Monday, July 29, 2013

ധ്യാനബുദ്ധകഥയുടെ പൊരുള്‍ തേടി



    
 വലിയ ഒരു വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയാണ്.കഴിഞ്ഞ പോസ്റ്റില്‍ ഒരു കാര്യം ഏറ്റിരുന്നു.ഡോ.എം.എം.ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ധ്യാന ബുദ്ധകഥകളിലെ ശ്രദ്ധേയമായ ഒന്ന് ‘മധ്യമാര്‍ഗം’ ബ്ളോഗില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹമായിരുന്നു അതില്‍ പങ്ക് വെച്ചത്.പബ്ളീഷര്‍ സമ്മതിക്കുകയാണെങ്കില്‍ ആ കഥ വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തണമെന്ന് കരുതി.പിറ്റേന്ന് തന്നെ കോഴിക്കോട്ടെ ലിപി ബുക്സില്‍ വിളിച്ചു.ഫോണ്‍ അറ്റന്‍്റ് ചെയ്ത സുഹൃത്ത് ഉടമ ശ്രീ.അക്ബറിന്‍്റെ സെല്‍ നമ്പര്‍ തന്നു.നേരെ അദ്ദേഹത്തെ വിളിച്ചു.കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലഞ്ച് വര്‍ഷം പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും  അക്ബറിനെ പരിചയമില്ല.പരിചയപ്പെടുത്തിയപ്പോള്‍ പല പത്ര കൂട്ടുകാരും അദ്ദേഹത്തിന്‍്റെ അടുത്ത പരിചയക്കാരാണ്.ആവശ്യം മുന്നോട്ട് വെക്കേണ്ട താമസം അക്ബര്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്ളാങ്ക് ചെക്ക് നല്‍കുകയായിരുന്നു.സത്യം പറഞ്ഞാല്‍ അത്ഭുതം തോന്നി.മധ്യമാര്‍ഗം ബ്ളോഗ് ഇടക്ക് ഒന്ന് നോക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും  ചെയ്തു. പിറ്റേന്ന് തന്നെ ‘അങ്ങനെയോ?’എന്ന തലക്കെട്ടിലുള്ള കഥ പോസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്.പലത് കൊണ്ടും അത് വൈകിപ്പോയി.അതാണ് തുടക്കത്തില്‍ നടത്തിയ ഏറ്റ്പറച്ചില്‍.ഇതിനിടയിലെങ്ങാനും അക്ബര്‍ ബ്ളോഗ്  സന്ദര്‍ശിക്കുകയുണ്ടായോ എന്ന ആശങ്ക സത്യം പറഞ്ഞാല്‍ അല്പം ജാള്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയട്ടെ.

    പറ്റിയ വീഴ്ച  എത്രയും പെട്ടെന്ന് പരിഹരിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍.


     ‘അങ്ങനെയോ?’


   ധ്യാനബുദ്ധസന്ന്യാസിയായ ഹക്കുയിന്‍ പരിശുദ്ധജീവിതം നയിക്കുന്നതില്‍ സന്തുഷ്ടരായ നാട്ടുകാര്‍ അദ്ദേഹത്തെ പുകഴ്ത്തി.അദ്ദേഹത്തിന്‍്റെ   ആശ്രമത്തിന്നടുത്ത് സുന്ദരിയായ ഒരു യുവതിയുടെ അച്ഛനമ്മമാര്‍ ഭക്ഷണ ശാല നടത്തിയിരുന്നു.തങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്ന് അവര്‍ ഒരു ദിവസം മനസ്സിലാക്കി.ആരാണ് അതിന് ഉത്തരവാദി എന്ന് അവള്‍ ആദ്യമൊന്നും പറഞ്ഞില്ല.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവള്‍ ഹക്കുയിന്‍്റെ പേരു പറഞ്ഞു.അത് കേട്ട അവളുടെഅച്ഛനമ്മമാര്‍ അദ്ദേഹത്തിന്‍്റെ താമസസ്ഥലത്ത് ചെന്ന് അടക്കാനാകാത്ത കോപത്തോടെ വായില്‍ വന്നതെല്ലാം വിളിച്ച് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘അങ്ങനെയോ?’
യുവതിയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ ഹക്കുയിന്‍്റെ അടുത്തേക്ക് കൊടുത്തയച്ചു.ഇതിനകം  ഹക്കുയിന്‍്റെ സല്‍പ്പേരും അംഗീകാരവും എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.അതൊന്നും അദ്ദേഹത്തെ തീരെ അലട്ടിയതേയില്ല.കുഞ്ഞിനെ വേണ്ട പോലെ തന്നെ അദ്ദേഹം പരിരക്ഷിച്ചു. ആവശ്യമായ പാലും മറ്റ് വസ്തുക്കളും അയല്‍ക്കാരില്‍നിന്ന് സമ്പാദിച്ച് കുഞ്ഞിനെ പരിപാലിച്ചു. 
  ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അമ്മയായ യുവതിക്ക് പിടിച്ച് നില്‍ക്കാനാവാതെയായി.അവള്‍ ഒടുവില്‍ വീട്ടുകാരോട് സത്യം തുറന്ന് പറഞ്ഞു.മീന്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് കുഞ്ഞിന്‍്റെ യഥാര്‍ത്ഥ അച്ഛന്‍.                                
  സത്യം ബോധ്യപ്പെട്ട അവളുടെ രക്ഷിതാക്കള്‍ ഹക്കുയിനെ കണ്ട് മാപ്പപേക്ഷിച്ചു.അവര്‍ കുഞ്ഞിനെ തിരികെ കിട്ടാന്‍ അപേക്ഷിച്ചു.അങ്ങനെ കുഞ്ഞിനെ തിരികെ ഏല്പിക്കുമ്പോഴും ഹക്കുയിന്‍ ഇപ്രകാരം ചോദിച്ചു:

                                                      ‘അങ്ങനെയോ?’


                      * * *                       * * *                    * * *                        * * *  

   മേല്‍ ഉദ്ധരിച്ച കൊച്ച് ധ്യാനബുദ്ധകഥയുടെ സാരാംശം സ്വയം വിശദീകരണത്തിന് അര്‍ഹമായ ഒന്നാണ് എന്നുള്ളതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.എന്നിരുന്നാലും വര്‍ത്തമാനകാല സാഹചര്യത്തില്‍ എല്ലാവരും  ഉള്‍ക്കൊള്ളേണ്ട പല വിധത്തിലുള്ള ഗഹനങ്ങളായ അര്‍ത്ഥതലങ്ങളുള്ള ഒന്നാണ് അതെന്ന കാര്യത്തില്‍ സംശയം വേണ്ട.ധ്യാനബുദ്ധകഥകളുടെ സവിശേഷതയും അതത്രെ.സെന്‍ ബുദ്ധിസം അഥവ ധ്യാന പ്രധാനമായ ബുദ്ധമതം നല്‍കുന്ന ദര്‍ശനവും അത് തന്നെ.അക്ഷരങ്ങള്‍ക്കും അത് ചേര്‍ന്ന് രൂപമെടുക്കുന്ന വാക്കുകള്‍ക്കും അപ്പുറമുള്ളതാണ് എഴുത്ത് ഭാഷയില്ലാത്ത തീര്‍ത്തും വ്യതിരിക്തമായ ഈ അധ്യയന മാര്‍ഗം.ധ്യാനത്തിലൂടെ ഓരോരുത്തരും സ്വയം തിരിച്ചറിയപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേരുകയാണ് വേണ്ടത്.കാര്‍ക്കശ്യം നിറഞ്ഞ മത ബോധന രീതികള്‍ പിന്‍പറ്റുമ്പോള്‍ സ്വാഭാവികമായും മനുഷ്യ മനസ്സുകളില്‍ ഒരു തരം വൈരനിര്യാതന(Retaliation) പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതായിട്ടാണ് പൊതുവെയുള്ള അനുഭവം.
   അവിടെയാണ് ബുദ്ധ ദര്‍ശനങ്ങളുടെ പ്രസക്തി.യാതൊരുവിധമായ ശാഠ്യവുമില്ലാത്തതും ഉപചാരങ്ങള്‍ ഏതുമില്ലാത്തതുമായ ആ ആത്മീയാന്വേഷണത്തിന്‍്റെ ഫലപ്രാപ്തി അനിര്‍വചനീയമാണ്.സംശയ രഹിതരും ഭീതിയില്‍നിന്ന് മുക്തതരുമാകുന്നവായിരിക്കും ധ്യാനമതം പിന്‍പറ്റുന്നവരെന്ന് അനുഭവങ്ങള്‍ പറയുന്നു.സ്വാനുഭവങ്ങളിലൂടെ ബുദ്ധദര്‍ശനങ്ങള്‍ നേടിയെടുക്കാനാകുമെന്നുള്ളതാണ് അതിന്‍്റെ മുഖ്യ ആകര്‍ഷണം.മഹായാന മാര്‍ഗം സ്വീകരിക്കുന്ന സെന്‍ ബുദ്ധമത സമ്പ്രദായം ആറാം നൂറ്റാണ്ടില്‍ ചൈനയിലാണ് രൂപം പ്രാപിച്ചതെന്നാണ് വിശ്വാസം.എന്നിരുന്നാലും പൊതുവെ ധ്യാന  ബുദ്ധകഥകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് ജപ്പാനാണ്.

2 comments:

  1. സ്വരൂപമെന്തെന്നറിയുന്നവരെ ഒന്നും തന്നെ ബാധിയ്കുന്നില്ല,
    അവര്‍ എല്ലാ അറിവുകളും തികഞ്ഞവരാണ്,
    അറിവില്ലായ്മയാണ് എല്ലാതരം പ്രശ്നങ്ങള്‍ക്കും കാരണം.

    ജെന്‍ ബുദ്ധകഥകളെല്ലാം ഈയൊരു സന്ദേശമാണ് അറിയിയ്കുന്നത്

    ആശംസകള്‍..

    ReplyDelete