Sunday, September 14, 2014



മലയാളത്തിനായി മറുനാട്ടിലൊരു മഹാപ്രസ്ഥാനം


  ജന്മനാടും മാതൃഭാഷയും സമ്മാനിക്കുന്ന ഗൃഹാതുരത്വത്തിന്  സമാനതകളില്ല.ചലച്ചിത്ര ഗാനങ്ങളും  തനത് രുചികളുമെല്ലാം എന്നും അതിന് ആക്കം കൂട്ടിയിട്ടേയുള്ളൂ.അവിടെ സംഭവിക്കുന്നതിനെ കാല്പനികതയുടെ അതിപ്രസരമെന്നൊന്നും  പറഞ്ഞാര്‍ക്കും കുറ്റം പറയാനാകില്ല തന്നെ.കേരളത്തെ സംബന്ധിച്ച് മറുനാട്ടില്‍ കഴിയുന്ന ഓരോ മലയാളിയുടെ മനസ്സിലും ഇത്തരം അനവധി സ്വകാര്യ സന്തോഷങ്ങളുണ്ട്. അത്തരം താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അവന്‍െറ ഹൃദയം ആഹ്ളാദം കൊണ്ട്  നിറയും.നേരെ മറിച്ച് അതിനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദു$ഖം പറഞ്ഞറിയിക്കുക വയ്യ.
  മലയാളി മാത്രമല്ല ലോകത്തിന്‍െറ വിവിധ കോണുകളിലെ നിരവധി സമൂഹങ്ങള്‍ ആധുനികവല്‍ക്കരണത്തിന്‍െറ നാളുകളില്‍ ക്രമേണ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം  വേദനയോടെ തിരിച്ചറിയുന്നുണ്ട്.എന്നാല്‍ അതിനെ ഫലപ്രദമായി  ചെറുക്കുന്നതെങ്ങിനെ എന്നറിയാതെ നിരാശതയുടെ പടുകുഴിയില്‍ പെട്ടുഴലുവാന്‍ മാത്രമേ പലര്‍ക്കും കഴിയുന്നുള്ളൂ .അവിടെ സൃഷ്ടിപരമായ നിലപാടുകള്‍ സ്വീകരിച്ച് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയുക എന്നിടത്താണ് കാര്യം.അത്തരത്തില്‍ മലയാളത്തിന്‍െറ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ മറുനാട്ടില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ടെങ്കില്‍ തന്നേയും ദീര്‍ഘദൃഷ്ടിയോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന   ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’എന്ന പ്രസ്ഥാനം വേറിട്ട് നില്‍ക്കുന്നു.
   മലയാളത്തിന് മാത്രമായി പ്രത്യേക സര്‍വകലാശാല രൂപവല്‍ക്കരിക്കപ്പെട്ടപ്പോഴും അതിന്  ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചപ്പോഴും കേരളത്തിലുണ്ടായ സന്തോഷത്തിലുപരി മറുനാട്ടില്‍ അതിനെ ആഘോഷമാക്കിയതില്‍ ഈ സംഘടന  നടത്തിയ ശ്രമങ്ങള്‍ വളരെ വലുതായിരുന്നു. വാസ്തവം പറഞ്ഞാല്‍ മലയാള നാട്ടില്‍ മലയാളത്തെ മറന്നാലും മറുനാട്ടില്‍ അങ്ങനെയൊന്നുണ്ടാകില്ളെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സഹൃദരായ ഒരു കൂട്ടം മലയാളികള്‍.മസ്കറ്റിലെ പ്രവാസി മലയാളികള്‍ക്കിടയില്‍  പ്രവര്‍ത്തിക്കുന്ന ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’തീര്‍ത്തും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറ്റം തുടരുകയാണ്. മലയാള ഭാഷയുടെ ഉന്നമനവും  കേരളീയ സംസ്കാരത്തിന്‍െറ സംരക്ഷണവും മാത്രമാകുന്നു അവരുടെ ലക്ഷ്യം.അവിടെ നൂറുകോടിയുടെ പിന്‍ബലമോ, ശ്രേഷ്ഠഭാഷാ പദവിയുടെ അലങ്കാരമോ അവര്‍ പ്രതീക്ഷിക്കുന്നേയില്ല.സ്വാര്‍ത്ഥ താല്പര്യങ്ങളേതുമില്ലാതെയുള്ള  ഈ ഭാഷാ സ്നേഹികളുടെ ഒത്തൊരുമ കേവലം രണ്ടുവര്‍ഷക്കാലംകൊണ്ട്  പ്രവാസി മലയാളികള്‍ക്കിടയില്‍ നേടിയെടുത്ത സ്ഥാനം ചെറുതല്ല.
  കേരളപ്പിറവി ദിനമടക്കം  മലയാളവുമായി ബന്ധപ്പെട്ട എല്ലാചടങ്ങുകളും മുടക്കമില്ലാതെ സംഘടിപ്പിക്കാന്‍ മലയാളം ഒമാന്‍ ചാപ്റ്ററിന് കഴിഞ്ഞു.മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ ജന്മ-ചരമ ദിനാഘോഷങ്ങളും പ്രമുഖരുടെ എഴുത്തിന്‍െറ  ലോകത്തെ അടയാളപ്പെടുത്തലുകളും അവര്‍ ഓര്‍ത്തെടുത്ത് ആഘോഷിക്കുന്നു. മസ്കറ്റിലെ മറ്റ് മലയാളി സംഘടനകള്‍ക്കിടയില്‍ അസൂയാവഹമായ മുന്‍നിരസ്ഥാനം ഇതിനോടകം തന്നെ  നേടിയെടുക്കാന്‍ മലയാളം ഒമാന്‍ ചാപ്റ്ററിന് കഴിഞ്ഞത് കുറുക്കുവഴികളിലൂടെയല്ല.മറിച്ച് മാതൃകാപരമായ  ഇത്തരം  കാര്യക്ഷമമായ  പ്രവര്‍ത്തനങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ്.  
     പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് സാംസ്കാരിക നായകര്‍ പോലും പൊതുവെ പിന്‍വലിഞ്ഞുനില്‍ക്കുന്ന വര്‍ത്തമാന  സാഹചര്യത്തില്‍  ആര്‍ജ്ജവത്തോടെ  മുന്നോട്ടുപോകുന്ന മലയാളം ഒമാന്‍ ചാപ്റ്ററിന്‍െറ  പ്രവര്‍ത്തനങ്ങളോരോന്നും തീര്‍ത്തും പ്രശംസനീയം തന്നെ.ശ്രേഷ്ഠഭാഷാ പദവിയെചൊല്ലിയുള്ള വിവാദങ്ങളിലും മറ്റുമായി  ഭാഷാപ്രവര്‍ത്തനങ്ങള്‍ കെട്ടുപോകാതെ കാത്ത് സൂക്ഷിക്കുകയാണ് മലയാളം ഒമാന്‍ ചാപ്റ്റര്‍. തൃശൂര്‍ സ്വദേശിയും കവിയുമായ ഡോ. ജോര്‍ജ് ലെസ്ളിയാണ് സംഘടനയുടെ ചെയര്‍മാന്‍. ശിശുരോഗവിദഗ്ദനായ അദ്ദേഹം  സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമാണ്.തന്‍െറ കുട്ടിക്ക് മലയാളം അറിയില്ളെന്ന് പറഞ്ഞ് ഒരിക്കല്‍ അഹങ്കരിച്ചിരുന്ന മലയാളിയെ ഇന്ന് മരുന്നിന് പോലും മറുനാട്ടിലൊരിടത്തും കാണാന്‍ കഴിയില്ളെന്ന് ഡോ. ജോര്‍ജ് ലെസ്ളി തറപ്പിച്ച് പറയുന്നു.അയര്‍ലന്‍്റില്‍ ഭിഷഗ്വരവൃത്തിയിലേര്‍പ്പെട്ടിട്ടുള്ള ഡോ. ജോര്‍ജ് ലെസ്ളിയെ സംബന്ധിച്ചിടത്തോളം തന്‍്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇത്തരമൊരു സംരഭത്തിന് പ്രേരിപ്പിച്ചത്.മുമ്പൊക്കൊ മലയാളം മക്കള്‍ക്കറിയില്ളെന്ന് പറഞ്ഞ് പൊങ്ങച്ചം നടിച്ചിരുന്ന പല രോഗികളും തന്‍്റെ മുന്നില്‍ വന്നിരുന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നു.വികലമായ ഭാഷാപ്രയോഗം അന്തസ്സല്ല മറിച്ച് അപമാനമാണെന്ന് വൈകിയെങ്കിലും പ്രവാസി മലയാളികള്‍ സ്വയം  മനസ്സിലാക്കി.അന്ധമായി പാശ്ചാത്യ സംസ്കാരത്തിന്‍െറ പിന്നാലെ പോയതിന്‍െറ വൈഷമ്യങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പുതിയ തലമുറയെ ശരിയുടെ മാര്‍ഗത്തിലേക്ക് തിരിച്ച് കൊണ്ടു വരുവാനുള്ള ഏക ഒൗഷധം നമ്മുടെ മാതൃഭാഷയും സ്വന്തം നാടിന്‍െറ സവിശേഷമായ പൈതൃകങ്ങളും പാരമ്പര്യങ്ങളുമാണെന്ന് മറുനാടന്‍ മലയാളിയെ പ്രത്യേകിച്ച് കൊടുക്കേണ്ടതില്ല.അദ്ദേഹം വിശദീകരിച്ചു.
  നന്മയുടേയും കാരുണ്യത്തിന്‍േറയും കഥകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുക എന്നത് അസാധ്യമായ ഒന്നല്ളെന്ന് തങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞതായി വൈസ് ചെയര്‍മാന്‍ ഗുരുവായൂര്‍ സ്വദേശി  മുഹമ്മദ് അന്‍വര്‍ പറയുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി റമദാന്‍ കാലത്ത് സംഘടിപ്പിച്ച വിവിധ  മതസ്തരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താറുകളില്‍ എല്ലാവരും ചേര്‍ന്നുള്ള ഭക്ഷണം എന്നതിനോടൊപ്പം മണലാരണ്യങ്ങളിലെ കൂടാരങ്ങളില്‍  പണ്ട് കാലത്തുള്ളവര്‍ പറഞ്ഞ് കൊടുത്തിരുന്ന കാരുണ്യത്തിന്‍െറ സന്ദേശങ്ങള്‍ അടങ്ങിയ തെളിനീരുറവകളായ കഥകള്‍ അയവിറക്കാനായിരുന്നു   ചാപ്റ്റര്‍ ശ്രദ്ധിച്ചത്.‘പുണ്യ നിലാവും കാരുണ്യത്തിന്‍െറ കഥകളും’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പരിപാടി ഉചിതമായി എന്നതിന്‍െറ  അനുരണനങ്ങള്‍  കണ്ടു തുടങ്ങിയതിന്‍െറ  അഭിമാനത്തിലാണ് ഞങ്ങള്‍.ഫുല്ല ഗ്രൂപ്പ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
     ഗതകാല സ്മരണകള്‍ ഉയര്‍ത്തുന്ന ഓണത്തിന്‍െറ നന്മ നിറഞ്ഞ അനുഷ്ടാനങ്ങളുടെ പുനരാഖ്യാനത്തിലൂടെ മലയാള ദേശത്തിന്‍െറ സമൃദ്ധമായ പഴയ കാലത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവും സംഘടന നിര്‍വഹിച്ച് പോരുന്നു.ചാപ്റ്ററിന്‍െറ പ്രവര്‍ത്തനം ഇതിനോടകം അയര്‍ലന്‍്റില്‍ ആരംഭിച്ച് കഴിഞ്ഞു.ദുബൈ ,ഖത്തര്‍,കുവൈത്ത്,ബഹറിന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി അത് വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുമുണ്ട്. തന്‍െറ തിരക്കിട്ട ബിസിനസിനിടയിലും  ചാപ്റ്ററിന്‍െറ  ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍  കണ്ണൂര്‍ സ്വദേശിയായ അജിത് പനിച്ചിയില്‍ സമയം കണ്ടത്തെുന്നു. പ്രവാസികളുടെ ഏതുപ്രശ്നങ്ങള്‍ക്കും  പരിഹാരവുമായി  അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ട്്്്്. മലപ്പുറം സ്വദേശിയായ സദാനന്ദന്‍െറ കൈകളില്‍ മലയാളം ഒമാന്‍ ചാപ്റ്ററിന്‍െറ ട്രഷറി ഭദ്രമാണ്.  കോ ഓര്‍ഡിനേറ്റര്‍മാരായ ആലപ്പുഴയില്‍ നിന്നുള്ള സുധീര്‍ രാജനും  തൃശൂരില്‍ നിന്നുള്ള ലതീശ് തിലകനും ചാപ്റ്ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏകീകരിപ്പിക്കുന്ന കാര്യത്തില്‍ ഒരേ മനസ്സാണ്. മലയാള മാമാങ്കം എന്ന വാര്‍ഷിക ആഘോഷത്തിന്‍െറ വിജയം ഇതിനൊരു ഉദാഹരണം മാത്രം.
  മലയാളത്തെ പരിപോഷിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ അവരുടെ ദീര്‍ഘ ദൃഷ്ടിയുടെ തെളിവാണ്.മിഡില്‍ ഈസ്റ്റില്‍ മലയാളത്തെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമം ദിനപത്രം നിര്‍വഹിക്കുന്ന പങ്കിനെ കൃത്യമായി വിലയിരുത്തികൊണ്ടാണ് അതിന്‍െറ മുഖ്യ സൂത്രധാരനായ ഗള്‍ഫ് മലയാളം ചീഫ് എഡിറ്റര്‍ വി.കെ.ഹംസാ അബ്ബാസിനെ   മലയാള മാമാങ്കത്തില്‍ പ്രത്യേകമായി ആദരിച്ചത്.മലയാളത്തിന്‍െറ പ്രിയപ്പെട്ട എഴുത്തുകാരായ എം.മുകുന്ദനേയും ടി.പി .രാജീവനേയും അതേ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.വായനാ ദിനാചരണവും യുവ പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും ചാപ്റ്റര്‍ ഏറ്റെടുത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.മലയാളികള്‍ നെഞ്ചേറ്റിയ വൈക്കം മുഹമ്മദ് ബഷീറിനേയും കമലാ സുരയ്യയേയും വരുംതലമുറക്ക് പരിചയപ്പെടുത്തുന്ന പല തലത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടകം ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’ നടത്തി കഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട്ട് പ്രവാസി കലാകാരനായ രവി ചാവക്കാട് വരച്ച കമലാ സുരയ്യുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം വേറിട്ട അനുഭവമായി രുന്നു.ഇതിനൊക്കൊ പുറമെ  നാട്ടിലും ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആരംഭം കുറിച്ചിട്ടുണ്ട്.ആദ്യപടിയായി മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.കൂടാതെ പുതുതലമുറയുടെ ഹൃദയത്തില്‍ മാതൃഭാഷയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കും വിധമുള്ള വ്യത്യസ്തമാര്‍ന്ന  സാഹിത്യ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നു.
  എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളവുമുണ്ടാകണമെന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ തുടക്കമിട്ട മലയാളം മിഷന്‍െറ    മസ്കറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കനായി സംസ്ഥാന സര്‍ക്കാര്‍ ചുമതലപെടുത്തിയിരിക്കുന്നത് മലയാളം ഒമാന്‍ ചാപ്റ്ററിനെ തന്നെയാണെന്ന് അറിയുമ്പോള്‍ ഈ പ്രസ്ഥാനത്തിന്‍െറ ഉള്‍ക്കരുത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ല.പ്രകൃതി പരിപാലനവും പ്രത്യാശയും എന്ന മുദ്രാവാക്യവുമായി ചാപ്റ്റര്‍ പുറത്തിറക്കിയ ‘ഭൂമിപാഠങ്ങള്‍’എന്ന സ്മരണികയുടെ ഉള്ളടക്കം വൈഞ്ജാനിക സാഹിത്യത്തിനൊരു മുതല്‍കൂട്ടാണ്.മലയാള ഭാഷയിലും വായനാശീലത്തിലും കുട്ടികളിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുവാന്‍ ഇന്ത്യന്‍ സ്കൂളുകളിലെ മലയാള അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച മലയാള പാഠശാല ശരിയായ ദിശയിലേക്കുള്ള ഉറച്ച കാല്‍ വെയ്പ്പായിരുന്നു.
  സാമ്പത്തികമായി  അവശതയനുഭവിക്കുന്ന കലാകാരന്മാരെയും മണ്‍മറഞ്ഞു പോയ സാഹിത്യകാരന്മാരുടെ ബുദ്ധിമുട്ടനുഭവിക്കുന്ന  കുടുംബങ്ങളേയും സഹായിക്കുക എന്ന മഹത്തായൊരു ലക്ഷ്യത്തിലാണ്  ‘മലയാളം ഒമാന്‍ ചാപ്റ്റര്‍’ ഭാരവാഹികളിപ്പോള്‍.അതോടൊപ്പം യുവ കലാകാരന്മാര്‍ക്കും  സാഹിത്യ പ്രവര്‍ത്തകര്‍ക്കും  സമൂഹമധ്യത്തില്‍ അന്തസ്സോടെ തങ്ങളുടെ സപര്യ നിര്‍വഹിക്കാനാവശ്യമായ എന്ത്  സഹായവും ചെയ്യാനും  ഒരുക്കമാണെന്നും അര്‍ത്ഥശങ്കക്കിട നല്‍കാതെ അവര്‍ പറയുമ്പോള്‍ ഒരു കാര്യം നിശ്ചയമായും ഉറപ്പിക്കാം.മലയാളവും കേരള സംസ്കാരവും അന്യം നിന്ന് പോകാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല തന്നെ.

വി.ആര്‍.രാജ മോഹന്‍

വിപണിയിലായിരുന്നുവല്ളോ ഓണം ?

അങ്ങനെ ഒരോണം കൂടി കടന്നു പോയി.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക വിദഗ്ദര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ മലയാളി മുണ്ട് മുറുക്കിയുടുത്ത് തങ്ങളുടെ ഓണം കെങ്കേമമാക്കി.സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ പെട്ട തൊഴിലെടുക്കുന്നവര്‍ എല്ലാം തന്നെ ബോണസ് ഓണവിപണിയില്‍ അടിച്ച് പൊളിച്ചു.വ്യവസായികളും വ്യാപാരികളും സ്വയം തൊഴില്‍  കണ്ടത്തെിയവരുമൊക്കെയായിട്ടുള്ള  മുതലാളിമാരും തങ്ങളുടെ ലാഭത്തിന്‍്റെ തോത്  അനുസരിച്ച് ഓണം ആഘോഷിക്കുകയുണ്ടായി.
വിപണിയുടെ സകല സാധ്യകളും പരീക്ഷിക്കുന്ന കേരളത്തിലെ ഏക ഉത്സവം ഏതെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി പറയാം.-ഓണം.ഉത്തരേന്ത്യയില്‍ ഹോളിയും ദക്ഷിണേന്ത്യയില്‍ ദീപാവലിയും കഴിഞ്ഞാല്‍ ഒരുപക്ഷേ ഇന്ത്യയില്‍ വിപണിയെ കൂടുതല്‍ സ്വാധീനിക്കുന്ന ഉത്സവം കേരളത്തിലെ ഓണം തന്നെയാണെന്നതില്‍ സംശയം വേണ്ടതില്ല.
 ഓണമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരുടേയും മനസ്സില്‍ ആദ്യം തെളിയുന്നത് പലവര്‍ണങ്ങളാല്‍ തീര്‍ത്ത പൂക്കളം തന്നെ.വള്ളം കളിയും കുമ്മാട്ടിയും പുലികളിയുമൊക്കെയായി ദേശദേശാന്തരങ്ങളില്‍ വെവ്വേറെ ആഘോഷങ്ങള്‍ വേറെയും.അച്ചടി മാധ്യമങ്ങളിലെ പ്രത്യേകിച്ച്  ആഴ്ചപ്പതിപ്പകളിലും വാരാന്തപ്പതിപ്പുകളിലും കാലങ്ങളായി നല്‍കി വരുന്ന എഴുത്തും ചിത്രങ്ങളും മലയാളിയുടെ ബോധമണ്ഡലങ്ങളില്‍ സൃഷ്ടിച്ച ചില ഇമേജുകളുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നേരത്തെ സൂചിപ്പിച്ച പൂക്കളം.അതിന് പുറമെ ഓണവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ആചാരാനുഷ്ടാനങ്ങളുടെ ഫോട്ടോ ഗ്രാഫുകളും മനുഷ്യമനസ്സുകളെ സ്വാധീനിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട.വീട്ടുമുറ്റത്തെ മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും വീട്ടുമുറ്റത്തെ തിരുവാതിര കളിയും മൈതാനങ്ങളിലെ കേളീ വിനോദങ്ങളുമൊക്കൊ അത് പോലെ തന്നെ മലയാളികളുടെ മനസ്സില്‍ മറ്റ് ചില ഇമേജുകളായി തീര്‍ന്നു.ദൗര്‍ഭാഗ്യവശാല്‍ വീടുകളുടെ മുന്നില്‍ മുറ്റങ്ങളും അവിടത്തെ മാവുകളും അതിലെ ഊഞ്ഞാലുകളും  ക്രമേണ ഇല്ലാതാകുകയും പകരം പേവേഴ്സ്(മുറ്റം മുഴുവന്‍ നിരത്തി വിരിക്കുന്ന ടൈലുകള്‍)നിറയുകയും ചെയ്തു.മൈതാനങ്ങളില്‍ ബഹുനില കോണ്‍ക്രീറ്റ് കാടുകള്‍ മുളച്ച് പൊന്തി.
  പറഞ്ഞ് വന്നത്  ഓണം പോലെയുള്ളൊരു സാംസ്കാരിക പ്രാധാന്യമുള്ള കാര്‍ഷികോത്സവത്തെ മനുഷ്യമനസ്സുകള്‍ എങ്ങിനെ ഏറ്റെടുക്കുന്നു എന്നതിലേക്കുള്ള ചെറിയൊരു അന്വേഷണമാണ്.ഗവേഷണ പ്രാധാന്യമുള്ള വിശാല വിഷയത്തെ കേവലമൊരു ലേഖനത്തില്‍ ഒതുക്കാവുന്നതല്ല.അന്വേഷണത്തിന്‍്റെ തുടര്‍ച്ചയായി മറ്റൊരു കാര്യവും പറയേണ്ടതുണ്ട്.മുമ്പ് പറഞ്ഞ അച്ചടി മാധ്യമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം വലിയൊരളവോളം മലയാളികളെ കാര്യമായി തന്നെ സ്വാധീനിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പുതു തലമുറയുടെ ഓണത്തെ സങ്കല്പങ്ങള്‍ മുഴുവന്‍ അങ്ങനെ വിഷ്വല്‍ മീഡിയയില്‍ നിന്ന് ലഭിച്ചതാണെന്ന് ഉറപ്പിച്ച് തന്നെ പറയാം. അതിന്‍്റെ കാരണം വളരെ ലളിതവുമാണ്.കൂട്ടു കുടുംബങ്ങളായി കഴിഞ്ഞിരുന്ന കേരള സമൂഹം അതി വേഗമാണ് അണുകുടുംബ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയത് .അവിടെ ഓണത്തിന്‍്റെ ഐതിഹ്യങ്ങളോ സാരോപദേശ കഥകളോ പറഞ്ഞ് കൊടുക്കാന്‍ മുത്തശ്ശനോ മുത്തശ്ശിയോ പലപ്പോഴും ഇല്ലാതെ പോകുന്നു.അവരെ എത്രയും വേഗം വൃദ്ധ സദനങ്ങളിലാക്കാനുള്ള തിരക്കിലാണല്ളോ മലയാളി.ഇപ്പോള്‍ പൂര്‍ണമായിട്ടില്ളെങ്കിലും അധികം വൈകാതെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്ന് പറഞ്ഞാല്‍ ആക്ഷേപ ഹാസ്യമല്ല ,മറിച്ച് ക്രൂരമായ യാഥാര്‍ത്ഥ്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി മാത്രമേ അതിനെ വിലയിരുത്തുവാന്‍ പാടുള്ളൂ.അവശേഷിക്കുന്ന മുതിര്‍ന്നവരാകട്ടെ സന്ധ്യാനേരത്തുള്ള പൈങ്കിളി ടെലിവിഷന്‍ സീരിയലുകളിലെ ഹതഭാഗ്യരായ കഥാപാത്രങ്ങളുടെ ദുരന്തജീവിതത്തെ കുറിച്ച് വേപഥു പൂണ്ട് കഴിയുന്നവരുമായി മാറി.
  അങ്ങനെയൊക്കൊ മാധ്യമങ്ങളിലൂടെ നിശ്ചയിക്കപ്പെട്ട മലയാളിയുടെ ബോധമണ്ഡലത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഏഴുകടലുകള്‍ക്കപ്പുറമിരിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ തലതൊട്ടപ്പന്മാര്‍.മൂന്നരക്കോടി വരുന്ന മലയാളിയുടെ ശീലുകളെ കുറിച്ച് അവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല.യാതൊരു പണിയുമില്ലാത്ത മലയാളിക്കും  സെല്‍ ഫോണ്‍ ‘നെസസ്സിറ്റി’യായി മാറിയെന്ന കാര്യം ഈ ‘എമ്മെന്‍സീ’ സീ.ഇ.ഒ മാര്‍ക്ക് വളരെ കിറുകൃത്യമായി അറിയാം.മലയാളിയുടെ മൊബൈല്‍ സാക്ഷരത 300ശതമാനം(മിക്കവര്‍ക്കും രണ്ടിലേറെ മൊബൈലുകളും അതിലും കൂടുതല്‍ സിം കാര്‍ഡുകളുമുണ്ട്)കഴിഞ്ഞത് കൊണ്ട് മാത്രമാണല്ളോ  ടച്ച് മോഡല്‍ അടക്കം പുതുപുത്തന്‍ ഐറ്റങ്ങള്‍ ദിനേന എന്നോണം വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്.‘വാട്ട്സപ്പ’ടക്കമുള്ള പുതിയ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ അവര്‍ മാര്‍ക്കറ്റില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്നതും മലയാളിയുടെ മന$ശാസ്ത്രം കൃത്യമായി അറിയുന്നത് കൊണ്ട് മാത്രമാണ്.അതിന് ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തം മലയാളിയുടെ സ്വന്തം പൊന്നോണമാണെന്ന് അറിയുന്ന പ്രമുഖ മൊബൈല്‍ കമ്പനികള്‍ ഒക്കൊ തന്നേയും വിപണി കീഴടക്കാനുള്ള മുന്നൊരുക്കള്‍ വളരെ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.തങ്ങളുടെ ‘മാര്‍ക്കറ്റ് ഷെയര്‍’ എങ്ങിനേയും വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അതിസൂഷ്മമായി നടത്തുവാനും അവര്‍ക്ക് കഴിയുന്നുണ്ട്.ചുരുക്കത്തില്‍ ഓണമെന്ന മലയാളിയുടെ മാവേലിയുമായി ബന്ധപ്പെട്ട മഹോത്സവത്തെ ഫോണമെന്ന് പുനര്‍നിര്‍വചിക്കും വരെയത്തെി കാര്യങ്ങള്‍.
ദേശീയ തലത്തില്‍ വലിയ ബിസിനസ്സ് നടത്തുന്ന മിക്കവാറും എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കേരളീയന്‍്റെ പോക്കറ്റിന്‍്റെ കനത്തെ കുറിച്ച് അന്വേഷിക്കുന്ന കാലം.പരസ്യകമ്പനികളിലെ കോപ്പി റൈറ്റര്‍മാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാന്‍ ഇതിലും  പറ്റിയ മറ്റൊരു സമയമില്ല തന്നെ.ഐതിഹ്യങ്ങളെ കീറിമുറിച്ച് പുതിയകാലവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള സകല സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തും.മഹാബലിയുടെ പ്രീതിപിടിച്ചു പറ്റാന്‍ തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിക്കൂ എന്നാണ് അതിവേഗം വിപണി കീഴടക്കുന്ന ഒരു പ്രമുഖ ബ്രാന്‍ഡ് തങ്ങളുടെ പരസ്യ വാചകത്തില്‍ ഉപയോഗിക്കുന്നത്.മറ്റൊരു ബ്രാന്‍ഡ് കണ്ടത്തെിയത് ‘ഫോണ സദ്യ’യാണ്.ഇതടക്കമുള്ള വിവരങ്ങള്‍ എഴുതി ചേര്‍ത്ത കൂറ്റങ്ങള്‍ ഹോര്‍ഡിങ്ങുകള്‍ നാടായ നാട്ടിലൊക്കൊ ഓണത്തിന് മുമ്പായി ഉയര്‍ന്നത് മാര്‍ക്കറ്റിങ്ങ്  സ്ട്രാറ്റജികള്‍ സമയത്ത് പാലിക്കുന്നതിനാല്‍ മാത്രമാണ്.      
  ഗതകാല സുഖസ്മരണകള്‍ മാത്രം സമ്മാനിക്കുന്ന, സന്തോഷവും സമാധാനവും ഐശ്വര്യവും എന്ന് വേണ്ട എല്ലാ മൂല്യങ്ങളേയും മുറുകെ പിടിച്ച് നന്മയുടെ വെളിച്ചം പകരുന്ന ഒന്നായി  ഓണമെന്ന ആഘോഷത്തെ അവതരിപ്പിക്കാന്‍ പണ്ട് ചരിത്രകാരന്മാര്‍ക്കും പിന്നീട് സാഹിത്യനായകര്‍ക്കും കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ പാരമ്പര്യം പിന്‍പറ്റുന്നത് അഡ്വര്‍ടൈസിങ്ങ് ഏജന്‍സികളിലെ കോപ്പിറൈറ്റര്‍മാരാണെന്ന് മാത്രം.അങ്ങനെ അവര്‍ പുതിയ കാലത്തെ ചരിത്രമെഴുത്തുകാരായി മാറുന്നു.
മുമ്പൊക്കൊ ഓണക്കാലമടുത്താല്‍ വിപണിയില്‍ മിക്സിയും ഗ്രൈന്‍ഡറും ഇസ്തിരിപ്പെട്ടിയടക്കമുള്ള  വൈദ്യുതി ഉപകരണങ്ങള്‍ ,തയ്യല്‍ മെഷിനുകള്‍ ,ഫോം ബെഡുകള്‍,സ്റ്റീല്‍ അലമാരകള്‍,തുടങ്ങിയ വിവിധങ്ങളായ ഉല്പന്നങ്ങളാണ്  വന്‍ ഓഫറോടെ ഓണവിപണിയെ ലക്ഷ്യം വെച്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നത്.പിന്നീട് ഫ്രിഡ്ജും ടെലിവിഷനും വാഷിങ്ങ് മെഷിനുമൊക്കൊയായി.ടി.വിയാകട്ടെ വളഞ്ഞതില്‍ തുടങ്ങി പരന്ന് വീണ്ടും വളഞ്ഞ് വിവിധ രൂപങ്ങള്‍ കൈവരിച്ചു. വീട്ടിലേയും നാട്ടിലേയും ഓണക്കളികള്‍ മാറ്റിവെച്ച് വെക്കേഷന്‍ കാലം വാട്ടര്‍ തീംപാര്‍ക്കുകളില്‍ ചെലവഴിക്കാനായിരിക്കും ന്യൂ ജനറേഷന് താല്പര്യം.പായസത്തിനും സദ്യക്കുമായി  ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ കേന്ദ്രങ്ങളാണ്  തുടങ്ങുന്നത്.മുക്കിനും മൂലയിലും  ഇതിനുള്ള ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.പതിവ് പോലെ ഓണാവധി  കണക്കാക്കി സിനിമകളും   റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.
  പുതിയ പ്രവണതകളൊന്നും തന്നെ ശരിയല്ളെന്നും പഴയതെല്ലാം മാത്രമാണ് ശരി എന്നുമുള്ള അടി പതറാത്ത നിലപാടുകള്‍ ശക്തമായി വെച്ച് പുലര്‍ത്തുന്ന തീരെ കുറവല്ലാത്ത ഒരു സമൂഹം നമുക്കിടയിലുണ്ട്.അവരാകട്ടെ നിരന്തരം  വരട്ട് തത്വവാദികള്‍ എന്ന ആക്ഷേപത്തിന് ഇരയായി കൊണ്ടിരിക്കുകയുമാണ്.ഇക്കൂട്ടരെ അടച്ചാക്ഷേപിക്കുന്നതില്‍ ആസ്വാദ്യത കണ്ടത്തെുന്ന മറുപക്ഷവും അത് പോലെ തന്നെ സജീവമാണ്.അതി സങ്കീര്‍ണമായ ഇത്തരം വിഷയങ്ങളില്‍ ശരി തെറ്റുകള്‍ പലപ്പോഴും ആപേക്ഷികങ്ങളായിരിക്കും.അക്കാരണത്താല്‍ തന്നെ കൃത്യമായ ഒരു തീര്‍പ്പ് കല്പിക്കുക എന്നത് അസാധ്യമാണ്.ഇതാണ് അവസാന വാക്ക്,ഇതല്ലാതെ മറ്റൊരു തെരെഞ്ഞെടുപ്പ് സാധ്യമായിരിക്കില്ല തുടങ്ങിയ പല്ലവികള്‍ക്ക് അത്ര കണ്ട് വില കല്പിക്കേണ്ടതില്ല.പഴമയും പുതുമയും സമന്വയിക്കുന്ന ബുദ്ധിപൂര്‍വമായ സമീപനമാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ കരണീയം.വാസ്തവത്തില്‍ മധ്യമാര്‍ഗമെന്ന ചിന്താധാരയുടെ പ്രസക്തി തെളിയുന്നത് ഇവിടെയൊക്കെയാണ്.
  ആധുനിക വിനിമായസമ്പ്രദായങ്ങള്‍ പ്രാവര്‍ത്തികമാകും മുമ്പ്  ബാര്‍ട്ടര്‍ സമ്പ്രദായം നിലനില്‍ക്കുന്ന പഴയകാലത്ത് പൊതുവെ എന്തിനും ഏതിനും പകരം നല്‍കിയിരുന്നത് ഒന്ന് മാത്രം.നെല്ല്.ഓണക്കാലത്ത്  ഓണവില്ല് തുടങ്ങി   കാരണവന്മാര്‍ക്കുള്ള മെതിയടി വരെ അങ്ങിനെയാണ് കുടുംബങ്ങളില്‍ എത്തിയിരുന്നത്.ഓണക്കോടി എന്നത് ലഭിക്കാന്‍ അടുത്ത ഒരു വര്‍ഷം വരെ കാത്തിരിക്കണമായിരുന്നു.എന്നാലിന്നോ എല്ലാ മാസവുമെന്നോണം എല്ലാവരും പുതു വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കി.ഒരു പ്രത്യേക ചടങ്ങിന് പോകണമെങ്കില്‍ പുതിയ  വസ്ത്രം  ആഡംബരമല്ലാതായി. ആദ്യമൊക്കൊ കുട്ടികള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ബാധകമായി.
   ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഓണത്തിന് മാത്രം ലഭ്യമായ പലഹാരങ്ങളായിരുന്നു. ബേക്കറികള്‍ പെരുകിയതോടെ അതെല്ലാം കൈവെള്ളയില്‍ ഏത് നേരവും ലഭിക്കുമെന്നായി.നാടൊട്ടുക്ക്  ചിപ്സ് സെന്‍്ററുകളും വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി തീര്‍ന്നു.ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചതോടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.കാലം മാറിയപ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങളും മാറി.കൂട്ടുകുടുംബങ്ങള്‍ അന്യം നിന്നതോടെ തറവാടുകള്‍ പൊളിച്ച് മാറ്റപ്പെട്ടു.അവയങ്ങനെ പല പല വീടുകളായി മാറി.അതോടെ  അവിടെയെല്ലാം ആധുനിക ഗൃഹോപകരണങ്ങള്‍ അത്യാവശ്യമായി. മിക്കവാറും കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന അവസ്ഥയില്‍ വീട്ടുജോലികള്‍  എളുപ്പത്തില്‍ പൂര്‍ത്തീകരിക്കേണ്ടത് ആവശ്യമായി തീര്‍ന്നു.അങ്ങനെ അരകല്ലിന് പകരം മിക്സിയും ഗ്രൈന്‍ഡറും അലക്ക് കല്ലിന് പകരം വാഷിങ്ങ് മെഷിനും പുകയടുപ്പിന്പകരം  ഗ്യാസടുപ്പും ഇലക്ട്രിക് ഓവനും കുക്കിങ്ങ് റേഞ്ചും ഇന്‍ഡക്ഷന്‍ കുക്കറുമൊക്കൊ സ്വാഭാവികമായും കടന്ന് വന്നു.
  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നുവെന്ന ആക്ഷേപത്തിന് അറുതി വന്നിട്ടില്ളെങ്കില്‍ തന്നേയും പൊതുവെ സമൂഹത്തില്‍ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ.വായ്പാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബാങ്കുകാര്‍ സ്വീകരിക്കാന്‍ തുടങ്ങിയ ഉദാര സമീപനം തന്നെയാണ് പ്രധാനമായും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് വഴിവെച്ചത്.
ഇരു-ചതുഷ് ചക്ര വാഹനങ്ങള്‍ക്കും  വായ്പ സരളമായ നടപടികളിലൂടെ ലഭിക്കുമെന്ന് വന്നതോടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീയും കഴിഞ്ഞ കുറേ നാളുകളായി ഉണര്‍വിലാണ്.ഓണ വിപണിയില്‍ അവരും കണ്ണ് വെക്കുന്നുണ്ടെന്ന് അറിയുമ്പോള്‍  കോര്‍പറേറ്റുകളുടെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജികളെ നിസ്സാരവല്‍ക്കരിക്കാനാവില്ല.
  ഓണത്തിന്‍്റെ പ്രൗഡിയും പകിട്ടും വര്‍ണിക്കുമ്പോള്‍ പഴയ കാലത്ത് സമൂഹത്തില്‍ നിലനിന്ന ശക്തമായ  വര്‍ഗവ്യത്യാസത്തെ കുറിച്ച് ചരിത്രകാരന്മാര്‍ വേണ്ട പോലെയുള്ള രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.മധ്യവര്‍ഗത്തിന്‍്റേയും സമ്പന്നരുടേയും കാര്യങ്ങളിലാണ് മിക്കപ്പോഴും അവര്‍ ഊന്നല്‍ നല്‍കുന്നത്.
 ദാരിദ്ര രേഖക്ക് താഴെ കഴിഞ്ഞിരുന്ന സമൂഹത്തിലെ അടിസ്ഥാന വര്‍ഗവും ഓണാഘോഷത്തില്‍ സജീവമായി പങ്കെടുത്ത് പോന്നിരുന്നു.അസ്പൃശ്യരായ ഈ സമൂഹത്തിന്‍്റെ വിശേഷങ്ങള്‍ക്ക് പുറമെ നിന്ന് നോക്കുമ്പോള്‍ വര്‍ണങ്ങളിലില്ലാത്തവയാണെന്ന്് തെറ്റിദ്ധരിച്ചവരുമുണ്ട്.ഈ ജനതയുടെ   ഓണത്തിന് പുറമെ നിന്ന് നോക്കുമ്പോള്‍ പകിട്ടൊന്നും കാണാന്‍ സാധിച്ചില്ളെന്നിരിക്കാം.ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്  കുമ്പിളില്‍ തന്നെയാണ്് കഞ്ഞി എന്ന പഴയ ചൊല്ളൊക്കൊ അങ്ങനെയായിരിക്കാം രേഖപ്പെടുത്തപ്പെട്ടത്.ചാതുര്‍വര്‍ണ്യ സംസ്ക്കാരത്തിന്‍്റെ ഭാഗമായി സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടു കൂടായ്മയും തീണ്ടിക്കുടായ്മയുമുള്‍പ്പെടെയുള്ള അയിത്താചാരങ്ങള്‍ മൂലം ഏറെ കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച അടിസ്ഥാന വര്‍ഗങ്ങളാകട്ടെ സാമൂഹികവും സാമ്പത്തികവുമായ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് ഏറ്റവും ആഹ്ളാദം  നിറഞ്ഞ ഓണമായിരിക്കാം  അന്ന് ആഘോഷിച്ചിരുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ വര്‍ത്തമാന കാലത്ത്  എല്ലാവര്‍ക്കുമായി വിശാല വിസ്്തൃതമായി വിപണി തുറന്ന് കിടക്കുമ്പോള്‍ മാവേലിയുടെ കാലത്തെ മാനുഷരെല്ലാം ഒന്ന് പോലെയെന്ന പഴമൊഴിക്ക് വീണ്ടും പ്രസക്തിയേറുന്നു.

വി.ആര്‍.രാജ മോഹന്‍

Friday, September 12, 2014

സ്വകാര്യ അഹങ്കാരങ്ങളായി എന്‍്റെ പ്രിയപ്പെട്ട എച്ച്.എം.ടി വാച്ചുകള്‍


  ഗൃഹാതരത്വം നിറയുന്ന എച്ച്.എം.ടി വാച്ചുകള്‍ ഉല്പാദനം നിര്‍ത്തുന്നതായ വാര്‍ത്ത പത്രങ്ങളുടെ മുന്‍ പേജുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ മിക്കവാറും എല്ലാ ഇന്ത്യാക്കാരുടേയും മനസ്സില്‍  ഒരു നീറ്റലുണ്ടാക്കിയിട്ടുകും എന്ന് തീര്‍ച്ച.രാവിലെ വാര്‍ത്ത  വായിച്ച ഉടനെ തന്നെ സ്റ്റീല്‍ അലമാരക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ട് വാച്ചുകള്‍ പുറത്തെടുത്തു.മകന്‍ ഗൗതമന്‍്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മൈക്രോമാക്സില്‍ അവന്‍ തന്നെ ചിത്രമെടുത്ത് തന്നു.അച്ഛന് വൈകാരികമായതാണ് അതെന്ന് നേരത്തെ തന്നെ അവന് അറിയാം.എങ്ങനെ ആ രണ്ട് എച്ച്.എം.ടി വാച്ചുകള്‍ എനിക്ക് പ്രിയപ്പെട്ടതായി എന്ന് ഇന്നെങ്കിലും എഴുതേണ്ടതുണ്ട്.അല്ളെങ്കില്‍ തന്നെ എച്ച്.എം.ടി വാച്ചുകളെ കുറിച്ച് ബ്ളോഗില്‍ ഒരു പോസ്റ്റ്  എഴുതണമെന്ന് മനസ്സില്‍ ആഗ്രഹിച്ചിട്ട് കാലം കുറേയായി.
 ചിത്രത്തില്‍ വലത് വശത്ത് കാണുന്ന വാച്ച് എനിക്ക് അമ്മാവന്‍ വാങ്ങിച്ച് തന്നതാണ്.എസ്.എസ്.എല്‍.സി പരീക്ഷ എഴുതി നില്‍ക്കുന്ന കാലം.ഫസ്റ്റ് ക്ളാസ് കിട്ടുകയാണെങ്കില്‍ നിനക്കൊരു വാച്ച് വാങ്ങി തരാമെന്ന് ്പത്താം ക്ളാസില്‍ എത്തിയപ്പോള്‍ മുതല്‍ അമ്മാവന്‍ പറഞ്ഞു കൊണ്ടിരുന്നതാണ്.അതിന്‍ പ്രകാരം ഞാന്‍ പ്രത്യേകിച്ച് പഠിത്തം ഊര്‍ജ്ജിതമാക്കിയൊന്നുമില്ല.പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ വാച്ച് കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന സത്യം ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു.പിന്നെ ചോദ്യമായി.എത്ര കിട്ടും?.340 കിട്ടുമോ?.അങ്ങനെയെങ്കില്‍ ഞാന്‍ വാക്ക് പാലിക്കാം.ഞാന്‍ ധൈര്യമായി കാച്ചി.അത് ഉറപ്പ്.റിസല്‍റ്റ് വരും വരെ അങ്ങനെ ഒരു ഉറപ്പും എനിക്ക് ഉണ്ടായിരുന്നില്ളെന്നതാണ് സത്യം.ഒടുവില്‍ ഫലം വന്നപ്പോള്‍ മാര്‍ക്ക് 347.പെരുമ്പാവൂരിലെ അരിസ്റ്റോ  എന്ന വാച്ച് കടയില്‍ അമ്മാവനും അമ്മായിയും ഞാനും കൂടെ പോയിട്ടാണ് വാച്ച് സെലക്റ്റ് ചെയ്തത്.വിജയ് എന്ന മോഡല്‍.ഡയലിന്‍്റെ നിറം ബ്ളൂ ബ്ളാക്ക്.വില ഞാന്‍ മറന്ന് പോയി.പെരുമ്പാവൂരിലെ ട്രാവണ്‍കൂര്‍ റയോണ്‍സ് കമ്പനിയിലെ പേഴ്സണല്‍ മാനേജരായിരുന്നു അമ്മാവന്‍ കെ.എ.കൃഷ്ണന്‍.
 എന്തായാലും കാലടിയിലെ ശ്രീശങ്കര കോളജില്‍ 1978ല്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ കൈയ്യില്‍ ആദ്യമായി എനിക്കൊരു വാച്ച് ധരിക്കാന്‍ സാധിച്ചു.വീട്ടില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ട വാച്ച് ഫേവര്‍ ലൂബയായിരുന്നു.അമ്മയുടെ കുഞ്ഞ് ലേഡീസ് വാച്ചിന്‍്റെ രണ്ട് ചരടുകള്‍ ചേര്‍ത്തൊട്ടിച്ചത് പോലെയുള്ള ലേഡീസ് വാച്ചിന്‍്റെ രൂപം ഓര്‍മ്മയുണ്ട്.പേര് മറന്നു പോയി.
  ഫസ്റ്റ് ഗ്രൂപ്പില്‍ എന്നോടൊപ്പമുണ്ടായിരുന്ന ശ്രീകുമാര്‍ എസ്.പിള്ളക്കും ഉണ്ടായിരുന്നു ഒരു എച്ച്.എം.ടി വാച്ച്.ഹിന്ദുസ്ഥാന്‍ പെടോളിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അവന്‍്റെ പിതാവിന് സര്‍വീസിലെ സീനിയോരിറ്റി മുന്‍ നിര്‍ത്തി ലഭിച്ചതായിരുന്നു സ്വര്‍ണ നിറത്തില്‍ തീരെ കനം കുറഞ്ഞ ആ വാച്ച്. എന്തോ  ആ വാച്ച്  ശ്രീകുമാറിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.ഞങ്ങളുടെ ക്ളാസ്സിലെ ഡസ്ക്കില്‍ അവന്‍ ശക്തിയായി വാച്ച് കൈയ്യില്‍ നിന്ന് ഊരിയെടുത്ത് അടിക്കുന്നത് കണ്ടിട്ടുണ്ട്.എന്നിട്ട് പറയും‘നാശം ,ഇതൊന്ന് പൊട്ടുന്നില്ലല്ളോ?.എന്നിട്ട് വേണം അവന്‍്റെ രാധകൊച്ചച്ചന്‍്റെ കൈയ്യിലുള്ള എതോ ഫോറിന്‍ വാച്ച് മേടിക്കാന്‍.എന്നാല്‍ വിജയ് വാച്ചില്‍ ചെറിയ ഒരു പോറല്‍ വീഴുന്നത് പോലും എനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.അത്രക്കും സൂക്ഷിച്ചായിരുന്നു ഞാന്‍ അതിനെ കൈകാര്യം ചെയ്തിരുന്നത്.അന്ന് ഞങ്ങളുടെ ക്ളാസിലുണ്ടായിരുന്ന അങ്കമാലിയില്‍ നിന്ന് വരുന്ന ഉയരമുള്ള വിജയ് എം. നായര്‍ എന്ന സഹപാഠിയെ ഞാന്‍ വാച്ച് കാണിച്ച് തന്‍്റെ പേരിലുള്ള വാച്ച് എന്ന് പറയുമായിരുന്നു.കുലീനമായ പെരുമാറ്റമുള്ള വിജയുടെ മുഖത്ത്  അത് കേള്‍ക്കുമ്പോള്‍ നേരിയ ഒരു പുഞ്ചിരി വിരിയും.സഹിന്ദുസ്ഥാന്‍ മെഷിന്‍ ടൂള്‍സ്  എന്നത് ഒരു പൊതു മേഖലാ സ്ഥാപനം ആണെന്ന് കേവലം 15 വയസ്സ് മാത്രം പിന്നിട്ട എനിക്ക് നല്ല ധാരണയുണ്ടായിരുന്നു.തന്നെയുമല്ല ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ അന്നും സ്വകാര്യവല്‍ക്കരണത്തിന് എതിരായിരുന്നു എന്ന് അഭിമാനത്തോടെ പറയാം.പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറുടെയും കിളിയുടേയും ആട്ടും തുപ്പും കേള്‍ക്കാതെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സ്റ്റുഡന്‍്റ്സ് കണ്‍സഷന്‍ കാര്‍ഡ് വാങ്ങി ഞങ്ങള്‍ പോയിരുന്നു.മിക്കവാറും കുട്ടികള്‍ അതിന് ശ്രമിച്ചിരുന്നില്ല.
 അത് അവിടെ നില്‍ക്കട്ടെ.എന്‍്റെ പ്രിയപ്പെട്ട എച്ച്.എം.ടി  വിജയിലേക്ക് വരാം.പ്രീഡിഗ്രി കഴിഞ്ഞ് ശങ്കരയില്‍ മൂന്ന് വര്‍ഷം കഴിയുമ്പോഴുംഅവന്‍ എന്‍്റെ കൈയില്‍ സുഹൃത്തായി തുടര്‍ന്നു.പഠിത്തം കഴിഞ്ഞ് ജോലി കിട്ടുമ്പോള്‍ പുതിയൊരു വാച്ച് എന്ന കാര്യം ഞാന്‍ ആലോചിച്ചിട്ട് പോലുമില്ലായിരുന്നു.കോളജിന് ശേഷം ജേര്‍ണലിസത്തിന് പോയപ്പോഴും പുതിയ വാച്ച് ചിന്തയിലേ  കടന്ന് വന്നില്ല.1985ല്‍ കോഴിക്കോട് കാലിക്കറ്റ് ടൈംസില്‍ ആദ്യമായി ജോലിക്ക് ചേരുമ്പോള്‍ അഭിമാനത്തോടെ ഞാന്‍ കൈയ്യില്‍ ധരിച്ചിരുന്നത് പഴയ വിജയ് തന്നെ.കാലിക്കറ്റ് ടൈംസിലാകട്ടെ അന്നത്തെ അച്ചടിയന്ത്രവും എച്ച്.എം.ടിയുടേത്.സഹപ്രവര്‍ത്തകനായിരുന്ന ശ്രീകുമാര്‍ നിയതിയോടും പ്രൂഫ് റീഡര്‍ അന്തരിച്ച ബാലകൃഷ്ണന്‍ നായരോടും പലപ്പോഴും ഞാന്‍ എന്‍്റെ വാച്ചും പത്രത്തിലെ പ്രസ്സിനേയും കൂട്ടിയിണക്കി തമാശ പറഞ്ഞിട്ടുണ്ട്.
  1987 ല്‍  മാധ്യമത്തില്‍ ഇന്‍്റര്‍വ്യൂവിന് പോകുമ്പോഴും എന്‍്റെ കൈയില്‍ അവന്‍ തന്നെ.പിന്നെ പലപല ബ്യൂറോകള്‍.1992 ല്‍ സഹോദരിയുടെ വിവാഹമാണ് വീട്ടില്‍ നടന്ന ഒരു പ്രധാന ചടങ്ങ്.പലരും എന്‍്റെ വാച്ച് മാറ്റുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.ഞാന്‍ അതൊന്നും ചെവികൊണ്ടില്ല.ഇടക്ക് എങ്ങോ ഒരു ദിവസം വാച്ചിന്‍്റെ ചില്ലിലെ പോറല്‍ പോളിഷ് ചെയ്ത് മാറ്റിയത് ഒഴിച്ചാല്‍ ഞാന്‍ അതിന് മേല്‍ ഒന്നും ചെയ്തിരുന്നില്ല.
ഒടുവില്‍ എന്‍െറ വിവാഹമായി.1995 സെപ്തംബര്‍ രണ്ടാം തീയതിയായിരുന്നു എന്‍്റെ വിവാഹം.കല്യാണത്തലേന്ന് പുതിയ വസ്ത്രങ്ങളും മറ്റും എടുത്ത് വെക്കുമ്പോള്‍ അറിയാതെ മനസ്സില്‍ പുതിയ ഒരു വാച്ച് കൂടി ആയിരുന്നു എങ്കില്‍ എന്ന് തോന്നാതിരുന്നില്ല.പക്ഷെ പുതിയ  ഒന്ന് വാങ്ങിക്കാനുള്ള സാഹചര്യം ഒത്ത് വന്നില്ല.പിറ്റേന്ന് കൈയില്‍ അത് തന്നെ ധരിക്കുമ്പോള്‍ യാതൊരു അപകര്‍ഷതയും മനസ്സില്‍ തോന്നിയിരുന്നില്ല എന്ന്് നിസംശയം പറയാം.കല്യാണ ദിവസം രാവിലെ വസ്ത്രങ്ങള്‍ ഓരോന്നായി അണിയുന്നു.വാച്ച് കെട്ടാന്‍ തുടങ്ങിയില്ല.വലപ്പാട് നിന്ന് ഇന്ദിര കുഞ്ഞമ്മയുടെ മകന്‍ രംഗു എന്ന രംഗ നാഥന്‍ വരുന്നു.‘ചേട്ടന് ഞാനൊരു സാധനം വാങ്ങിയിട്ടുണ്ട്’എന്ന് പറഞ്ഞ് അവന്‍ ഒരു വാച്ചിന്‍െറ കവര്‍ നീട്ടി.മനസ്സില്‍ സന്തോഷം നിറഞ്ഞു.പക്ഷെ അതെങ്ങാനും ഒരു ഫോറിന്‍ വാച്ചാണെങ്കിലോ? രംഗുവിനെ വിഷമിപ്പിക്കാനും കഴിയില്ല.എന്ത് ചെയ്യും?ഞാന്‍ ഒരു നിമിഷത്തേക്ക് ഒന്നും പറയാന്‍ കഴിയാതെ നിശബ്ദനായി.അവന്‍ തുടര്‍ന്നു.‘ഞാന്‍ തപ്പി നടന്ന് ചേട്ടന് ഒരു എച്ച്.എം.ടി തന്നെയാണ് വാങ്ങിയത്.മുമ്പ് ചേട്ടന്‍ അതേ ഉപയോഗിക്കൂ എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.’അവന്‍്റെ മനസ്സില്‍ ഞാന്‍ പറഞ്ഞത് മറക്കാതെ നില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ അത്ഭുതം തോന്നി.പിന്നെ ഒന്നും ആലോചിച്ചില്ല രംഗു സമ്മാനിച്ച   സ്വര്‍ണ നിറമുള്ള പുതിയ എച്ച്.എം.ടി ക്വാര്‍ട്ടസ് വാച്ച് കൈയില്‍ കെട്ടി ഞാന്‍ വിവാഹ ചടങ്ങിന് പുറപ്പെടാന്‍ ഒരുങ്ങി.ഞാന്‍ പുതിയ വാച്ച് മേടിച്ചിരുന്നില്ല എന്നറിഞ്ഞതോടെ അവനും ഒത്തിരി സന്തോഷമായി.പക്ഷെ എനിക്ക് ചെറിയ ഒരു വിഷമം മനസ്സില്‍ ബാക്കി നിന്നു.നീണ്ട 17 വര്‍ഷം എന്‍്റെ വലംകൈയ്യില്‍ കെട്ടിയിരുന്ന ‘വിജയി’നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.അവനെ ഭദ്രമായി സ്റ്റീല്‍ അലമാരയിലെ ലോക്കറിനുള്ളിലേക്ക് മാറ്റി.പിന്നെ കൈയ്യില്‍  രംഗുവിന്‍്റെ എച്ച്.എം.ടി ക്വാര്‍ട്ട്സ്.ചുരുങ്ങിയത്  17 കൊല്ലമെങ്കിലും അവനേയും ധരിക്കാന്‍ ആഗ്രഹിച്ചു.അതേതായാലും സാധിച്ചു.ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 19 വര്‍ഷം പിന്നിട്ടു.ഞാനിപ്പോള്‍ കുറച്ചു കാലമായി വാച്ച് ധരിക്കുന്നില്ല.കൈയില്‍ അങ്ങനെ ഒരു ഭാരം ഒഴിവാക്കാമെന്ന ചിന്ത തന്നെ പ്രധാന കാരണം.തന്നെയുമല്ല സമയം അറിയാനാണെങ്കില്‍ സദാസമയം കൈയ്യിലാകട്ടെ മൊബൈല്‍ ഫോണുമുണ്ട്.എതായാലും എച്ച്.എം.ടിയുടെ വളരെ നല്ല രണ്ട് മോഡല്‍ വാച്ചുകള്‍ എന്‍്റെ സ്വകാര്യ ശേഖരത്തിലുണ്ട്.എന്‍്റെ സ്വകാര്യ അഹങ്കാരങ്ങളായി.

വി.ആര്‍.രാജ മോഹന്‍

Sunday, September 07, 2014

ദിലീപിന്‍്റെ സിനിമയില്‍ ബുദ്ധനെ അവഹേളിക്കുന്ന ഗാനം


ശ്രീബുദ്ധനെ കരുതി കൂട്ടി അവഹേളിക്കുന്ന ഗാന രംഗം അടങ്ങിയ മലയാള സിനിമക്കെതിരെ ബുദ്ധിസ്റ്റ് സംഘടനകള്‍ രംഗത്ത്്.

 നടന്‍ ദിലീപിന്‍െറ ഓണച്ചിത്രമായ വില്ലാളി വീരനിലെ ഗാനരംഗത്തില്‍ ബുദ്ധനെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന്  ബുദ്ധിസ്റ്റ് സംഘടനകള്‍ കുറ്റപ്പെടുത്തി.ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീബുദ്ധനെ സ്ത്രീയുടെ പ്രലോഭനങ്ങളില്‍ വീഴുന്നയാളായി ചിത്രീകരിക്കുന്ന മലയാള ചലച്ചിത്രത്തിലെ ഗാനരംഗമാണ്  വിവാദമായിരിക്കുന്നത്. ബുദ്ധനെ മാത്രമല്ല സംഘത്തേയും ധര്‍മത്തേയും അപമാനിക്കുന്നതാണ് ചിത്രമെന്നാണ് പരാതി. ബുദ്ധധര്‍മം പ്രചാരണത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹാബോധി മിഷന്‍, കേരള ബൗദ്ധ മഹാസഭ, ത്രിരത്ന ബുദ്ധ ധര്‍മ സംഘം എന്നിവരുള്‍പ്പെടുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാണ് തീരുമാനം.
ബുദ്ധ പ്രതിമയെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനം തുടങ്ങുമ്പോള്‍ ബുദ്ധം ശരണം ഗഛാമിയെന്ന ആലാപനം കേള്‍ക്കാം.ആല്‍മരത്തിന് ചുവട്ടില്‍ ധ്യാനത്തിലിരിക്കുന്ന ബുദ്ധനെ പോലെ മുടിയും വസ്ത്രവുമുള്ളയാളുടെ മുന്നിലേക്ക് ചില വിചിത്രരൂപമുള്ള ജീവികള്‍ നായികയെ പല്ലക്കില്‍ ചുമന്നു കൊണ്ട് വരുന്നു.നായികയുടെ നൃത്തച്ചുവടുകള്‍ തുടരുമ്പോള്‍ ബുദ്ധന്‍െറ പ്രതിരൂപമുള്ള പുരുഷന്‍ ഇടം കണ്ണിട്ട് നോക്കുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം ഗ്രാഫിക്സിന്‍െറ സഹായത്താല്‍ ഇയാള്‍ നായകനായ ദിലീപിന്‍െറ രൂപം പ്രാപിക്കുന്നു. തുടര്‍ന്ന് ഇരുവരും ആഭാസകരമായ നൃത്തത്തില്‍ ഏര്‍പ്പെടുന്നു.ഇതാണ് ഗാനത്തിലെ രംഗങ്ങള്‍. ശേഷമാകട്ടെ ബുദ്ധഭിക്ഷുക്കളും സന്യാസിമാരും രംഗത്തില്‍ വരുന്നു. സാഞ്ചി സ്തൂപവും  ആല്‍മരങ്ങളുമുള്‍പ്പെടെ ബുദ്ധമതത്തിന്‍െറ സിമ്പലുകള്‍ നിറച്ച പ്രത്യേക സെറ്റാണ് ഗാനചിത്രീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. തിബറ്റന്‍ ബുദ്ധമതക്കാര്‍ ബുദ്ധക്ഷേത്രങ്ങളിലും മൊണാസ്ട്രികളിലും ഉപയോഗിക്കുന്ന വാദ്യോപകരണമായ ഡ്രമ്മും പശ്ചാത്തലത്തിലുണ്ട്.
  ലോകമെമ്പാടും അധാര്‍മികത നിറഞ്ഞ കാലഘട്ടത്തില്‍ ആരും നിര്‍ബന്ധിക്കാതെ മനുഷ്യര്‍ ശാന്തിയുടേയും സമാധാനത്തിന്‍േറയും അനിവാര്യത ബോധ്യപ്പെട്ട് ബുദ്ധ ദര്‍ശനങ്ങളെ സ്വാഭാവികമായും അന്വേഷിച്ച് തുടങ്ങിയെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ വിളറിപിടിക്കുന്നവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് മഹാബോധി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍. ഹരിദാസ്് ബോധ്  പറയുന്നു. പുതിയ തലമുറക്കിടയില്‍ ലോകഗുരുവായ ബുദ്ധനെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്താനും ബുദ്ധ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിക്കാനുമാണ് ‘വില്ലാളിവീരനി’ല്‍ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെയും ബുദ്ധനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനകോടികളുടെയും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ് സിനിമയില്‍ നടന്നത്. ഇതിന്‍െറ ഗൗരവം ചിത്രത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം. തീര്‍ത്തും അഹിംസാവാദികളാണ് ബുദ്ധമതാനുയായികളെന്ന കാര്യം അവര്‍ തിരിച്ചറിയണം. ബുദ്ധമതത്തിന്‍െറ അടിസ്ഥാനമായ ഈ നിലപാടിനെ ഒരു തരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കാന്‍ അപ്സരസ് നൃത്തമാടിയത് നേരത്തെ സിനിമകളില്‍ കാണിച്ചിരുന്നു.എന്നാല്‍ പകരം അവിടെ ബുദ്ധനെ കാണിച്ചത് വഴി മഹത്തായ ബുദ്ധദര്‍ശനങ്ങളെ വളച്ചൊടിക്കുകയാണ്.ബുദ്ധിസ്റ്റ് സംഘടനകളുടെ തീരുമാനം ഇവയാണ്.ചിത്രത്തിലെ ഗാനം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കും .മുഖ്യമന്ത്രിക്കും സിനിമാ-സാംസ്കാരിക മന്ത്രിക്കും നിവേദനം നല്‍കും.ഒപ്പം അമ്മ പ്രസിഡന്‍്റും പാര്‍ലമെന്‍റംഗവുമായ ഇന്നസെന്‍്റിനും നിവേദനം നല്‍കുന്നുണ്ട്. വേണമെങ്കില്‍ കോടതിയേയും സമീപിക്കും.

ഇതിനിടെ ‘ബുദ്ധേട്ടന്‍’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു ദിലീപ് ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ കേന്ദ്രമാക്കി പുരോഗമിക്കുകയാണ്. ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നേരില്‍ കണ്ട് തങ്ങളുടെ അതൃപ്തി അറിയിക്കുകയുണ്ടായി. എന്നാല്‍, ബുദ്ധമതത്തെ കുറിച്ചോ ബുദ്ധനെ കുറിച്ചോ സാമാന്യധാരണ പോലുമില്ലാതെയാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാനായതെന്ന്  ബൗദ്ധ മഹാസഭാ പ്രതിനിധി ഉണ്ണികൃഷ്ണന്‍ തകഴി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടേയും ബ്ളോഗുകളുടേയും സഹായത്തോടെ വിഷയത്തിന്‍െറ ഗൗരവം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എന്‍. ഹരിദാസ്് ബോധ് അറിയിച്ചു.
വി.ആര്‍.രാജ മോഹന്‍

Saturday, July 26, 2014

ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു

 വി.ആര്‍.രാജ മോഹന്‍

 പുണ്യ മാസത്തിന്‍െറ നന്മകള്‍ നിറച്ച ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു.അടുത്ത ഒരു 
വര്‍ഷക്കാലത്തേക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കാന്‍ വിശ്വാസികള്‍ക്ക് ശാരീരികവും മാനസികവുമായ കരുത്ത് 
സമ്മാനിക്കുന്ന വൃതം.കൃത്യവും വ്യക്തവുമായ ദിശാബോധം സമ്മാനിക്കുന്ന ഒന്നാകുന്നു അത്. നോമ്പു 
കാലത്ത് സത്യവിശ്വാസി ആര്‍ജ്ജിച്ചതാകട്ടെ അനിര്‍വചനീയമായ ആഹ്ളാദം .അവന്‍െറ ഹൃദയം ആ ദിനങ്ങളില്‍ 
കൂടുതല്‍ ആര്‍ദ്രമായി മാറി.പട്ടിണി കിടക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ നോമ്പുകാരന്‍ നേരിട്ട് 
അനുഭവിച്ചറിഞ്ഞു.പ്രലോഭനങ്ങളെ എങ്ങനെ അതി ജീവിക്കണമെന്ന് അവന്‍ സ്വയം മനസിലാക്കി.ത്യാഗവും 
സഹനവും സ്വായത്തമാക്കി.നോമ്പിനെ കുറിച്ച് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് ഇപ്രകാരമായിരുന്നു 
-‘റമദാനിന്‍്റെ ശ്രേഷ്ടത നിങ്ങള്‍ മനസ്സിലാക്കുമായിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാന്‍ ആവുന്നതിനെ 
കൊതിക്കുമായിരുന്നു’.
 ഒരു പക്ഷെ അക്കാദമികമായ അറിവ് മുമ്പെന്നത്തേക്കാളും കൂടുതല്‍ നേടുവാന്‍ ആധുനിക മനുഷ്യന് 
കഴിയുന്നുണ്ടാകാം.എന്നിരുന്നാലും ആത്മീയമായ ഉണര്‍വ് ലഭിക്കുവാന്‍ പലപ്പോഴും അവന് കഴിഞ്ഞെന്ന് 
വരില്ല.മതങ്ങളുടെ അത്തരം ലക്ഷ്യങ്ങളെ സ്വാംശീകരിക്കാന്‍ തിരക്ക് പിടിച്ച വര്‍ത്തമാന കാലത്ത് കഴിയാതെ 
വരുന്നു.അവിടെയാണ് റമദാന്‍ ഉള്‍പ്പെടെയുള്ള പുണ്യകര്‍മ്മങ്ങളുടെ പ്രസക്തി വ്യക്തമാകുന്നത്.അത്തരം 
സത്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് മറ്റുള്ളവരോട് കുടുതല്‍ വിനയവും ആര്‍ദ്രതയും കാണിക്കണമെന്ന 
ചിന്ത മനുഷ്യരിലുണ്ടാകുന്നത്.അങ്ങനെ സംഭവിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യവുമാണ്.ലോകത്തില്‍ 
ഇന്ത്യയെ പോലെ വിവിധ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന മറ്റൊരു രാജ്യമില്ല.എല്ലാ മതങ്ങളുടേയും നല്ല വശങ്ങള്‍ 
ജീവിതത്തില്‍ പകര്‍ത്താന്‍ പണ്ടുമുതല്‍ക്കേ പൂര്‍വികര്‍ പഠിപ്പിച്ച് പോന്നിരുന്ന നാടാണ് നമ്മുടേത്.
 സമീപ കാലത്തായി വിഭാഗീയതയുടെ ചില അസ്വാരസ്യങ്ങള്‍ അങ്ങിങ്ങ് പൊങ്ങിയിട്ടുണ്ട് എന്ന കാര്യം നേര് 
തന്നെ .അവയെ തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനും സഹവര്‍ത്തിത്വത്തിന്‍െറ നല്ല പാഠങ്ങള്‍ 
സമൂഹത്തിലേക്ക് പകര്‍ന്ന് നല്‍കുകയും വേണം.എല്ലാ റമദാന്‍ കാലത്തും അന്യമതങ്ങളില്‍ പെട്ടവര്‍ ഇസ്ളാം 
മതവിശ്വാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നോമ്പ് പിടിക്കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നു എന്നത് 
വര്‍ത്തമാന കാലത്ത് ഏറെ ശ്ളാഘിക്കപ്പെടേണ്ട വസ്തുത തന്നെയാണ്.സ്വന്തമായി നോമ്പെടുക്കുകയും 
വിശ്വാസികളെ നോമ്പു തുറപ്പിക്കുകയും ചെയ്യുന്ന അന്യ സമുദായത്തില്‍ പെട്ടവര്‍ വാസ്തവം പറഞ്ഞാല്‍ 
വാര്‍ത്ത അല്ലാതായി മാറിക്കഴിഞ്ഞു.
 പരമതങ്ങളെ ബഹുമാനിക്കുന്നതിന് പകരം അവയെ ഇകഷ്ത്തും വിധമുള്ള ചില സംഭവങ്ങള്‍ 
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി നടക്കുന്നുണ്ടെന്നുള്ള കാര്യങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. അത്തരം കുത്സിത 
ശ്രമങ്ങളിലേര്‍പ്പെടുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുക തന്നെ വേണം.പകരം സാമുദായിക സൗഹാര്‍ദ്ദം 
ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു ചെറിയ പ്രവര്‍ത്തനത്തേയും പരമാവധി പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത 
തീര്‍ച്ചയായും പൊതുസമൂഹത്തിനുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും യാന്ത്രികമായി മാറുന്നതിനാല്‍ 
വേണ്ടത്ര ഫലപ്രദമാകണമെന്നില്ല.അതേ സമയം സാമൂഹിക-സന്നദ്ധസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ 
കൂടുതല്‍ ജാഗരുകരാകേണ്ടതുണ്ട്.അവര്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.വരും 
തലമുറകളില്‍ വിദ്വേഷത്തിന്‍െറ വിത്ത് പാകാന്‍ മാത്രമായി നിലകൊള്ളുന്ന ചില കേന്ദ്രങ്ങള്‍ നമുക്കിടയില്‍ 
പ്രവര്‍ത്തിക്കുന്നുണ്ട്.അങ്ങേയറ്റം ദുരൂഹമാണ് അത്തരം ചില സംഘടനകളുടെ രീതികള്‍.നിയമ സംവിധാനങ്ങള്‍ 
എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ തന്നേയും അവര്‍ ഒളിഞ്ഞും തെളിഞ്ഞും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ 
മുഴുകുമെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.തങ്ങളുടേതായ മാര്‍ഗത്തില്‍ അവര്‍ അതിനുള്ള അജണ്ടകള്‍ 
നിര്‍മ്മിച്ച് കൊണ്ടേയിരിക്കും. 
 ക്രിസ്മസും ഈസ്റ്ററും ഓണവും വിഷുവും ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കൊ തന്നെ 
ഒരിക്കലും ഒരു മതത്തിന്‍േറയോ വിഭാഗത്തിന്‍േറയോ മാത്രം പരിപാടിയായി മാറരുത്.സമൂഹമൊട്ടാകെ 
അതേറ്റെടുത്ത് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്.പണ്ടൊക്കെ മിക്കവാറും ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം 
ജനങ്ങളുടേയും വിശേഷാവസരങ്ങള്‍ നാനാജാതി മതസ്ഥരും ഒന്നായിട്ടായിരുന്നു ആഘോഷിച്ച് പോന്നത്.എ
ന്നാല്‍ കാലക്രമത്തില്‍ പലവിധകാരണങ്ങളാല്‍ അതെല്ലാം സ്വസമുദായങ്ങളില്‍ മാത്രം ഒതുങ്ങുന്ന 
നിലയായി.അതിവേഗം നഗരവല്‍ക്കണം സംഭവിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ചില പോരായ്മകള്‍ 
സ്വാഭാവികമായും അതിനോടൊപ്പമുണ്ടാകുമെന്ന ന്യായമാണ് പൊതുവെ എല്ലാവരും മുന്നോട്ട് വെക്കുന്നത്.
അതേ സമയം നഗര വല്‍ക്കരണത്തിന്‍െറ ഫലമായി കൃത്രിമത്തം നിറഞ്ഞതാണെങ്കില്‍ കൂടി ചില ആഘോഷങ്ങള്‍ 
അറിഞ്ഞോ അറിയാതേയോ മത സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നഷ്ടമാകുന്ന നന്മയെ അത് 
ഒരു പരിധി വരെ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ട് എന്ന വസ്തുതയും സമ്മതിക്കേണ്ടതായി വരുന്നു.ഒരു പക്ഷേ 
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിസിനസ് പ്രെമോഷന്‍െറ ഭാഗമായി സ്വീകരിക്കുന്ന മാനേജ്മെന്‍റ് സ്ട്രാറ്റജികളില്‍ 
പെട്ട ചില ‘ഗിമിക്കു’കള്‍ തന്നെയാകാം അവ.അക്കാര്യം കൃത്യമായി ബോധ്യമുണ്ടെങ്കിലും വിശാല താല്പര്യം 
മുന്‍നിര്‍ത്തി വിലയിരുത്തുന്ന പക്ഷം ‘നെറ്റ് റിസല്‍റ്റ’് പരിശോധിക്കുമ്പോള്‍ നിരാശക്ക് വഴിയില്ല.ക്രിസ്മസ് കാലമായാല്‍ കേക്കുകള്‍ സമ്മാനിക്കുന്നതും ഓണക്കാലത്ത് പായസ വിതരണവും ഓഫീസുകളില്‍ പൂവിടല്‍ 
മത്സരവും വിപുലമായി ആഘോഷിച്ച് വരുന്ന കാര്യങ്ങളാണ്.അടുത്ത കാലത്തോയി വിവിധ ഓഫീസുകളും 
പ്രസ്ഥാനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.മുമ്പൊക്കൊ ചില പ്രത്യേക രാഷ്ട്രീയ 
പ്രസ്ഥാനങ്ങളും നേതാക്കളും വ്യക്തിപരമായി നടത്തിയിരുന്ന നോമ്പുതുറ സല്‍ക്കാരങ്ങള്‍ പില്‍ക്കാലത്ത് 
മറ്റുള്ളവരും പിന്തുടരുകയുണ്ടായി.
 കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ഈ നോമ്പുകാലത്ത് വന്ന ഒരു പത്ര വാര്‍ത്ത ഇവിടെ എടുത്ത് 
ചേര്‍ക്കട്ടെ.
 ഇഫ്ത്താര്‍ സംഘടിപ്പിച്ചും റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തും സമൂഹ നോമ്പ് തുറ നടത്തിയും 
അവര്‍ സ്നേഹസംഗമം നടത്തി. ഐ .എന്‍ .ടി .യു. സി നിയന്ത്രണത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് 
അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയാണ് ഇന്നലെ അപൂര്‍വ്വമായ സ്നേഹ സംഗമമൊരുക്കിയത്. 
കാഞ്ഞങ്ങാട് യൂണിറ്റ് അസോസിയേഷന് 34 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗമായ കെ ഭാര്‍ഗവി ഉള്‍പ്പെടെ 24 
പേര്‍ ജാതി-മത ചിന്തകളില്ലാതെ ഇന്നലെ നോമ്പ് നോറ്റു.സുബഹ് നിസ്കാരത്തിനു മുമ്പു എഴുന്നേറ്റ് അത്താഴം 
കഴിച്ച് നോമ്പിന്‍്റെ ചട്ടക്കൂടുകള്‍ പാലിച്ചാണ് മിക്കവരും നോമ്പ് എടുത്തത്.വൈകിട്ട് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസ് 
പരിസരത്ത് നടന്ന സമൂഹ നോമ്പ് തുറയും ഇഫ്ത്താര്‍ സംഗമവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ 
ദിവ്യ ഉദ്ഘാടനം ചെയ്തു. 
കേരള പത്രപ്രവര്‍ത്തക യൂണിയന്‍െറ ജില്ലാ ഘടങ്ങളായ മിക്കവാറും പ്രസ് ക്ളബ്ബുകളും ഇത്തരത്തില്‍ 
ഇഫ്താറുകള്‍ നടത്തുന്നുണ്ട്.നോമ്പു തുറന്ന ശേഷം വിശ്വാസികള്‍ക്ക് നമസ്ക്കരിക്കാനുള്ള സൗകര്യവും 
ഒരുക്കാന്‍ മറക്കാറില്ളെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.ജാതിയുടേയും മതത്തിന്‍േറയും 
വര്‍ണത്തിന്‍േറയുമൊക്കൊ പേരില്‍ ഒരേ നിറമുള്ള ചോരയൊഴുകുന്ന മനുഷ്യര്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ 
എല്ലാവരേയും ഒത്തൊരുമിപ്പിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും കലവറയില്ലാതെ പിന്തുണക്കുന്ന 
സമീപനം സ്വീകരിക്കുക തന്നെ വേണം.രാജ്യത്തിന്‍െറ അഖണ്ഡതയെ ഇല്ലാതാക്കി രാജ്യനിവാസികള്‍ക്കിടയില്‍ 
അസ്വസ്ഥത സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രം ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ സാമൂഹിക വിരുദ്ധരെ 
കരുതിയിരിക്കാന്‍ ഓരോ പൗരന്മാരും ബോധവാന്മാരായി മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനുകളില്‍ ഒന്നില്‍ കണ്ട ഒരു വാര്‍ത്ത ചുവടെ കട്ട് ആന്‍റ് പേസ്റ്റ് ചെയ്യുന്നു.
റിയാദ്: ഷുമൈസിയില്‍ സൗജന്യമായി നോമ്പ് തുറ ഒരുക്കുന്ന ഒരു റസ്റ്ററോന്‍്റുണ്ട്. മലയാളി ഉടമസ്ഥതിയിലുള്ള 
മക്ക റസ്റ്റാേറന്‍്റില്‍കഴിഞ്ഞ 15 വര്‍ഷമായി നോമ്പ് തുറ സൗജന്യമാണ്. റിയാദിലെ ഷുമൈഷിയിലെ മക്ക റസ് 
റ്റാറന്‍്റ്. തീര്‍ത്തും ദൈവ പ്രീതി മാത്രം ഉദ്ദശേിച്ചാണ് പൊന്നാനി സ്വദേശി സക്കീറും സഹോദരന്‍ ബക്കറും ഇവിടെ 
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സൗജന്യ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. നേരിട്ട് ക്ഷണിച്ചും യാത്രക്കാര്‍ക്കും 
വിഭവ സമൃദ്ദമായ നോമ്പ് തുറയാണ് ഒരുക്കുന്നത്.സൗജന്യ ഇഫ്താറിന് സഹകരിക്കുന്നവരും വളരെ 
സംതൃപ്തിയോടെയാണ് ഈ പുണ്യ കര്‍മ്മത്തില്‍ പങ്കാളികളാവുന്നത്.
 സുഖസ്മരണകള്‍ മാത്രം സമ്മാനിക്കുന്ന കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഒരു ദിവസം 
സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ അറിയാതെ കയറിയപ്പോഴുണ്ടായ അനുഭവം ഓര്‍ത്ത് പോവുകയാണ്.
സഹപ്രവര്‍ത്തകനായ ഉമര്‍ പുതിയോട്ടില്‍ ഒരു ദിവസം നോമ്പു തുറ നടത്താമെന്നേറ്റു.ഞങ്ങളിരുവരും 
മാവൂര്‍ റോഡിലെ ഹോട്ടലിനോടു ചേര്‍ന്ന കടയില്‍ തരിക്കഞ്ഞിയും പഴങ്ങളുമടക്കമുള്ള വിഭവങ്ങള്‍ 
ഭക്ഷിക്കാനായി കയറിയതായിരുന്നു.ഭക്ഷണം കഴിച്ച് ഉമര്‍ പള്ളിയിലേക്ക് പോകും മുമ്പേ പൈസ എത്രയായി 
എന്ന് ചോദിച്ചപ്പോള്‍ ഉടമ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു.നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം മടിച്ച് മടിച്ച് കാര്യം 
വെളിപ്പെടുത്തി.നോമ്പു തുറക്കല്‍ അദ്ദേഹം പണം വാങ്ങാറില്ല.ഇതൊന്നുമറിയാതെ കാലിച്ചായ കുടിക്കാന്‍ 
കയറിയ മറ്റൊരാളോട് കടയുടമ ചെയ്ത കാര്യം മനസ്സില്‍ മായാതെ നില്‍ക്കുന്നു.ചായ കൊടുത്ത ശേഷം അയാള്‍ 
ഒരു കടലാസ് പ്ളേറ്റില്‍ സമൂസയും ഈന്തപ്പഴവും മറ്റു പഴങ്ങളും ഒരു ഗ്ളാസ് നാരങ്ങാ വെള്ളവും നല്‍കി.ചായ 
കുടിക്കാനത്തെിയയാളാകട്ടെ സാധാരണ ചായക്കടകളില്‍ ചായ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വലിയ പ്ളേറ്റില്‍ വിവിധ 
തരം പലഹാരങ്ങള്‍ നിരത്തിവെച്ച് കൊണ്ടു വരുന്നത് പതിവുള്ളതിനാല്‍ തനിക്കിതൊന്നും ആവശ്യമില്ളെന്ന് 
പറഞ്ഞ് പതിയെ കൈകൊണ്ട് തട്ടി മാറ്റി.അയാളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ കടയുടമ ചെയ്യുന്ന പുണ്യ 
കര്‍മ്മത്തെ കുറിച്ച് തൊട്ടുമുമ്പ് മാത്രം അറിഞ്ഞ ഞങ്ങള്‍ വേണ്ടിവന്നു.അക്കാര്യം കേട്ടതോടെ ഉപഭോക്താവ് 
വെട്ടിലായി.താന്‍ കുടിക്കുന്ന ചായയുടെ കാശ് പോലും കൊടുക്കാന്‍ പറ്റാത്തതിലായിരുന്നു നോമ്പില്ലാത്ത ആ 
കോഴിക്കോട്ടുകാരന്‍െറ വിഷമം.

Tuesday, March 11, 2014

കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും


കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും

    തലവാചകം വായിച്ച് ആര്‍ക്കും കിറുക്ക് പിടിക്കരുത്.ഗുരുവായൂരിലെ കുഞ്ചുവും ആലപ്പുഴ കലവൂരിലെ ടിക്രുവും ആരാണെന്ന് കുറച്ച് പേര്‍ക്കെങ്കിലും അറിയാമായിരിക്കും.അവരെ കുറിച്ച് കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കാണാത്തവര്‍ക്കായി അതിന്‍െറ പി.ഡി.എഫ് ഫയലുകള്‍ ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നു.അത് വായിച്ച ശേഷം വീണ്ടും ഈ കുറിപ്പിലേക്ക് വരാം.

ചിത്രങ്ങള്‍






 മാധ്യമത്തിന്‍െറ ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് നല്‍കിയ കുഞ്ചുവിന്‍െറ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സ് ഏറെ അസ്വസ്തമായി.ഇക്കാലത്ത് ഇങ്ങിനേയും ചിലരുണ്ടല്ളോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. അമ്മമാരെ ഉപേക്ഷിക്കാന്‍ മക്കള്‍ തിരഞ്ഞെടുക്കുന്നിടവും ഗുരുവായൂര്‍ തന്നെയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നല്ളോ.അത് വേറെ വിഷയം.
  ഓമന മൃഗങ്ങള്‍ (PETS) എക്കാലവും മനുഷ്യരുടെ താല്പര്യ വിഷയങ്ങളില്‍ ഒന്നാണ്.മനുഷ്യരുടെ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടേത് നന്നേ കുറവാണ്.അക്കാരണത്താല്‍ അവയെ വളര്‍ത്തിയാല്‍തന്നെയായാലും നിശ്ചയമായും അവയുടെ വേര്‍പാട്  കാണേണ്ടി വരും.പട്ടികളും പൂച്ചകളും തന്നെ മിക്കവരുടേയും പ്രിയപ്പെട്ട വളര്‍ത്തു മൃഗം.
 യജമാനനോടുള്ള വിധേയത്വം കാത്ത് സൂക്ഷിക്കാന്‍ ജീവന്‍ വരെ നല്‍കിയ ശ്വാനന്മാരുടെ കഥകള്‍ ധാരാളമുണ്ട്. പലര്‍ക്കും ഇത് കഥകളല്ല ,മറിച്ച് വീടുകളില്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.ഞാനൊക്കൊ കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ പൂച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ സമയങ്ങളില്‍ അമ്മയും മുത്തശ്ശിയമ്മയും അവരുടെ കുട്ടിക്കാലത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികളുടേയും പൂച്ചകളുടേയും പേരുകള്‍ അനുസ്മരിക്കുകയും ഓരോരുത്തരുടേയും സൗന്ദര്യവും സ്വഭാവ വൈശിഷ്യങ്ങളും വിശദീകരിക്കുകയും ചെയ്യുമായിരുന്നു.ഞാനും അനിയത്തിയും അത് കേട്ട് ഞങ്ങളുടെ പൂച്ചകള്‍ക്ക് അത്രക്കൊന്നും ഭംഗിയോ കഴിവോ ഇല്ലാത്തതില്‍ അങ്ങേയറ്റം വിഷമിച്ചും പോന്നു.എന്നേക്കാള്‍ പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്നത് അവളായിരുന്നു.അവറ്റകള്‍ക്ക് വല്ലതും സംഭവിച്ചാല്‍ വലിയ വിഷമമാകും എന്നുള്ളതിനാല്‍ ആദ്യം തന്നെ അടുക്കുന്നത് അങ്ങോട്ട് ഒഴിവാക്കുന്നതല്ളേ നല്ലത് എന്നായിരുന്നു എന്‍െറ പക്ഷം.അത് തീര്‍ത്തും ശരിയുമായിരുന്നു.പൂച്ചകള്‍ മിക്കവാറും വളരെ കുറച്ച് കാലമേ ജീവിച്ചിരുന്നുള്ളൂ.മിക്കവാറും പുച്ചകള്‍ ഒരു പ്രത്യേക തരം അസുഖം ബാധിച്ചാണ് ചാകാറുള്ളത്.വായില്‍ നിന്ന് നുരയും പതയും വരും.അസുഖം വരുമ്പോള്‍ തന്നെ തണുപ്പ് തേടി കുളിമുറിയില്‍ വന്ന് കിടക്കും.അപ്പോഴേക്കും വീടാകെ അക്ഷരാര്‍ത്ഥത്തില്‍ മരണവീട് പോലെയാകും അനിയത്തി മഞ്ജുവിന് പിന്നെ  കരച്ചിലാണ്.നേരെ അടുത്ത വീട്ടിലെ കോമളം ടീച്ചറിന്‍െറ അടുത്തേക്ക് ഓടും .ടീച്ചറുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ സാര്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായിരുന്നു അദ്ദേഹം.തൃശൂരില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലത്തെി വിവരം അറിഞ്ഞാലുടന്‍ എത്ര രാത്രിയായാലും സാര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് പൂച്ചകള്‍ക്ക് കുത്തിവെപ്പ് എടുക്കുമായിരുന്നു.പലപ്പോഴും അദ്ദേഹം കുത്തിവെച്ചത് കൊണ്ട് മാത്രം പൂച്ചകള്‍ രക്ഷപ്പെട്ടിട്ടുണ്ട്.എന്നാല്‍ അപൂര്‍വ്വമായി  രോഗം കലശലായ ചില അവസരങ്ങളില്‍ കുത്തിവെപ്പ് ഫലം ചെയ്യാറില്ല.അങ്ങനെയുള്ള അവസരങ്ങളില്‍ അനിയത്തി അറിയാതെ എന്നോടും അമ്മയോടും രക്ഷപ്പെടില്ളെന്ന കാര്യം  പറഞ്ഞ് അദ്ദേഹം മടങ്ങും.
       പെരുമ്പാവൂരില്‍ നിന്നും  ടീച്ചറും കുടുംബവും തൃശൂരിലേക്ക് താമസം മാറി.ഞങ്ങള്‍ വലുതായി.പഠിത്തം കഴിഞ്ഞ് ഞാന്‍  ജോലിയില്‍ പ്രവേശിച്ചു.അനിയത്തി വിവാഹിതയായി .വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരിക്കല്‍ തൃശൂരിലെ ടീച്ചറുടെ വീട്ടില്‍ ചെന്നു.സുഖമില്ലാതെ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ സാറിന് ഏറെ സന്തോഷമായി.അവശതകള്‍ക്കിടയിലും അദ്ദേഹം മഞ്ജുവിന്‍െറ പൂച്ചകളെ കുറിച്ചോര്‍ത്തു.അവളുടെ പൂച്ച സ്നേഹം   മകള്‍ മേഘക്കും കിട്ടിയിട്ടുണ്ട്.ഇത് കണ്ട് മകന്‍ ഗൗതമന്‍ എന്നോട് ചോദിക്കും.അച്ഛന് പൂച്ചയെ ഇഷ്ടമില്ളേ?.അവന്‍െറ  ആവശ്യം വീട്ടിലും ഒരു പൂച്ച ആകാമെന്നതാണ്.ഒടുവില്‍ അവനോട് എന്‍െറ പഴയ നിലപാട് വിശദീകരിക്കേണ്ടി വന്നു.‘അവക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ഏറെ വിഷമമാകും’.കേട്ടപ്പോള്‍ ഗൗതമനും കാര്യം ഏതാണ്ട് മനസ്സിലായി.വല്ലപ്പോഴുമൊക്കൊ എവിടെന്നോ വന്ന് പോകുന്ന തള്ള പൂച്ചയുടെ വിശേഷങ്ങള്‍ വളരെ താല്പര്യത്തോടെ അവന്‍ വിശദീകരിക്കാറുണ്ട്.അതില്‍ ഞാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല എന്നൊരു പരാതി അവനുണ്ട് താനും.
  കോഴിക്കോട് കുഞ്ഞച്ഛന്‍െറ കൂടെ താമസിക്കുമ്പോള്‍ കസിന്‍സായ ആശയും അനുവും അരുമയോടെ വളര്‍ത്തിയിരുന്ന പൂച്ചകള്‍ ഓര്‍മ്മയില്‍ വരുന്നു.ഒപ്പം അവയില്‍ ഒന്നിന്‍െറ പേരും-മൊസൈക്ക്്.ദേഹം പല വര്‍ണങ്ങള്‍ കൊണ്ട് ആകര്‍ഷകമായിരുന്നതിനാലാണ് അങ്ങനെ പേരിട്ടത്.മൊസൈക്കിന്‍െറ ഉള്‍പ്പെടെയുള്ള അവിടത്തെ പൂച്ചകളുടെ ജനന തീയതി കുട്ടികള്‍ക്ക് കൃത്യമായി അറിയാം.അതിനാല്‍ പിന്നാള്‍ ആഘോഷവുമുണ്ടാകാറുണ്ട്.പിറന്നാളിന് ഒരു പായസം അത്ര തന്നെ.അതിനിടയില്‍ വലിയ പൂച്ച പ്രേമമുള്ള ഞങ്ങള്‍ക്കിടയിലെ മറ്റൊരാളെ കുറിച്ച് പറയാതിരിക്കാന്‍ കഴിയുന്നില്ല.അമ്മയുടെ കസിന്‍ വിജയ കുഞ്ഞമ്മയുടെ ഭര്‍ത്താവ് ജോളി കുഞ്ഞച്ഛന്‍.അദ്ദേഹത്തിന് വളരെ വെളുത്ത് തടിച്ച് കൊഴുത്ത ഒരു പൂച്ചയുണ്ടായിരുന്നു.പേര് ഓര്‍മ്മയില്ല.കോഴിക്കോട്ട് നിന്ന് നാട്ടിലേക്കുള്ള യാത്രകളില്‍ അവനും കാറിലൊപ്പമുണ്ടാകും.വളര്‍ന്ന് വലുതായപ്പോള്‍ അവന്‍ അല്പം ഊരുചുറ്റല്‍ തുടങ്ങി.പെണ്‍പൂച്ചകളുമായി ചില്ലറ അടുപ്പം.ആള്‍ കൈ വിട്ട് പോകുമെന്ന് ഭയന്ന് കുഞ്ഞച്ഛന്‍ കക്ഷിയെ വന്ധ്യം കരണ ശസ്ത്രക്രിയക്ക് വിധേയനാക്കി.കുഞ്ചുവിനെ അങ്ങനെ ചെയ്തതായി ഗുരുവായൂര്‍ വാര്‍ത്തയില്‍ കാണുന്നു.ജോളി കുഞ്ഞച്ഛന്‍െറ സുന്ദരമാര്‍ജ്ജാരന് അങ്ങനെ ചെയ്തതിന്‍െറ നഷ്ടം പിന്നീടാണ് എല്ലാവര്‍ക്കും മനസ്സിലായത്.പൂച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ഇംഗ്ളീഷ് പുസ്തകം മഞ്ജുവിന് പൈക്കോയില്‍ നിന്ന് കിട്ടി.അത് വായിച്ചപ്പോഴാണ് അറിയുന്നത് കുഞ്ഞച്ഛന്‍െറ കൈയ്യിലുള്ള വെളുമ്പന്‍ പൂച്ച അത്യപൂര്‍വ്വമായ വിദേശ ഇനത്തില്‍ പെട്ട ഒന്നായിരുന്നു.ഇന്ത്യയില്‍ അത് വളരെ കുറച്ച് പേര്‍ക്കേയുള്ളൂ.അതറിഞ്ഞ ജോളി കുഞ്ഞച്ഛന് ഏറെ വിഷമമായി.വാസക്ടമി ചെയ്ത കാര്യമോര്‍ത്തപ്പോള്‍ എല്ലാവരും കഷ്ടം എന്ന് പറഞ്ഞ് പരിതപിച്ചു.ഗുരുവായൂരിലെ കുഞ്ചുവിനെ കാണാതായെങ്കിലും അവനൊരു കുഞ്ഞുണ്ടല്ളോയെന്ന് ആശ്വസിക്കാം.

   പോസ്റ്ററുകളില്‍ കാണുന്ന രണ്ട് കണ്ണും രണ്ട് നിറമുള്ളതായിരുന്നു ജോളി കുഞ്ഞച്ഛന്‍െറ പൂച്ച.അത് തന്നെയായിരുന്നു അതിന്‍െറ സവിശേഷതയും.സന്ദര്‍ഭവശാല്‍ ഒ.വി. വിജയന്‍െറ പൂച്ചയെ കുറിച്ച് പറയട്ടെ.മലയാളി വായനക്കാര്‍ക്ക് ആ പൂച്ചയെ നല്ല പോലെ അറിയാം.ദല്‍ഹിയിലെ അദ്ദേഹത്തിന്‍െറ വീട്ടിലെ സന്ദര്‍ശകര്‍ക്കകട്ടെ  അതിനെ നേരിട്ട് പരിചയവുമുണ്ട്.വിജയന്‍െറ രചനകളില്‍ പലയിടങ്ങളിലും അറിഞ്ഞോ അറിയാതേയോ ജന്തുക്കളോടുള്ള സേ്നഹം കടന്ന് വരാറുള്ളത് ഓര്‍ക്കണം.
       തലക്കെട്ടില്‍ സൂചിപ്പിച്ച കുസുമേഷിന്‍െറ കാര്യം കൂടി അനുസ്മരിച്ച് കൊണ്ട് ഈ പോസ്റ്റിന് വിരാമമിടട്ടെ.എന്‍െറ സുഹൃത്ത് പ്രിയയുടെ വീട്ടിലെ അരുമയായിരുന്നു കുസുമേഷ് എന്ന കുഞ്ഞിപ്പൂച്ച.എവിടെ നിന്നോ വന്ന് കയറിയ അനാഥന്‍.പ്രിയയുടെ ഇളയ മകന് അവനാകട്ടെ ജീവന്‍െറ ജീവനും .എല്ലാവരും അതിനെ കുസുമേഷ് എന്ന് വിളിച്ചപ്പോള്‍ ശ്രീനന്ദന്‍ മാത്രം സേ്നഹത്തോടെ കുസുമേഷ് ജബ്ബാര്‍ എന്ന് വിളിച്ചു.അതറിഞ്ഞപ്പോള്‍ തമാശയായി മത സൗഹാര്‍ദ്ദം എന്നൊരു തമാശ പൊട്ടിച്ചതല്ലാതെ എന്താണങ്ങനെ വിളിക്കാന്‍ കാരണമെന്ന് ഞാന്‍ തിരക്കിയില്ല.എന്ത് തന്നെയായാലും  ആ കുഞ്ഞിപ്പൂച്ചയുടെ മുഴുവന്‍ പേര് അങ്ങനെ കുസുമേഷ് ജബ്ബാര്‍ എന്നായി.കഴിഞ്ഞ മാസം ഒരു ദിവസം പ്രിയയുടെ ഫോണ്‍.പതിവു പോലെ ഞാന്‍ കത്തിവെക്കാനായി തുടങ്ങിയപ്പോള്‍ പ്രിയ പറഞ്ഞു.ഞാനൊരു സങ്കടകരമായൊരു കാര്യം പറയട്ടെ.സത്യം പറഞ്ഞാല്‍ ഞാനൊന്ന് ഞെട്ടി.എന്തായിരിക്കും?.അവള്‍ പതിയെ പറഞ്ഞു.‘കുസുമേഷ് മരിച്ചു പോയി.ഇന്നലെയായിരുന്നു’.അതിന് കുറച്ച് നാര്‍ മുമ്പ് മറ്റൊരു കണ്ടന്‍ പൂച്ച കുസുമേഷിനെ കടിച്ച് വല്ലാതെയാക്കിയെന്നും ദേഷ്യം കൊണ്ട് അവര്‍ എല്ലാവരും അക്രമിയെ കൊടി സുനി എന്ന് വിളിച്ചുവെന്നും പ്രിയ പറഞ്ഞിരുന്നു.അന്ന് പറ്റിയ പരിക്കുകളാണ് കുസുമേഷിന്‍െറ മരണ കാരണം.കുടുംബത്തിലെ ഒരംഗമായി മാറിയ പൂച്ച ചത്തു എന്ന് പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
  പ്രിയയുടെ ഭര്‍ത്താവും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ ചിത്രകാരനും കവിയുമാണ്.കുസുമേഷ് എന്ന തലക്കെട്ടില്‍ ആളൊരു കവിത എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു.കൈയ്യില്‍ കിട്ടാത്തതിനാല്‍ വായിക്കാന്‍ പറ്റിയില്ല.ഏതാണ്ട് 25 വര്‍ഷം മുമ്പ് പ്രിയ എനിക്കൊരു പോസ്റ്റര്‍ സമ്മാനിക്കുകയുണ്ടായി.രണ്ട് കണ്ണും രണ്ട് നിറമുള്ള പൂച്ചയുടേതായിരുന്നു അത്.വീട്ടിലെ അച്ഛന്‍െറ കിടപ്പുമുറിയുടെ ചുമരില്‍ അതിപ്പോഴുമുണ്ട്.
 
പിന്‍ കുറി:ബ്രിട്ടീഷുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്കായി കല്ലറകള്‍ തീര്‍ത്തിരുന്നു.കര്‍ണാടകത്തിലെ മൈസൂര്‍ സര്‍വകലാശാലാ ആസ്ഥാനമായ മാനസഗന്‍ഗോത്രി കാമ്പസിനകത്ത് ഇത്തരത്തില്‍ നായ്ക്കളുടെ ഒരു ശ്മശാനം തന്നെയുണ്ട്.

 വി.ആര്‍.രാജ മോഹന്‍