നുള്ളൂ.മിക്കവാറും പുച്ചകള്‍ ഒരു പ്രത്യേക തരം അസുഖം ബാധിച്ചാണ് ചാകാറുള്ളത്.വായില്‍ നിന്ന് നുരയും പതയും വരും.അസുഖം വരുമ്പോള്‍ തന്നെ തണുപ്പ് തേടി കുളിമുറിയില്‍ വന്ന് കിടക്കും.അപ്പോഴേക്കും വീടാകെ അക്ഷരാര്‍ത്ഥത്തില്‍ മരണവീട് പോലെയാകും അനിയത്തി മഞ്ജുവിന് പിന്നെ  കരച്ചിലാണ്.നേരെ അടുത്ത വീട്ടിലെ കോമളം ടീച്ചറിന്‍െറ അടുത്തേക്ക് ഓടും .ടീച്ചറുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ സാര്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായിരുന്നു അദ്ദേഹം.തൃശൂരില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലത്തെി വിവരം അറിഞ്ഞാലുടന്‍ എത്ര രാത്രിയായാലും സാര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് പൂച്ചകള്‍ക്ക് കുത്തിവെപ്പ് എടുക്കുമായിരുന്നു.പലപ്പോഴും അദ്ദേഹം കുത്തിവെച്ചത് കൊണ്ട് മാത്രം പൂച്ചകള്‍ രക്ഷപ്പെട്ടിട്ടുണ്ട്.എന്നാല്‍ അപൂര്‍വ്വമായി  രോഗം കലശലായ ചില അവസരങ്ങളില്‍ കുത്തിവെപ്പ് ഫലം ചെയ്യാറില്ല.അങ്ങനെയുള്ള അവസരങ്ങളില്‍ അനിയത്തി അറിയാതെ എന്നോടും അമ്മയോടും രക്ഷപ്പെടില്ളെന്ന കാര്യം  പറഞ്ഞ് അദ്ദേഹം മടങ്ങും.
       പെരുമ്പാവൂരില്‍ നിന്നും  ടീച്ചറും കുടുംബവും തൃശൂരിലേക്ക് താമസം മാറി.ഞങ്ങള്‍ വലുതായി.പഠിത്തം കഴിഞ്ഞ് ഞാന്‍  ജോലിയില്‍ പ്രവേശിച്ചു.അനിയത്തി വിവാഹിതയായി .വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരിക്കല്‍ തൃശൂരിലെ ടീച്ചറുടെ വീട്ടില്‍ ചെന്നു.സുഖമില്ലാതെ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ സാറിന് ഏറെ സന്തോഷമായി.അവശതകള്‍ക്കിടയിലും അദ്ദേഹം മഞ്ജുവിന്‍െറ പൂച്ചകളെ കുറിച്ചോര്‍ത്തു.അവളുടെ പൂച്ച സ്നേഹം   മകള്‍ മേഘക്കും കിട്ടിയിട്ടുണ്ട്.ഇത് കണ്ട് മകന്‍ ഗൗതമന്‍ എന്നോട് ചോദിക്കും.അച്ഛന് പൂച്ചയെ ഇഷ്ടമില്ളേ?.അവന്‍െറ  ആവശ്യം വീട്ടിലും ഒരു പൂച്ച ആകാമെന്നതാണ്.ഒടുവില്‍ അവനോട് എന്‍െറ പഴയ നിലപാട് വിശദീകരിക്കേണ്ടി വന്നു.‘അവക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ഏറെ വിഷമമാകും’.കേട്ടപ്പോള്‍ ഗൗതമനും കാര്യം ഏതാണ്ട് മനസ്സിലായി.വല്ലപ്പോഴുമൊക്കൊ എവിടെന്നോ വന്ന് പോകുന്ന തള്ള പൂച്ചയുടെ വിശേഷങ്ങള്‍ വളരെ താല്പര്യത്തോടെ അവന്‍ വിശദീകരിക്കാറുണ്ട്.അതില്‍ ഞാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല എന്നൊരു പരാതി അവനുണ്ട് താനും.
  കോഴിക്കോട് കുഞ്ഞച്ഛന്‍െറ കൂടെ താമസിക്കുമ്പോള്‍ കസിന്‍സായ ആശയും അനുവും അരുമയോടെ വളര്‍ത്തിയിരുന്ന പൂച്ചകള്‍ ഓര്‍മ്മയില്‍ വരുന്നു.ഒപ്പം അവയില്‍ ഒന്നിന്‍െറ പേരും-മൊസൈക്ക്്.ദേഹം പല വര്‍ണങ്ങള്‍ കൊണ്ട് ആകര്‍ഷകമായിരുന്നതിനാലാണ് അങ്ങനെ പേരിട്ടത്.മൊസൈക്കിന്‍െറ ഉള്‍പ്പെടെയുള്ള അവിടത്തെ പൂച്ചകളുടെ ജനന തീയതി കുട്ടികള്‍ക്ക് കൃത്യമായി അറിയാം.അതിനാല്‍ പിന്നാള്‍ ആഘോഷവുമുണ്ടാകാറുണ്ട്.പിറന്നാളിന് ഒരു പായസം അത്ര തന്നെ.അതിനിടയില്‍ വലിയ പൂച്ച പ്രേമമുള്ള ഞങ്ങള്‍ക്കിടയിലെ മറ്റൊരാളെ കുറിച്ച് പറയാതിരിക്കാന്‍ കഴിയുന്നില്ല.അമ്മയുടെ കസിന്‍ വിജയ കുഞ്ഞമ്മയുടെ ഭര്‍ത്താവ് ജോളി കുഞ്ഞച്ഛന്‍.അദ്ദേഹത്തിന് വളരെ വെളുത്ത് തടിച്ച് കൊഴുത്ത ഒരു പൂച്ചയുണ്ടായിരുന്നു.പേര് ഓര്‍മ്മയില്ല.കോഴിക്കോട്ട് നിന്ന് നാട്ടിലേക്കുള്ള യാത്രകളില്‍ അവനും കാറിലൊപ്പമുണ്ടാകും.വളര്‍ന്ന് വലുതായപ്പോള്‍ അവന്‍ അല്പം ഊരുചുറ്റല്‍ തുടങ്ങി.പെണ്‍പൂച്ചകളുമായി ചില്ലറ അടുപ്പം.ആള്‍ കൈ വിട്ട് പോകുമെന്ന് ഭയന്ന് കുഞ്ഞച്ഛന്‍ കക്ഷിയെ വന്ധ്യം കരണ ശസ്ത്രക്രിയക്ക് വിധേയനാക്കി.കുഞ്ചുവിനെ അങ്ങനെ ചെയ്തതായി ഗുരുവായൂര്‍ വാര്‍ത്തയില്‍ കാണുന്നു.ജോളി കുഞ്ഞച്ഛന്‍െറ സുന്ദരമാര്‍ജ്ജാരന് അങ്ങനെ ചെയ്തതിന്‍െറ നഷ്ടം പിന്നീടാണ് എല്ലാവര്‍ക്കും മനസ്സിലായത്.പൂച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ഇംഗ്ളീഷ് പുസ്തകം മഞ്ജുവിന് പൈക്കോയില്‍ നിന്ന് കിട്ടി.അത് വായിച്ചപ്പോഴാണ് അറിയുന്നത് കുഞ്ഞച്ഛന്‍െറ കൈയ്യിലുള്ള വെളുമ്പന്‍ പൂച്ച അത്യപൂര്‍വ്വമായ വിദേശ ഇനത്തില്‍ പെട്ട ഒന്നായിരുന്നു.ഇന്ത്യയില്‍ അത് വളരെ കുറച്ച് പേര്‍ക്കേയുള്ളൂ.അതറിഞ്ഞ ജോളി കുഞ്ഞച്ഛന് ഏറെ വിഷമമായി.വാസക്ടമി ചെയ്ത കാര്യമോര്‍ത്തപ്പോള്‍ എല്ലാവരും കഷ്ടം എന്ന് പറഞ്ഞ് പരിതപിച്ചു.ഗുരുവായൂരിലെ കുഞ്ചുവിനെ കാണാതായെങ്കിലും അവനൊരു കുഞ്ഞുണ്ടല്ളോയെന്ന് ആശ്വസിക്കാം.

   പോസ്റ്ററുകളില്‍ കാണുന്ന രണ്ട് കണ്ണും രണ്ട് നിറമുള്ളതായിരുന്നു ജോളി കുഞ്ഞച്ഛന്‍െറ പൂച്ച.അത് തന്നെയായിരുന്നു അതിന്‍െറ സവിശേഷതയും.സന്ദര്‍ഭവശാല്‍ ഒ.വി. വിജയന്‍െറ പൂച്ചയെ കുറിച്ച് പറയട്ടെ.മലയാളി വായനക്കാര്‍ക്ക് ആ പൂച്ചയെ നല്ല പോലെ അറിയാം.ദല്‍ഹിയിലെ അദ്ദേഹത്തിന്‍െറ വീട്ടിലെ സന്ദര്‍ശകര്‍ക്കകട്ടെ  അതിനെ നേരിട്ട് പരിചയവുമുണ്ട്.വിജയന്‍െറ രചനകളില്‍ പലയിടങ്ങളിലും അറിഞ്ഞോ അറിയാതേയോ ജന്തുക്കളോടുള്ള സേ്നഹം കടന്ന് വരാറുള്ളത് ഓര്‍ക്കണം.
       തലക്കെട്ടില്‍ സൂചിപ്പിച്ച കുസുമേഷിന്‍െറ കാര്യം കൂടി അനുസ്മരിച്ച് കൊണ്ട് ഈ പോസ്റ്റിന് വിരാമമിടട്ടെ.എന്‍െറ സുഹൃത്ത് പ്രിയയുടെ വീട്ടിലെ അരുമയായിരുന്നു കുസുമേഷ് എന്ന കുഞ്ഞിപ്പൂച്ച.എവിടെ നിന്നോ വന്ന് കയറിയ അനാഥന്‍.പ്രിയയുടെ ഇളയ മകന് അവനാകട്ടെ ജീവന്‍െറ ജീവനും .എല്ലാവരും അതിനെ കുസുമേഷ് എന്ന് വിളിച്ചപ്പോള്‍ ശ്രീനന്ദന്‍ മാത്രം സേ്നഹത്തോടെ കുസുമേഷ് ജബ്ബാര്‍ എന്ന് വിളിച്ചു.അതറിഞ്ഞപ്പോള്‍ തമാശയായി മത സൗഹാര്‍ദ്ദം എന്നൊരു തമാശ പൊട്ടിച്ചതല്ലാതെ എന്താണങ്ങനെ വിളിക്കാന്‍ കാരണമെന്ന് ഞാന്‍ തിരക്കിയില്ല.എന്ത് തന്നെയായാലും  ആ കുഞ്ഞിപ്പൂച്ചയുടെ മുഴുവന്‍ പേര് അങ്ങനെ കുസുമേഷ് ജബ്ബാര്‍ എന്നായി.കഴിഞ്ഞ മാസം ഒരു ദിവസം പ്രിയയുടെ ഫോണ്‍.പതിവു പോലെ ഞാന്‍ കത്തിവെക്കാനായി തുടങ്ങിയപ്പോള്‍ പ്രിയ പറഞ്ഞു.ഞാനൊരു സങ്കടകരമായൊരു കാര്യം പറയട്ടെ.സത്യം പറഞ്ഞാല്‍ ഞാനൊന്ന് ഞെട്ടി.എന്തായിരിക്കും?.അവള്‍ പതിയെ പറഞ്ഞു.‘കുസുമേഷ് മരിച്ചു പോയി.ഇന്നലെയായിരുന്നു’.അതിന് കുറച്ച് നാര്‍ മുമ്പ് മറ്റൊരു കണ്ടന്‍ പൂച്ച കുസുമേഷിനെ കടിച്ച് വല്ലാതെയാക്കിയെന്നും ദേഷ്യം കൊണ്ട് അവര്‍ എല്ലാവരും അക്രമിയെ കൊടി സുനി എന്ന് വിളിച്ചുവെന്നും പ്രിയ പറഞ്ഞിരുന്നു.അന്ന് പറ്റിയ പരിക്കുകളാണ് കുസുമേഷിന്‍െറ മരണ കാരണം.കുടുംബത്തിലെ ഒരംഗമായി മാറിയ പൂച്ച ചത്തു എന്ന് പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
  പ്രിയയുടെ ഭര്‍ത്താവും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ ചിത്രകാരനും കവിയുമാണ്.കുസുമേഷ് എന്ന തലക്കെട്ടില്‍ ആളൊരു കവിത എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു.കൈയ്യില്‍ കിട്ടാത്തതിനാല്‍ വായിക്കാന്‍ പറ്റിയില്ല.ഏതാണ്ട് 25 വര്‍ഷം മുമ്പ് പ്രിയ എനിക്കൊരു പോസ്റ്റര്‍ സമ്മാനിക്കുകയുണ്ടായി.രണ്ട് കണ്ണും രണ്ട് നിറമുള്ള പൂച്ചയുടേതായിരുന്നു അത്.വീട്ടിലെ അച്ഛന്‍െറ കിടപ്പുമുറിയുടെ ചുമരില്‍ അതിപ്പോഴുമുണ്ട്.
 
പിന്‍ കുറി:ബ്രിട്ടീഷുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്കായി കല്ലറകള്‍ തീര്‍ത്തിരുന്നു.കര്‍ണാടകത്തിലെ മൈസൂര്‍ സര്‍വകലാശാലാ ആസ്ഥാനമായ മാനസഗന്‍ഗോത്രി കാമ്പസിനകത്ത് ഇത്തരത്തില്‍ നായ്ക്കളുടെ ഒരു ശ്മശാനം തന്നെയുണ്ട്.

 വി.ആര്‍.രാജ മോഹന്‍