Saturday, August 13, 2016



തിരിച്ചറിയണം വള്ളം കളിയുടെ വിപണി സാധ്യതകളെ
 ആസ്ട്രേല്യയില്‍ നിന്നുള്ള പാട്രിക് ബഞ്ചമിനും കൂട്ടുകാരന്‍ സെബ് എന്ന വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ ലോഗനും ഭൂമിയുടെ ഇങ്ങേയറ്റത്തുള്ള കൊച്ചു കേരളത്തിലേക്ക്  കൈയ്യിലുള്ള ചില്ലിക്കാശെല്ലാം പെറുക്കി കൂട്ടി കഴിഞ്ഞ 2015 ആഗസ്റ്റില്‍ വരാന്‍ തീരുമാനിച്ചത് വെറുതെയായിരുന്നില്ല.ഇന്‍്റര്‍ നെറ്റില്‍ കേരള ടൂറിസത്തിന്‍്റെ ടൂറിസം കലണ്ടറില്‍ ബോട്ട് റേസ് എന്ന ശീര്‍ഷകത്തില്‍ ‘Champakkulam Boat Race Champakkulam  Alappuzha Dist 1 July 2015’എന്ന് കണ്ട് ഇരുവരും അന്വേഷിച്ച് പിടിച്ച് വന്നപ്പോഴേക്കും ചമ്പക്കുളം വള്ളം കളി കഴിഞ്ഞ് പോയി.നിരാശരായ ഇരുവരും തൊട്ടടുത്ത ഇവന്‍്റ് ഏതാണ് എന്ന് നെറ്റില്‍ പരതി നോക്കിയപ്പോള്‍ കണ്ടത് Nehru Trophy Boat Race Punnamada  Alappuzha Dist 8 Aug 2015  എന്നതായിരുന്നു.
  ചമ്പക്കുളമോ നഷ്ടമായി.ഈ പറയുന്ന  പുന്നമട അത്ര വലിയ സംഭവമാണോ..? ഉടനെ കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്ററോട് ബന്ധപ്പെടുകയായിരുന്നു പെര്‍ത്തില്‍ ഹോട്ടല്‍ ഷെഫുമാരായ ഈ സുഹൃത്തുക്കള്‍.ദല്‍ഹി ആസ്ഥാനമായ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എം.ജി റോഡിലെ ബ്രാഞ്ചിലെ ഓപ്പറേഷണല്‍ ഹെഡ് ആയി പ്രവര്‍ത്തിക്കുന്നത് നേവല്‍ ബേസിലേക്ക് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍്റെ ഭാര്യയായിരുന്നു.ഈ നെഹ്റു ട്രോഫി വള്ളം കളി എങ്ങനെയുണ്ടെന്ന് അവര്‍ സഹപ്രവര്‍ത്തകയോട് അടക്കം ചോദിച്ചു.പുന്നമടക്കായലിന് ഒരു വിളിപ്പാടകലെയുള്ള ഈ യുവതി പറഞ്ഞത് കേട്ട് ആവേശം മൂത്ത ഉത്തരേന്ത്യക്കാരി ആദ്യം ചെയ്തത് വിദേശികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുമ്പ് തനിക്കും കുടുംബത്തിനും എങ്ങനെയെങ്കിലും ഒരു സീറ്റൊപ്പിക്കാനായിരുന്നു.
 കഴിഞ്ഞ കുറി നെഹ്റു ട്രോഫി വള്ളം കളി ആദ്യാവസാനം കണ്ട് മടങ്ങിയത് ആസ്ട്രേല്യക്കാര്‍  തങ്ങളുടെ നാട്ടിലെ ആസ്ട്രേല്യന്‍ റോവിങ്ങ് ചാമ്പ്യന്‍ഷിപ്പൊന്നും ഇത്രയും വരില്ളെന്ന് തുറന്ന് സമ്മതിച്ച് കൊണ്ടായിരുന്നു.
   ആവേശത്തിരയിളക്കി തുഴക്കാര്‍ ജലപ്പരപ്പില്‍ ഒരേ താളത്തില്‍ തുഴയെറിയുമ്പോള്‍ കുതിച്ച് മുന്നോട്ട് പായുന്ന വള്ളങ്ങള്‍ ആരേയും ആകര്‍ഷിക്കും.സ്വദേശീകളേയും വിദേശികളേയും ഒരു പോലെ പ്രിയങ്കരമാണ് ഈ ജലമേള.കാലം മാറിയപ്പോള്‍ സ്വദേശികളേക്കാള്‍ അത് ഇഷ്ടമായത് വിദേശീയര്‍ക്കായെന്നത് വാസ്തവം.കഴിഞ്ഞ ജൂണ്‍ 20ന് നടന്ന ചമ്പക്കുളം വള്ളം കളിയോടെ മധ്യകേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കമായി.ആലപ്പുഴ ജില്ലയില്‍ തന്നെയുള്ള 2016 സെപ്തംബര്‍ 16ലെ പായിപ്പാട് വള്ളം കളിയും അന്ന് തന്നെ കോട്ടയം ജില്ലയിലെ കുമരകത്ത് നടക്കുന്ന വള്ളം കളിയും നടക്കും.പിറ്റേന്ന് പത്തനം തിട്ട ജില്ലയിലെ ആറന്മുള വള്ളം കളിയും കാണാനായി വിദേശീയരും സ്വദേശിയരുമായ നിരവധി ടൂറിസ്റ്റുകളുടെ അന്വേഷണം ഇതിനോടകം ഇക്കുറി വലിയ തോതിലുണ്ടായതായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.ഈ സീസണില്‍ ഹോം സ്റ്റേകള്‍ക്കും ഹോട്ടലുകള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും തിരക്കായിരിക്കും.
ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിച്ച് പോരുന്ന ചൈനയിലെ ഡ്രാഗണ്‍ വള്ളം കളിയേക്കാള്‍ വിദേശീയരില്‍ ആവേശം സൃഷ്ടിക്കാന്‍ കേരളത്തിലെ വള്ളം കളിക്ക് കഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം തള്ളിക്കളായാനാകുന്നതല്ല.ടൂറിസം കലണ്ടറില്‍ സ്ഥാനം പിടിച്ചതോടെ ചുണ്ടന്‍ വള്ളങ്ങള്‍ (Snake Boat) മത്സരിക്കുന്ന കേരളത്തിലെ വള്ളം കളി കാണാന്‍ കൂടുതല്‍ വിദേശവിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.ഒപ്പം കേരളത്തിന്‍്റെ മാത്രം പ്രത്യേകതയായ ചുരുളന്‍,ഇരുട്ട് കുത്തി,ഓടി,വെപ്പ്,വടക്കനോടി,കൊച്ചു വള്ളങ്ങളുടെ പ്രകടനം കാണണമെങ്കില്‍ ദൈവത്തിന്‍്റെ സ്വന്തം നാട്ടില്‍ തന്നെ വരണം.സ്ത്രീകള്‍ വള്ളം തുഴയുന്നുവെന്ന പ്രത്യേകതയും എടുത്ത് പറയേണ്ടതാണ്.
വള്ളം കളിയുടെ ഉത്ഭവം തിരഞ്ഞാല്‍ ലഭിക്കുന്നത് ക്രിസ്തുവിന് മുമ്പുള്ള കാലത്തേക്കാണ്.ബി.സി 300 ല്‍ പുതുവര്‍ഷാഘോഷത്തിന്‍്റെ ഭാഗമായി അസീറിയയില്‍ വള്ളം കളി നടന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്‍ 14 ാം നൂറ്റാണ്ടില്‍ യുദ്ധാവശ്യത്തിനായി നിര്‍മ്മിച്ച ചുരുടന്‍ വള്ളങ്ങള്‍ പില്‍ക്കാലത്ത് മത്സരവള്ളങ്ങള്‍ക്ക് വഴിമാറുകയായിരുന്നു.ഓണത്തിന് മുന്നോടിയായി നടക്കുന്ന വള്ളം കളികള്‍ അങ്ങനെ നാടിന്‍്റെ ആഘോഷങ്ങളായി.പിന്നീടത് ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകര്‍ഷണവുമായി പരിണമിച്ചു.
 മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി മലയാളക്കരയില്‍ വള്ളംകളിയില്‍ ആവേശം പകരാന്‍ വഞ്ചിപ്പാട്ടുമുണ്ട്.അതിന്‍്റെ രചനയും സംഗീതവും ചടുലതാളവും ഒരുപക്ഷെ മറ്റൊരു നാട്ടിലും കാണുകയില്ല.രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ടിന്‍്റെ പിന്‍തലമുറക്കാരായി കടന്ന് വന്നവരൊക്കൊ തന്നെ അതിന്‍്റെ പേര് നിലനിര്‍ത്തി.
ലണ്ടനിലെ തെംസ് നദിയില്‍ നടക്കുന്ന ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി ബോട്ട് ക്ളബ്ബിന്‍്റേയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബോട്ട് ക്ളബ്ബിന്‍്റേയും വര്‍ഷം തോറും നടക്കുന്ന ബോട്ട് റേസുകള്‍ ഇംഗ്ളണ്ടിനെ സംബന്ധിച്ചിടത്തോളം ദേശീയോത്സവങ്ങളാണ്.കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഈ വള്ളംകളികള്‍ കണ്ട ശേഷം കേരളത്തിലെ വള്ളം കളിയും കാണാനായി വരുന്ന വിനോദസഞ്ചാരികള്‍ ഏറെയുണ്ടെന്ന് ആലപ്പുഴയില്‍ ‘സ്നേഹധാര’ ഹോംസ്റ്റേ നടത്തുന്ന സലീം ലബ്ബ പറയുന്നു.ഒരിക്കല്‍ വള്ളം കളി കാണാനത്തെി മടങ്ങുന്നവര്‍ വീണ്ടും വരുന്നതും പതിവാണ്.സുഹൃത്തുക്കളും ബന്ധുക്കളുമായുള്ളവരോട് ആലപ്പുഴയുടെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞ് കൊടുക്കാനും വിദേശ ടൂറിസ്റ്റുകള്‍ക്ക്  സന്തോഷമാണ്.ലണ്ടനില്‍ നിന്നുള്ള ഒലിവര്‍ ഡാനിയേലും കൂട്ടുകാരി ഇസബെല്ല എഡ്വേഡും ആലപ്പുഴയില്‍ പലകുറി എത്തിയവരാണ്.

  ചൈനയിലെ ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലിന് ചൈനീസ് സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം കേരളത്തിലേയും കേന്ദ്രത്തിലേയും സര്‍ക്കാരുകള്‍ കണ്ട് പഠിക്കേണ്ടതാണെന്ന് ഒരു ദശാബ്ദക്കാലമായി അവിടെ ഇലക്ട്രോണിക് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷെരീഫ് പറയുന്നു.ദ്വാന്‍വു ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ഈ വള്ളംകളി മഹോത്സവത്തിന് മൂന്ന് ദിവസം ദേശീയ അവധിയായിരിക്കും.മൂന്ന് തവണ ഈ വള്ളംകളിക്കാലത്ത് ചൈനയിലുണ്ടായിരുന്ന ഷെരീഫിന് ഇന്നും അതേ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ ആവേശവും അത്ഭുതവും തിരയടിക്കും.കേരളത്തില്‍ പ്രത്യേകിച്ച് ആലപ്പുഴയില്‍ എന്ത് കെണ്ട് ഇത് സാധ്യമാക്കി കൂടായെന്നാണ്  അദ്ദേഹത്തിന്‍്റെ  ചോദ്യം.
  രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെയാളുകളാണ് ചൈനയിലെ ബോട്ട് റേസ് കാണാനത്തെുന്നത്.ഓരോ വര്‍ഷവും ആളുകള്‍ കൂടിക്കൂടിയാണ് വരുന്നത്.വിദേശ ചാനലുകളടക്കമുള്ളവര്‍ തമ്പടിച്ച് ഈ ദൃശ്യങ്ങള്‍ ലൈവ് ടെലകാസ്റ്റ് ചെയ്യാനത്തെുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ ഭാവനാദാര്രിദ്രത്തെ കുറിച്ച് ഓര്‍ത്ത് ദു$ഖം തോന്നാറുണ്ടെന്ന് അല്പകാലം മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായി പ്രവര്‍ത്തിച്ചിരുന്ന ഈ 50കാരന്‍ തുറന്ന് പറയുന്നു.രണ്ടായിരം വര്‍ഷത്തെ പഴക്കം തങ്ങളുടെ വള്ളം കളിക്കുണ്ടെന്ന് ചൈനുക്കാര്‍ അവകാശപ്പെടുന്നു.ചൈനയുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ഭാരതത്തിന് തീര്‍ച്ചയായും അക്കാലത്ത് തന്നെ വള്ളം കളിയുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാവുന്നതേയുള്ളൂവെന്ന് ഷെരീഫ് കൂട്ടി ചേര്‍ക്കുന്നു.
   ഒരു കാര്യം നിസംശയം പറയാം.നെഹ്റു ട്രോഫി വള്ളംകളിയായാലും ആറന്മുളയായാലും കുമരകമായാലും കേരളത്തിന്‍്റെ ജലാശയങ്ങളിലും കായലിലും പുഴയിലുമൊക്കൊ നടക്കുന്ന വള്ളം കളിക്ക് കൂടുതല്‍ പ്രചാരണം വേണ്ടതുണ്ട്.നാടിന്‍്റെ സമഗ്ര വികസനത്തിനായി പുതിയ സാമ്പത്തിക ഉപദേശകരെ തേടുന്ന ഭരണകൂടങ്ങള്‍ സാമാന്യബുദ്ധിയില്‍ നിന്ന് ഉടലെടുക്കാവുന്ന ഇത്തരം ചെറുചിന്തകള്‍ക്കും കാതോര്‍ക്കണം.അങ്ങനെ അതിന്‍്റെ വിപണി സാധ്യതകളെ തിരിച്ചറിയണം.ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കൈകോര്‍ക്കുന്ന നവസാമ്പത്തിക ലോകത്ത് പൂരങ്ങളേയും വള്ളം കളിയേയും ഗജമേളയെയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായി പരിവര്‍ത്തനപ്പെടുത്താനാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടതില്ല.
   അതിന് എം.ഫില്ലും പി.എച്ച്.ഡീയുമൊന്നും വേണ്ടതില്ല.നേരത്തെ സൂചിപ്പിച്ചത് പോലെ സാമാന്യ ബുദ്ധീ അഥവ common sense മാത്രം മതി.പക്ഷെ  common sense is not common എന്നാണല്ളോ പറയുന്നത്.

---വി.ആര്‍.രാജമോഹന്‍

No comments:

Post a Comment