Monday, July 29, 2013

ധ്യാനബുദ്ധകഥയുടെ പൊരുള്‍ തേടി



    
 വലിയ ഒരു വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയാണ്.കഴിഞ്ഞ പോസ്റ്റില്‍ ഒരു കാര്യം ഏറ്റിരുന്നു.ഡോ.എം.എം.ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ധ്യാന ബുദ്ധകഥകളിലെ ശ്രദ്ധേയമായ ഒന്ന് ‘മധ്യമാര്‍ഗം’ ബ്ളോഗില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹമായിരുന്നു അതില്‍ പങ്ക് വെച്ചത്.പബ്ളീഷര്‍ സമ്മതിക്കുകയാണെങ്കില്‍ ആ കഥ വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തണമെന്ന് കരുതി.പിറ്റേന്ന് തന്നെ കോഴിക്കോട്ടെ ലിപി ബുക്സില്‍ വിളിച്ചു.ഫോണ്‍ അറ്റന്‍്റ് ചെയ്ത സുഹൃത്ത് ഉടമ ശ്രീ.അക്ബറിന്‍്റെ സെല്‍ നമ്പര്‍ തന്നു.നേരെ അദ്ദേഹത്തെ വിളിച്ചു.കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലഞ്ച് വര്‍ഷം പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും  അക്ബറിനെ പരിചയമില്ല.പരിചയപ്പെടുത്തിയപ്പോള്‍ പല പത്ര കൂട്ടുകാരും അദ്ദേഹത്തിന്‍്റെ അടുത്ത പരിചയക്കാരാണ്.ആവശ്യം മുന്നോട്ട് വെക്കേണ്ട താമസം അക്ബര്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്ളാങ്ക് ചെക്ക് നല്‍കുകയായിരുന്നു.സത്യം പറഞ്ഞാല്‍ അത്ഭുതം തോന്നി.മധ്യമാര്‍ഗം ബ്ളോഗ് ഇടക്ക് ഒന്ന് നോക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും  ചെയ്തു. പിറ്റേന്ന് തന്നെ ‘അങ്ങനെയോ?’എന്ന തലക്കെട്ടിലുള്ള കഥ പോസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്.പലത് കൊണ്ടും അത് വൈകിപ്പോയി.അതാണ് തുടക്കത്തില്‍ നടത്തിയ ഏറ്റ്പറച്ചില്‍.ഇതിനിടയിലെങ്ങാനും അക്ബര്‍ ബ്ളോഗ്  സന്ദര്‍ശിക്കുകയുണ്ടായോ എന്ന ആശങ്ക സത്യം പറഞ്ഞാല്‍ അല്പം ജാള്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയട്ടെ.

    പറ്റിയ വീഴ്ച  എത്രയും പെട്ടെന്ന് പരിഹരിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍.


     ‘അങ്ങനെയോ?’


   ധ്യാനബുദ്ധസന്ന്യാസിയായ ഹക്കുയിന്‍ പരിശുദ്ധജീവിതം നയിക്കുന്നതില്‍ സന്തുഷ്ടരായ നാട്ടുകാര്‍ അദ്ദേഹത്തെ പുകഴ്ത്തി.അദ്ദേഹത്തിന്‍്റെ   ആശ്രമത്തിന്നടുത്ത് സുന്ദരിയായ ഒരു യുവതിയുടെ അച്ഛനമ്മമാര്‍ ഭക്ഷണ ശാല നടത്തിയിരുന്നു.തങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്ന് അവര്‍ ഒരു ദിവസം മനസ്സിലാക്കി.ആരാണ് അതിന് ഉത്തരവാദി എന്ന് അവള്‍ ആദ്യമൊന്നും പറഞ്ഞില്ല.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവള്‍ ഹക്കുയിന്‍്റെ പേരു പറഞ്ഞു.അത് കേട്ട അവളുടെഅച്ഛനമ്മമാര്‍ അദ്ദേഹത്തിന്‍്റെ താമസസ്ഥലത്ത് ചെന്ന് അടക്കാനാകാത്ത കോപത്തോടെ വായില്‍ വന്നതെല്ലാം വിളിച്ച് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘അങ്ങനെയോ?’
യുവതിയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ ഹക്കുയിന്‍്റെ അടുത്തേക്ക് കൊടുത്തയച്ചു.ഇതിനകം  ഹക്കുയിന്‍്റെ സല്‍പ്പേരും അംഗീകാരവും എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.അതൊന്നും അദ്ദേഹത്തെ തീരെ അലട്ടിയതേയില്ല.കുഞ്ഞിനെ വേണ്ട പോലെ തന്നെ അദ്ദേഹം പരിരക്ഷിച്ചു. ആവശ്യമായ പാലും മറ്റ് വസ്തുക്കളും അയല്‍ക്കാരില്‍നിന്ന് സമ്പാദിച്ച് കുഞ്ഞിനെ പരിപാലിച്ചു. 
  ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അമ്മയായ യുവതിക്ക് പിടിച്ച് നില്‍ക്കാനാവാതെയായി.അവള്‍ ഒടുവില്‍ വീട്ടുകാരോട് സത്യം തുറന്ന് പറഞ്ഞു.മീന്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് കുഞ്ഞിന്‍്റെ യഥാര്‍ത്ഥ അച്ഛന്‍.                                
  സത്യം ബോധ്യപ്പെട്ട അവളുടെ രക്ഷിതാക്കള്‍ ഹക്കുയിനെ കണ്ട് മാപ്പപേക്ഷിച്ചു.അവര്‍ കുഞ്ഞിനെ തിരികെ കിട്ടാന്‍ അപേക്ഷിച്ചു.അങ്ങനെ കുഞ്ഞിനെ തിരികെ ഏല്പിക്കുമ്പോഴും ഹക്കുയിന്‍ ഇപ്രകാരം ചോദിച്ചു:

                                                      ‘അങ്ങനെയോ?’


                      * * *                       * * *                    * * *                        * * *  

   മേല്‍ ഉദ്ധരിച്ച കൊച്ച് ധ്യാനബുദ്ധകഥയുടെ സാരാംശം സ്വയം വിശദീകരണത്തിന് അര്‍ഹമായ ഒന്നാണ് എന്നുള്ളതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.എന്നിരുന്നാലും വര്‍ത്തമാനകാല സാഹചര്യത്തില്‍ എല്ലാവരും  ഉള്‍ക്കൊള്ളേണ്ട പല വിധത്തിലുള്ള ഗഹനങ്ങളായ അര്‍ത്ഥതലങ്ങളുള്ള ഒന്നാണ് അതെന്ന കാര്യത്തില്‍ സംശയം വേണ്ട.ധ്യാനബുദ്ധകഥകളുടെ സവിശേഷതയും അതത്രെ.സെന്‍ ബുദ്ധിസം അഥവ ധ്യാന പ്രധാനമായ ബുദ്ധമതം നല്‍കുന്ന ദര്‍ശനവും അത് തന്നെ.അക്ഷരങ്ങള്‍ക്കും അത് ചേര്‍ന്ന് രൂപമെടുക്കുന്ന വാക്കുകള്‍ക്കും അപ്പുറമുള്ളതാണ് എഴുത്ത് ഭാഷയില്ലാത്ത തീര്‍ത്തും വ്യതിരിക്തമായ ഈ അധ്യയന മാര്‍ഗം.ധ്യാനത്തിലൂടെ ഓരോരുത്തരും സ്വയം തിരിച്ചറിയപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേരുകയാണ് വേണ്ടത്.കാര്‍ക്കശ്യം നിറഞ്ഞ മത ബോധന രീതികള്‍ പിന്‍പറ്റുമ്പോള്‍ സ്വാഭാവികമായും മനുഷ്യ മനസ്സുകളില്‍ ഒരു തരം വൈരനിര്യാതന(Retaliation) പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതായിട്ടാണ് പൊതുവെയുള്ള അനുഭവം.
   അവിടെയാണ് ബുദ്ധ ദര്‍ശനങ്ങളുടെ പ്രസക്തി.യാതൊരുവിധമായ ശാഠ്യവുമില്ലാത്തതും ഉപചാരങ്ങള്‍ ഏതുമില്ലാത്തതുമായ ആ ആത്മീയാന്വേഷണത്തിന്‍്റെ ഫലപ്രാപ്തി അനിര്‍വചനീയമാണ്.സംശയ രഹിതരും ഭീതിയില്‍നിന്ന് മുക്തതരുമാകുന്നവായിരിക്കും ധ്യാനമതം പിന്‍പറ്റുന്നവരെന്ന് അനുഭവങ്ങള്‍ പറയുന്നു.സ്വാനുഭവങ്ങളിലൂടെ ബുദ്ധദര്‍ശനങ്ങള്‍ നേടിയെടുക്കാനാകുമെന്നുള്ളതാണ് അതിന്‍്റെ മുഖ്യ ആകര്‍ഷണം.മഹായാന മാര്‍ഗം സ്വീകരിക്കുന്ന സെന്‍ ബുദ്ധമത സമ്പ്രദായം ആറാം നൂറ്റാണ്ടില്‍ ചൈനയിലാണ് രൂപം പ്രാപിച്ചതെന്നാണ് വിശ്വാസം.എന്നിരുന്നാലും പൊതുവെ ധ്യാന  ബുദ്ധകഥകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് ജപ്പാനാണ്.

Saturday, July 13, 2013

‘ധ്യാന ബുദ്ധ കഥകള്‍’തിരയേണ്ടി വന്നതോര്‍ത്തപ്പോള്‍...............

            സത്യം പറഞ്ഞാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല അലച്ചിലായിരുന്നു.മഴക്കായി ഒരു പാട് കാത്തിരുന്നു. ഒടുവില്‍ അത് വന്നത്തെി.മഴയെന്തായാലും വരുമെന്ന കാര്യം മനസ്സിലാക്കി  ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.എത്രയും നേരത്തെ തന്നെ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളാണ് അവ.എല്ലാം അവസാന നിമിഷം ചെയ്യാമെന്ന   ഉപേക്ഷ എന്ന ഗണത്തില്‍ പെടുത്താവുന്ന സഹജമായ ശീലം തന്നെ അവിടെയും വിജയിച്ചു.ഈ അവസ്ഥാ വിശേഷത്തെ ഇംഗ്ളീഷില്‍ procrastination എന്നാണ് പറയുന്നത്്.അതിന് വളരെ കൃത്യമായ ഒരു മലയാള പദം നിര്‍വചിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അറിയില്ല.ഏതായാലും 11-ാം മണിക്കൂറിലേക്ക് വെച്ച് നീട്ടുന്നുവെന്നൊക്കൊ പൊതുവെ പറയാവുന്ന ഒന്നാണ് അതെന്ന് നിസംശയം പറയാം.ബ്ളോഗില്‍ ഒരു കുറിപ്പ് എഴുതുവാന്‍ നേരം  ഈ ആംഗലേയ പദത്തിന്‍്റെ കൃത്യമായ മലയാള  അര്‍ത്ഥം ടി.രാമലിംഗം പിള്ളയുടെ നിഘണ്ടുവിലൊന്ന് പരതി.അവിടെ ഇങ്ങനെ കാണാനായി.
   ‘procrastinate(പ്രൗക്രാസ്റ്റിനെയ്റ്റ് )v.defer action; put off from day to day ;നീട്ടിവെക്കുക; നീട്ടിക്കൊണ്ടു പോകുക;നീണ്ട അവധിക്ക് വെക്കുക;വിളംബിപ്പിക്കുക;ദീര്‍ഘസൂത്രം പ്രയോഗിക്കുക;n.procrastination നീട്ടിക്കൊണ്ടു പോകല്‍; വിളംബം വരുത്തല്‍;adj.procrastinatinative; n.procrastinator.’
   ചുരുക്കത്തില്‍ ഒരു കാര്യം തറപ്പിച്ച് പറയാം.സ്വയം വിമര്‍ശനം എന്ന നിലയില്‍ ഞാനൊരു procrastinator ആണെന്ന് പറയുന്നതില്‍ തെറ്റില്ല.ഇതിനെ ഇന്നത്തെ ചിന്താ വിഷയമായി  തന്നെ നിശ്ചയിക്കുകയാണ്.കാരണം മറ്റൊന്നുമല്ല.അത് ശരിയാകാ(ക്കാ)ത്തിടത്തോളം ഒരു കാര്യവും മുന്നോട്ട് നടക്കില്ളെന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്.വൈകിയ വേളയിലെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ തോന്നിയല്ളോ എന്ന ആശ്വാസം മാത്രമാണ് ആകെയുള്ള കരുത്ത്.
  ആദ്യമേ  തന്നെ ഒരു കുറ്റ സമ്മതവുമായിട്ടായിരുന്നല്ളോ കുറിപ്പ് ആരംഭിച്ചത്.അതേ കുറിച്ച് ചെറിയൊരു വിശദീകരണം നടത്തേണ്ടത് ആവശ്യവുമാണല്ളോ?.മറ്റൊന്നുമല്ല.മഴ തുടങ്ങും മുമ്പേ കുട നന്നാക്കി വെക്കലും ,മേല്‍ കൂരയിലെ പൊട്ടിയ ഓട് മാറ്റി വെക്കലും ഉള്‍പ്പെടെ നാളേക്ക് മാറ്റി വെക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നിരവധിയാണ്. അതിലൊക്കൊ തന്നെ വീഴ്ച പറ്റിയെന്നതാണ് സത്യം. 
    ഇതിനിടയില്‍ കുറച്ച് നാള്‍ മുമ്പ് വാങ്ങിച്ച ചെറിയ ഒരു പുസ്തകം വെച്ച സ്ഥലം എവിടെ എന്നറിയാതെ അല്പം ബുദ്ധിമുട്ടി.വലിയ വില കൊടുത്ത് വാങ്ങിച്ച പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്ത് വാരിവലിച്ചിടുന്നത് പതിവാക്കിയിരുന്നു.തീര്‍ച്ചയായും മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ല അതൊന്ന് വ്യക്തമായും അറിയാം.അതെല്ലാമൊന്ന് അടുക്കി പെറുക്കി വെക്കാമെന്ന ചിന്ത പെട്ടെന്ന് മനസ്സില്‍ പൊട്ടി മുളക്കാന്‍ കാരണം വേറൊന്നുമായിരുന്നില്ല. കാണാതെ പോയ ആ പുസ്തകം എങ്ങനേയും സംഘടിപ്പിക്കണം.കുന്ന് കൂടി കിടന്ന പുസ്തകങ്ങളെല്ലാം  പതിയെ ഒരു വശത്താക്കി ബുക്ക് ഷെല്‍ഫില്‍ ഒരുവിധം ഭംഗിയായി വെക്കുന്നത് കണ്ടപ്പോള്‍ നല്ലപാതിക്ക് അത്ഭുതം.കാര്യമായി ഏന്തോ ഒരു പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടല്ളോ എന്ന  മുഖഭാവം കൃത്യമായി അവിടെ പ്രകടമായി.
   ഭാഗ്യം.അന്വേഷിച്ച പുസ്തകം അധികം തിരയും മുമ്പേ തന്നെ കൈയ്യില്‍ തടഞ്ഞു.ഡോ.എം.എം ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ‘ധ്യാന ബുദ്ധ കഥകള്‍’ആയിരുന്നുവത്. കോഴിക്കോട്ടെ ലിപി പബ്ളിക്കേഷന്‍ പ്രസാധനം ചെയ്ത 50 രൂപ വിലുയുള്ള പുസ്തകം തീര്‍ച്ചയായും നല്ളൊരു വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ്.ഒന്നിനൊന്ന് മികച്ച അതിലെ 97 കഥകളും പുസ്തകം വാങ്ങിച്ചയുടന്‍  ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ത്തതാണ്.ചുറ്റും നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ സെന്‍ ബുദ്ധ കഥകള്‍ അറിയാതെ മനസ്സില്‍ കടന്ന് വരിക സ്വാഭാവികം.അങ്ങനെ പെട്ടെന്ന് മനസ്സില്‍ പൊന്തി വന്ന  ഒരു കൊച്ച് കഥ വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നി.അങ്ങനെയാണ് പുസ്തകം തപ്പിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്്.ഒടുവില്‍ ആ ആഗ്രഹം സാധിച്ചെടുത്തു.ആ കഥ ഏതാണെന്ന് ബ്ളോഗ് വായനക്കാര്‍ക്ക് പറഞ്ഞ് തരണമെന്ന് അതിയായ ആഗ്രഹമുണ്ട്.പക്ഷെ പ്രസാധകന്‍്റെ അനുമതി കൂടാതെ പുസ്തകത്തിന്‍്റെ ഉള്ളടക്കം പുനരാവിഷ്ക്കരിക്കാന്‍ പാടുള്ളതല്ല.എല്ലാ പുസ്തകങ്ങളിലുമുള്ള  ഈ മുന്നറിയിപ്പ് പൂര്‍ണമായും അനുസരിക്കുന്നു.പ്രസാധകര്‍ സമ്മതം മൂളുകയാണെങ്കില്‍ മനസ്സില്‍ തട്ടിയ ആ കഥ പിന്നീട് പറഞ്ഞു തരാന്‍ ഞാന്‍ ഒരുക്കമാണ് എന്നറിയിക്കട്ടെ. 
                                          

                                                            ******************************
     

Wednesday, January 09, 2013

നഷ്ടമാകുന്ന സ്നേഹ ബന്ധങ്ങള്‍ ഓര്‍ക്കുക , ബുദ്ധന്റെ വചനങ്ങള്‍


   




 സ്നേഹ ബന്ധത്തിന്‍െറ മാഹാത്മ്യം വിളിച്ചോതുന്ന നല്ല നല്ല വിശേഷണ പദങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വചനങ്ങള്‍ അടങ്ങിയ  അതി മനോഹരങ്ങളായ ആശംസാ കാര്‍ഡുകള്‍ നാം വലിയ വില കൊടുത്ത് വാങ്ങാറുണ്ട്.കാലം മാറിയപ്പോള്‍ മിക്കവര്‍ക്കും കാര്‍ഡിന് പകരം ഇ-മെയിലിലായി താല്പര്യം.എസ്.എം.എസിനെ ആശ്രയിക്കുന്നവരും കുറവല്ല.അതിശയോക്തിയെന്നോ അതിഭാവുകത്വമെന്നോ വേണമെങ്കില്‍ പറഞ്ഞ് കൊള്ളൂ.ഇവയെല്ലാം മേല്‍ വിലാസക്കാരന്‍െറ അടുത്ത് എത്തുന്നതിന് മുമ്പേ വേണമെങ്കില്‍ പലരുടേയും സ്നേഹ ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുക്കാറുണ്ട്.കനകവും കാമിനിയുമായി കലഹത്തിന് കുഞ്ചന്‍ നമ്പ്യാര്‍ കണ്ടത്തെിയ കാരണങ്ങള്‍ തന്നെയാണ് സൗഹൃദങ്ങള്‍ തകരാനും കാരണമാകുന്നത്.
ആത്മാര്‍ത്ഥതയുള്ള ചങ്ങാതിമാരില്ലാത്തതാണ് നമുക്കിടയില്‍ പല വിധ പ്രശ്നങ്ങളും ഉടലെടുക്കാന്‍ കാരണമെന്ന് അനുമാനത്തില്‍ തെറ്റില്ല.രാഷ്ട്രീയം ,മതം,ജാതി,തൊഴില്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭജനങ്ങളാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.സ്ഥാപിത താല്പര്യ സംരക്ഷണത്തിന്‍െറ ഭാഗമായി പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെയാണ് ചുറ്റും കാണാനാകുക.സ്നേഹ ബന്ധത്തിന്‍െറ കഥകള്‍ സന്മാര്‍ഗ പുസ്തകങ്ങളിലും ലാഭം മാത്രം മുന്നില്‍ കണ്ട് പടച്ച് വിടുന്ന കച്ചവടസിനിമകളിലും മാത്രമായി ഒതുങ്ങുന്നു.കൂട്ട് എന്നത് ആര്‍ക്കും ലഭ്യമല്ലാതെ വരുന്ന കിട്ടാക്കനിയായി വരുമ്പോള്‍ മാത്രമാണല്ളോ അതിന് വിലയേറുന്നത്.സിനിമക്ക് പറ്റിയ ഒരു വിഷയമായി അത് മാറുന്നതും അങ്ങശന തന്നെയാണ്.വെറും സ്വാര്‍ത്ഥ താല്പര്യത്തിന് മാത്രമായി എല്ലാ ബന്ധങ്ങളും പരിമിതപ്പെടുന്നു.
   A Friend in need is a friend indeed.
  ഈ ആംഗലേയ പഴമൊഴിയുടെ വര്‍ത്തമാന കാല പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടെന്നാണല്ളോ നമ്മുടെ വിശ്വാസം.ഏറ്റവുമടുത്ത സുഹൃത്ത് എന്ന് പറയുന്നയാളില്‍ നിന്നായിരിക്കും ആദ്യത്തെ അടി ലഭിക്കുന്നത്.ശത്രുവിനോട് എപ്പോഴും നിശ്ചിത അകലം പാലിച്ച് നടക്കുന്നതിനാല്‍ എന്നും ഒരു കരുതലുണ്ടായിരിക്കും.എന്നാല്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നയാള്‍ പിന്നില്‍ നിന്ന് കുത്തുന്നതിനെ മുന്‍കുട്ടി അറിയാനാകാതെ പോകുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.പച്ചയായി പറഞ്ഞാല്‍ ഇരുട്ടടി കിട്ടുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയപ്പെട്ടിട്ടുണ്ടാകുക.അപ്പോഴേക്കും കയറിപ്പോകാന്‍ പറ്റാത്ത ഗര്‍ത്തങ്ങളില്‍ പതിച്ചിട്ടുമുണ്ടാകും.
          സൗഹൃദങ്ങള്‍ വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ ചങ്ങാത്തത്തിന ്സംഭവിച്ചത് എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ഇന്‍റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെ അടച്ചാക്ഷേപിക്കാനൊരുങ്ങുന്നില്ല.എങ്കിലും അജൈവികമായ ഇത്തരം സങ്കേതങ്ങളെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്നതിന്‍െറ പിന്നിലെ യുക്തിരാഹിത്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.എത്രയെത്ര അനഭവങ്ങളുണ്ടായിട്ടും പാഠം പഠിക്കാനുള്ള ആര്‍ജ്ജവമൊട്ട് കാണിക്കാനും ഒരുക്കമല്ല. പുതു തലമുറയെ സംബന്ധിച്ചിടത്തോളം സൗഹൃദങ്ങളെ നിശ്ചയിക്കുന്നതിന്‍െറ അളവുകോലുകള്‍ വ്യത്യസ്തമാണ്.കൂട്ടുകാരെ മാത്രമേ വിശ്വാസമുള്ളൂവെന്ന വൃതമെടുത്തരായി ചിലരുണ്ട്.മാതാപിതാക്കളേയും സുഹൃത്തുക്കളാക്കാമെന്ന നവ സിദ്ധാന്തങ്ങള്‍ നല്ളൊരു കാല്‍വെയ്പാണ്.മുമ്പ് കാലത്ത് ഇത്തരത്തിലുള്ള ആശയങ്ങളൊന്നും തന്നെ ഒരിക്കലും പ്രചരിപ്പിക്കപ്പെട്ടിരുന്നില്ളെന്നുള്ളതാണ് വാസ്തവം.തന്നെയുമല്ല ,ഇത്തരം പുരോഗമന ചിന്തകള്‍ സമര്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കുടില തന്ത്രങ്ങള്‍ ഉപയേഗിച്ച്  അവയെയെക്കൊ മുളയിലേ തന്നെ നുള്ളിക്കളയാന്‍ യാഥാസ്ഥിതിക സമൂഹം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുള്ളതായും കാണാം.സൗഹൃദങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പുതു തലമുറയെ കുറ്റപ്പെടുത്തുമ്പോള്‍ ഒരിക്കലും അതില്‍ മേല്‍ സൂചിപ്പിച്ച പാരമ്പര്യ വാദത്തിന്‍െറ ഭാഗമായി കാണാരുതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.ഏതൊരു ഒൗഷധം നിര്‍മ്മിക്കുമ്പോഴും അതിന്‍െറ ഗുണദോഷ വശങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ക്ളിനിക്കല്‍ ട്രയല്‍ എന്നൊന്ന് നടന്നിരിക്കും.മരുന്ന് പരീക്ഷണമെന്നൊക്കെ ആരോപിക്കപ്പെടുന്ന,മനുഷ്യനെ ഗിനിപ്പിഗ്ഗുകളാക്കിയെന്ന ആക്ഷേപിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് മനുഷ്യ രാശിക്ക് ഗുണം ചെയ്യുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ വരെ നിര്‍മ്മിക്കുന്നത്.ആദ്യമൊക്കൊ പാര്‍ശ്വഫലങ്ങള്‍ കണ്ടെന്ന് വരും .എന്ന് കരുതി അവ ഉപേക്ഷിക്കുന്നില്ല. തുടര്‍പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് കുറ്റമറ്റതായ ഒന്നിനായി പരിശ്രമം തുടരുകയാണല്ളോ പതിവ്.സമൂഹത്തെയാകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന മൂല്യച്യൂതിയെന്ന മഹാവ്യാധിയുടെ അനവധി ലക്ഷണങ്ങളിലൊന്നാണ് യഥാര്‍ത്ഥ സൗഹൃദം നഷ്ടപ്പെടുന്ന അവസ്ഥ.കൃത്യമായ രോഗ നിര്‍ണയവും യഥാവിധിയുള്ള ചികിത്സയുമാണ് ഇതിനുള്ള ഏക പ്രതിവിധി.ആഗോളവത്കരണത്തിന്‍െറ കാലഘട്ടത്തില്‍ രോഗപ്രതിരോധ ശക്തി പൊതുവെ കുറവായിരിക്കുമെന്നാണ് അനുഭവം.തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ സൗഹൃദത്തിന്‍െറ മാഹാത്മ്യം കൊട്ടിഘോഷിക്കാന്‍ ആശംസാ കാര്‍ഡിനെ ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല.എന്തിനും ഏതിനും വിപണിയുടെ സാധ്യതയെ അന്വേഷിക്കുന്ന കച്ചവട തന്ത്രം മാത്രമാണിതെന്നും ഇത്തരത്തിലുള്ള തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് യാതൊരു ഫലവുമൂണ്ടാകില്ളെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഉപാധികള്‍ നിശ്ചയിക്കപ്പെടാത്ത സൗഹൃദങ്ങള്‍ തിരിച്ച് പിടിക്കുകയെന്നത് ക്ഷിപ്ര സാധ്യമായിരിക്കുകയില്ല.  മറ്റെല്ലാ വേര്‍തിരിവുകളും മറന്ന്  വ്യ ക്തമായ  ബോധത്തോടെ അത്തരമൊരു ലക്ഷ്യം മുന്‍ നിര്‍ത്തി ഒരുമിക്കണം .അതിനായി    മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞു കൊണ്ട് വേണം മുന്നോട്ട്‌ പോകാന്‍ .അങ്ങനെ  മനുഷ്യ സമൂഹം ഒരൊറ്റ മനസ്സുമായി പരസ്പരം കൈ കോര്‍ത്തിരുന്നുവെങ്കിലെന്ന് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ച് പോകുകയാണ്.

   അവസാനിപ്പിക്കുമ്പോള്‍ താഴെപ്പറയുന്ന വാചകങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 

         ത്യജിക്കാന്‍ എളുപ്പമല്ലാത്ത വസ്തുക്കള്‍ മടിയില്ലാതെ തരുന്നവന്‍, 
        സഹിക്കാന്‍ എളുപ്പമല്ലാത്തത് സഹിക്കുന്നവന്‍, 
        കരളിനെ നീറ്റുന്ന വാക്കുകള്‍ പൊറുക്കുന്നവന്‍, 
        സ്വന്തം രഹസ്യങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നവന്‍, 
        നിങ്ങളുടെ രഹസ്യങ്ങള്‍ വ്രതനിഷ്ഠയോടെ കാത്ത് സൂക്ഷിക്കുന്നവന്‍, 
       ദുരിത കാലത്ത് തള്ളിപറയാത്തവന്‍,
       തകര്‍ന്നിരിക്കുമ്പോള്‍ കുറ്റപ്പെടുത്താത്തവന്‍..
        ............ അവനാരോ അവനാണ് നേരായ ചങ്ങാതി. 
 ശ്രീ ബുദ്ധന്‍െറ വചനങ്ങളാകുന്നു ഇത്.സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഈ വചനം വായിക്കാന്‍ കഴിഞ്ഞത് അഖില കേരള മിശ്ര വിവാഹ സംഘത്തിന്‍െറ പ്രസിദ്ധീകരണമായ ‘മാനുഷ്യകം’ ദൈ്വ മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ നിന്നാണ്.അണിയറ പ്രവര്‍ത്തകര്‍ക്ക ്പ്രത്യേക  നന്ദിയും കടപ്പാടും.