Sunday, September 15, 2013

ഓണാശംസ നേരണോ വേണ്ടയോ?


 ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സില്‍ അറിയാതെ ഉയരുന്ന ചോദ്യം തലവാചകമായി ചേര്‍ത്തു എന്നു മാത്രം.കൂടുതല്‍ വിശദീകരണങ്ങള്‍ അത്ര കണ്ട് അനിവാര്യമാണെന്ന് തോന്നുന്നില്ല.അല്ലാതെ തന്നെ വായനക്കാര്‍ക്ക് കാര്യം പിടികിട്ടും എന്നാണ് തോന്നുന്നത്.
    ഓണം ഒരു ബൂര്‍ഷാ സങ്കല്പം ആണെന്ന് തമാശയായി പറയാറുള്ള സുഹൃത്തിനെ ഓര്‍മ്മ വരുന്നു.അതേ സമയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ത്തും വേറിട്ട ഒരാഘോഷത്തിന്‍്റെ വിഷയത്തില്‍ അങ്ങനെയങ്ങ് പുറം തിരിഞ്ഞ് നില്‍ക്കേണ്ടതുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.അതിന്മേല്‍ നല്ളൊരു ചര്‍ച്ചക്ക് സാധ്യതയും തെളിഞ്ഞ് കാണാനുണ്ട്.ബ്ളോഗിലെ ചെറിയ ഒരു പോസ്റ്റില്‍ തല്‍ക്കാലം അതങ്ങ് ഒതുക്കി നിര്‍ത്തുകയാണ്.വിശദമായ വാദപ്രതിവാദങ്ങള്‍ പിന്നീടാകാം.വേണമെങ്കില്‍ ആഴത്തിലുള്ള ചര്‍ച്ചക്കും പറ്റിയ ഒന്നാണ് ഓണം.അതിന്‍്റെ ഉദ്ഭവവും പിന്നീട് ഓരോ കാലഘട്ടങ്ങളിലും സംഭവിച്ച പരിണാമങ്ങളും പരിശോധിക്കുകയാണെങ്കില്‍ അതില്‍ അടങ്ങിയിട്ടുള്ള വിവിധങ്ങളായ വിഷയങ്ങളും അവയുമായി ബന്ധപ്പെട്ട ഉപകാര്യങ്ങളും അങ്ങേയറ്റം കൗതുകം ജനിപ്പിക്കുന്നതാണ്.ചരിത്രം,സാമൂഹിക-നരവംശ ശാസ്ത്രം,രാഷ്ട്ര മീമാംസ,,തുടങ്ങി അസംഖ്യം വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്താം.കൂടാതെ കലയും സംസ്ക്കാരവും ഭാഷയും ഉള്‍പ്പെടെയുള്ള വേറേയും അനുബന്ധ വിഷയങ്ങളും അതുമായി ചേര്‍ന്ന് തന്നെ കിടക്കുന്നു.
   വര്‍ത്തമാന കാലത്തെ ഓണം കച്ചവടവല്‍ക്കരിക്കപ്പെട്ടു എന്നാണല്ളോ പൊതുവെയുള്ള പരാതി.ഓരോ മനുഷ്യന്‍്റെയും തീര്‍ത്തും വ്യക്തിപരവും വേണമെങ്കില്‍ കുടുംബപരവുമായ ചടങ്ങുകള്‍ വരെ ആഗോള -സ്വകാര്യ- ഉദാരവല്‍ക്കരണത്തിന്‍്റെ കാലഘട്ടത്തില്‍ വിപണിയുടെ ഇടപെടലിന് വിധേയമായി കഴിഞ്ഞ ഒരു സമയത്ത് സാമൂഹികമായി മാത്രം നടന്ന് വരുന്ന ഓണാഘോഷത്തെ  വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദത്തില്‍ കഴമ്പില്ല.അത്തരം ചിന്തകളും ചര്‍ച്ചകളും വാസ്തവം പറഞ്ഞാല്‍ കടുത്ത തീവ്രവാദ നിലപാടുകളുടെ ഭാഗമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.
  എന്തൊക്കൊ പറഞ്ഞാലും മഹബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ഓണത്തിന് യാതൊരു പ്രസക്തിയുമില്ല.അതിന്‍്റെ നിലനില്പ് തന്നെ മഹാബലി വിഭാവന ചെയ്ത സമത്വ സുന്ദരമായ, നന്മകളാല്‍ സമൃദ്ധമായ വ്യവസ്ഥിതിയായിരുന്നു അത് എന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.ഒരു ജനാധിപത്യ സംവിധാനത്തില്‍ പോലും അത് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കഴിയുന്നില്ലല്ളോ എന്ന് വരുമ്പോള്‍ തീര്‍ച്ചയായും ചില വിലയിരുത്തലുകള്‍ ആവശ്യമായി വരുന്നു.ജനാധിപത്യത്തിന് എന്തെങ്കിലും  പരിമിതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുക തന്നെ വേണം.പ്രായോഗികവല്‍ക്കരണത്തിലെ പ്രശ്നങ്ങളും മാറ്റിയെടുക്കണം.
     അത്തരത്തിലുള്ള തീര്‍ത്തും ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് വഴി തുറക്കാന്‍  വഴിയൊരുക്കുന്നതാകട്ടെ പുതിയ കാലത്തെ ഓണം .

  ടിപ്പണി: മഹബലിയെ കോമാളിയായി ചിത്രീകരിക്കുന്നതിനോട് പ്രതിഷേധം രേഖപ്പെടുത്താന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തയ്യാറായത് സത്യം പറഞ്ഞാല്‍ അത്ഭുതമാണ് ഉളവാക്കിയത്.അങ്ങേയറ്റം സങ്കുചിതമായ ജാതി രാഷ്ട്രീയത്തിന്‍്റെയും മത വിദ്വേഷത്തിന്‍്റേയും സ്ഥിരം കളിക്കളങ്ങളില്‍ നിന്ന് പുറത്ത് വരുവാന്‍ അദ്ദേഹത്തിന് കഴിയും എന്നതാണ് പ്രസ്താവന തെളിയിക്കുന്നത്.വെള്ളാപ്പള്ളി നടേശന്‍ ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിച്ചതായി കണ്ടില്ല.അടുത്ത ഓണത്തിന് മുമ്പായിട്ടെങ്കിലും അദ്ദേഹവും നിലപാട് വ്യക്തമാക്കും എന്ന പ്രതീക്ഷയോടെ പോസ്റ്റ് അവസാനിപ്പിക്കുന്നു.
      എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. മലയാളിക്ക് ആഘോഷമായി ഓണത്തിനെ സമീപിക്കാന്‍ ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്‍്റെ സാമ്പത്തിക നയങ്ങള്‍ ഒരുകാലത്തും അനുവദിക്കില്ല എന്ന കാര്യം പകല്‍ പോലെ സുവ്യക്തമാണ്.

No comments:

Post a Comment