Sunday, May 27, 2012

കൂടുതല്‍ ബുദ്ധ നാമങ്ങള്‍


               ബുദ്ധനാമങ്ങളെക്കുറിച്ച് വെറുതെ പറഞ്ഞ് പോയതല്ലാതെ അവ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടാമായിരുന്നില്ലേയെന്ന് പലരും നേരില്‍ കണ്ടപ്പോള്‍ തിരക്കി.എന്നാല്‍ അതൊരു കമന്‍റായി ചേര്‍ക്കാന്‍ ആരും തന്നെ തയ്യാറായില്ലെന്നത് ഖേദകരമാണ്.ആരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയോടെ കുറച്ച് ദിവസം കൂടി കാത്തു.അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.എല്ലാവരും തിരക്കിലാണല്ലോ?സത്യം പറഞ്ഞാല്‍ ഞാനും അല്‍പ്പം തിരക്കിലായിപ്പോയി.അല്‍പ്പം സമയം കിട്ടിയപ്പോള്‍ അറിയാവുന്ന ചില കാര്യങ്ങള്‍ ചേര്‍ക്കുകയാണ്.ആരെങ്കിലും എന്നെങ്കിലും ബ്ളോഗ് സന്ദര്‍ശിക്കാതിരിക്കില്ലല്ലോ എന്ന അതിര് കവിഞ്ഞ ആത്മവിശ്വാസം കൈവെടിയുന്നില്ല.ഇതിനോടകം അറിയാന്‍ കഴിഞ്ഞ ചില പേരുകള്‍ കുറിക്കട്ടെ.മാന്യ വായനക്കാര്‍ തങ്ങള്‍ക്ക് അറിയാവുന്ന ബുദ്ധനാമങ്ങള്‍ പറഞ്ഞ് തരാന്‍ തയ്യാറായാല്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടും.
             സിദ്ധാര്‍ഥനും ഗൗതമനുമല്ലാതെ ശ്രീ ബുദ്ധന് മറ്റ് പര്യായങ്ങളൊന്നും തന്നെയില്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ.സുഗതനും തഥാഗതനും ബുദ്ധന്‍െറ പേരുകളാണെന്ന് അത്രയധികം പേര്‍ക്ക് അറിയാമായിരുന്നോയെന്ന് സംശയം കാര്യമായുണ്ട്.ച(ശ)ാക്യമുനി ,അര്‍ഹതന്‍,മഹാശ്രമണന്‍ തുടങ്ങിയ പേരുകളും അദ്ദേഹത്തിന്‍േറത് തന്നെ.സുഗതഋഷി,ശാസ്ത്രാ എന്നിങ്ങനേയും ബുദ്ധന്‍ അറിയപ്പെട്ടിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ കാണുന്നു.സുഭാഷിതനും സുഭഗനും ബുദ്ധന്‍ തന്നെ.ധനപാലന്‍, സുഗുണപാലന്‍,ധര്‍മ്മ രത്നം, ധര്‍മ്മപാലന്‍ തുടങ്ങിയ നാമപര്യായങ്ങളും ബുദ്ധന്‍േറതാണ്.വൈശാഖ നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ അദ്ദേഹത്തെ ആ പേരിലും സംബോധന ചെയ്യാറുണ്ട്.
              അപ്പന്‍ എന്നത് ബുദ്ധനുമായി ബന്ധപ്പെട്ട സങ്കല്‍പ്പമത്രെ.അങ്ങനെയെങ്കില്‍ മലയാളത്തിലെ ഒട്ടുമുക്കാല്‍ പേരുകളും ബുദ്ധന്‍േറതാണെന്ന് പറയേണ്ടി വരും.അയ്യപ്പന്‍, പൊന്നപ്പന്‍, തങ്കപ്പന്‍,കുട്ടപ്പന്‍ എന്നിങ്ങനെ പോകുന്നു ആ പരമ്പര.അല്ലെങ്കില്‍ തന്നെ ശാസ്താവ് അഥവ അയ്യപ്പന്‍ ബുദ്ധനാണെന്നൊരു വാദമുണ്ടല്ലോ?ബോധിസത്വന്‍ എന്ന വിശേഷണം ബുദ്ധദേവന് മാത്രം അവകാശപ്പെട്ടതാണ്. അമരകോശ പ്രകാരം ബുദ്ധന്‍െറ വിശേഷണങ്ങള്‍ ശാക്യസിംഹന്‍,ശൗദ്ധോദനി,മായാദേവീസുതന്‍ തുടങ്ങിയവയാണ്.കൂടാതെ അര്‍ക്കബന്ധു എന്നൊന്ന് കൂടിയുണ്ട്.അത് അദ്ദേഹത്തിന്‍െറ ഗോത്ര നാമമത്രെ.സര്‍വാത്ഥ സിദ്ധന്‍ എന്നും ബുദ്ധന്‍ വിളിക്കപ്പെട്ടിരുന്നു.
           ബുദ്ധനുമായി ബന്ധമുള്ള പേരുകള്‍ സ്വീകരിക്കുന്നത് ആ മഹാമഗുരുവിനോടുള്ള ആദരവിന്‍െറയും സ്നേഹത്തിനേറയും ലക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ആര്‍.സുഗതന്‍ ബുദ്ധദര്‍ശനങ്ങളോടുള്ള ആകര്‍ഷണം മുന്‍നിര്‍ത്തി സ്വയം ആ പേര് സ്വീകരിക്കുകയായിരുന്നു.ശ്രീധരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യപേര്.മക്കള്‍ക്ക് പേരിടുന്ന ചര്‍ച്ചകളില്‍ മിക്കവാറും രക്ഷിതാക്കളുടെ മുന്നില്‍ ആദ്യമത്തൊറുള്ള പേര് ഒന്നുകില്‍ ബുദ്ധന്‍െറ പ്രധാന പര്യായങ്ങളായ സിദ്ധാര്‍ഥനും ഗൗതമനും തന്നെയായിരിക്കും.എന്‍െറ ഏറ്റവുമടുത്ത നാലോ അഞ്ചോ സുഹൃത്തുക്കള്‍ മക്കളുടെ പേരിടാന്‍ നേരത്ത് രണ്ടാമതൊരു ആലോചന ആവശ്യമില്ലെന്ന് കണ്ട് സിദ്ധാര്‍ഥ് എന്നത് എടുക്കുകയുണ്ടായി.ഇതില്‍ തന്നെ ഒരാള്‍ സത്യം പറഞ്ഞാല്‍ എന്നോട് കുട്ടിക്ക് ഇടാനൊരു പേര് ചോദിക്കേണ്ട താമസം ഞാന്‍ സിദ്ധാര്‍ഥനെന്ന് പറയുകയും ചെയ്തു.ഞങ്ങള്‍ മകന്‍െറ പേരിടാന്‍ സമയം സ്വാഭാവികമായും പല പേരുകളും ചര്‍ച്ചക്ക് വരുകയുണ്ടായി.ബുദ്ധന്‍െറ പേരുകളിലൊന്ന് വേണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നുവെന്നതും നേരാണ്.ഇടക്കൊന്ന് പറയട്ടെ.ഞങ്ങള്‍ പെരുമ്പാവൂരിലെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്.യുണൈറ്റഡ് ഫാമിലി ട്രസ്റ്റ്.അതിലെ ഇരുപതോളം അംഗങ്ങളില്‍ മൂന്ന് പേരുടെ മക്കള്‍ സിദ്ധാര്‍ഥന്മാരാണ്.ഞങ്ങളുടെ കുടുംബ സംഗമങ്ങളില്‍ ആദ്യമൊക്കെ ഏതേത് സിദ്ധാര്‍ഥനാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയിരുന്നു.ട്രസ്റ്റില്‍ നാലാമതൊരു  സിദ്ധാര്‍ഥ് കൂടി വരുന്നത് ബുദ്ധിയല്ലെന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.മോന്‍െറ കാര്യത്തില്‍ ബുദ്ധന്‍െറ മറ്റേതെങ്കിലും പേര്‍ കണ്ടത്തൊനായിരുന്നു ആഗ്രഹം.അച്ഛന്‍െറ തറവാട്ടിലെ രണ്ട് പേര്‍ക്ക് സുഗതന്‍ എന്നാണ് പേര്.സുഭഗും സുഭാഷും ഞങ്ങളുടെ കുടുംബത്തിലുണ്ട്. സിദ്ധാര്‍ഥ ഗൗതമന്‍െറ ഏകമകന്‍ രാഹുലിന്‍െറ പേരും മനസ്സില്‍ വരാതിരുന്നില്ല.അധികം ചര്‍ച്ചക്ക് പോകാതെ ഗൗതമനില്‍ ഉറപ്പിച്ചു. അപ്പോള്‍ ചെറിയൊരു തര്‍ക്കം ബാക്കി നിന്നു.പേരിന്‍െറ അറ്റമൊന്ന് മുറിച്ച് ഗൗതം ആക്കിയാലോ എന്ന അഭിപ്രായം കടന്ന് വന്നു.അങ്ങനെയുള്ള ചെറിയൊരു വിട്ട് വീഴ്ചക്ക് ഞാനും തയ്യാറായതായിരുന്നു.ഞാനന്ന് തിരുവനന്തപുരത്തായിരുന്നു പത്രപ്രവര്‍ത്തനം നടത്തി വന്നിരുന്നത്. ഒരു ദിവസം പാളയത്ത് വെച്ച് സുഹൃത്ത് ‘ഹിന്ദു’വിലെ കെ.സന്തോഷിനെ  കാണുകയുണ്ടായി.ഞങ്ങളിരുവരും എം.എല്‍.എ ഹോസ്റ്റലിലെ ഇന്ത്യന്‍ കോഫീ ഹൗസിലിരുന്ന് അല്‍പ്പം സമയം സംസാരിച്ചു.മോന്‍െറ പേര് തീര്‍ച്ചയാക്കിയോയെന്ന് സന്തോഷ് തിരക്കി.ഗൗതമന്‍ ഗൗതം ആശയക്കുഴപ്പത്തിന് അവസാന തീര്‍പ്പ് കല്‍പ്പിച്ചതും സന്തോഷായിരുന്നു.
      മറ്റൊരു സുഹൃത്ത് ഷാനവാസ് പോങ്ങനാട് അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.അദ്ദേഹത്തിന്‍െറ നാടായ കിളിമാന്നൂരില്‍ ഒരു ഗൗതമന്‍ മുതലാളിയുണ്ട്.മോനെ പേര് വിളിക്കുമ്പോള്‍ വൃദ്ധനായ അങ്ങേരെ ഓര്‍മ വരുമത്രെ.പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഗൗതമന്‍ ഭാസ്കരന്‍െറ കാര്യം ഞാനും സന്തോഷും സന്തോഷും പങ്ക് വെക്കുകയുണ്ടായി.അദ്ദേഹം തമിഴ് നാട് സ്വദേശിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.അതാണ് പേരിനൊടുവില്‍ ‘ന്‍’ വന്നത്.ഗൗതം ഘോഷ് ഉള്‍പ്പെടെയുള്ള ബംഗാളികളുടെ പേരോര്‍ത്തു.ഉത്തരേന്ത്യന്‍ പേരുകളിലും ഗൗതം തന്നെ. ഗൗതം ഗംഭീര്‍, ഗൗതം സിംഗ് അങ്ങനെ പോകുന്നു.ഒടുവില്‍ എന്‍െറ അച്ഛന്‍െറ പേരു കൂടി ചേര്‍ത്ത് മകന്‍െറ പേര് നിശ്ചയിച്ചു.ഗൗതമന്‍ രാജന്‍.പിന്നീട് പലരുടേയും മക്കളുടെ പേര്‍ ചോദിച്ചപ്പോള്‍ ഗൗതം എന്ന് നിരവധി തവണ കേള്‍ക്കാനായി.എന്നാല്‍ രണ്ട് പേര്‍ ഗൗതമന്‍ എന്നാണ് എന്ന് പ്രത്യേകം എടുത്ത് പറയുകയുണ്ടായി.വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.ഡേവീസ് വളര്‍ക്കാവ് ഇനിയെന്നെങ്കിലും ബുദ്ധ നാമധാരികളുടെ സംഗമം വിളിച്ച് ചേര്‍ക്കുകയാണെങ്കില്‍ ഇവരെല്ലാവരേയും പങ്കെടുപ്പിക്കണമെന്നുണ്ട്.


4 comments:

  1. Sarvajna Sugatho Buddha
    Dharmaraja Thathhaagatha.

    Satabala Advayavaadi Vinaayakah

    ReplyDelete
  2. I never knew Buddha was known in so many names. Thanks for the knowledge rajmohan chetta. If you have not read Siddhartha by Herman Hesse, please read it. I have a feeling you might like it.

    ReplyDelete
    Replies
    1. thank you for your recommendation .
      i have read it during early eighties.
      but couldnt recollect more.i want to read it once more
      those days i have seen a movie based on the same
      starring sasi kapoor

      Delete