Sunday, September 14, 2014

വിപണിയിലായിരുന്നുവല്ളോ ഓണം ?

അങ്ങനെ ഒരോണം കൂടി കടന്നു പോയി.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക വിദഗ്ദര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ മലയാളി മുണ്ട് മുറുക്കിയുടുത്ത് തങ്ങളുടെ ഓണം കെങ്കേമമാക്കി.സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ പെട്ട തൊഴിലെടുക്കുന്നവര്‍ എല്ലാം തന്നെ ബോണസ് ഓണവിപണിയില്‍ അടിച്ച് പൊളിച്ചു.വ്യവസായികളും വ്യാപാരികളും സ്വയം തൊഴില്‍  കണ്ടത്തെിയവരുമൊക്കെയായിട്ടുള്ള  മുതലാളിമാരും തങ്ങളുടെ ലാഭത്തിന്‍്റെ തോത്  അനുസരിച്ച് ഓണം ആഘോഷിക്കുകയുണ്ടായി.
വിപണിയുടെ സകല സാധ്യകളും പരീക്ഷിക്കുന്ന കേരളത്തിലെ ഏക ഉത്സവം ഏതെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി പറയാം.-ഓണം.ഉത്തരേന്ത്യയില്‍ ഹോളിയും ദക്ഷിണേന്ത്യയില്‍ ദീപാവലിയും കഴിഞ്ഞാല്‍ ഒരുപക്ഷേ ഇന്ത്യയില്‍ വിപണിയെ കൂടുതല്‍ സ്വാധീനിക്കുന്ന ഉത്സവം കേരളത്തിലെ ഓണം തന്നെയാണെന്നതില്‍ സംശയം വേണ്ടതില്ല.
 ഓണമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരുടേയും മനസ്സില്‍ ആദ്യം തെളിയുന്നത് പലവര്‍ണങ്ങളാല്‍ തീര്‍ത്ത പൂക്കളം തന്നെ.വള്ളം കളിയും കുമ്മാട്ടിയും പുലികളിയുമൊക്കെയായി ദേശദേശാന്തരങ്ങളില്‍ വെവ്വേറെ ആഘോഷങ്ങള്‍ വേറെയും.അച്ചടി മാധ്യമങ്ങളിലെ പ്രത്യേകിച്ച്  ആഴ്ചപ്പതിപ്പകളിലും വാരാന്തപ്പതിപ്പുകളിലും കാലങ്ങളായി നല്‍കി വരുന്ന എഴുത്തും ചിത്രങ്ങളും മലയാളിയുടെ ബോധമണ്ഡലങ്ങളില്‍ സൃഷ്ടിച്ച ചില ഇമേജുകളുണ്ട്.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നേരത്തെ സൂചിപ്പിച്ച പൂക്കളം.അതിന് പുറമെ ഓണവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന ആചാരാനുഷ്ടാനങ്ങളുടെ ഫോട്ടോ ഗ്രാഫുകളും മനുഷ്യമനസ്സുകളെ സ്വാധീനിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട.വീട്ടുമുറ്റത്തെ മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലും വീട്ടുമുറ്റത്തെ തിരുവാതിര കളിയും മൈതാനങ്ങളിലെ കേളീ വിനോദങ്ങളുമൊക്കൊ അത് പോലെ തന്നെ മലയാളികളുടെ മനസ്സില്‍ മറ്റ് ചില ഇമേജുകളായി തീര്‍ന്നു.ദൗര്‍ഭാഗ്യവശാല്‍ വീടുകളുടെ മുന്നില്‍ മുറ്റങ്ങളും അവിടത്തെ മാവുകളും അതിലെ ഊഞ്ഞാലുകളും  ക്രമേണ ഇല്ലാതാകുകയും പകരം പേവേഴ്സ്(മുറ്റം മുഴുവന്‍ നിരത്തി വിരിക്കുന്ന ടൈലുകള്‍)നിറയുകയും ചെയ്തു.മൈതാനങ്ങളില്‍ ബഹുനില കോണ്‍ക്രീറ്റ് കാടുകള്‍ മുളച്ച് പൊന്തി.
  പറഞ്ഞ് വന്നത്  ഓണം പോലെയുള്ളൊരു സാംസ്കാരിക പ്രാധാന്യമുള്ള കാര്‍ഷികോത്സവത്തെ മനുഷ്യമനസ്സുകള്‍ എങ്ങിനെ ഏറ്റെടുക്കുന്നു എന്നതിലേക്കുള്ള ചെറിയൊരു അന്വേഷണമാണ്.ഗവേഷണ പ്രാധാന്യമുള്ള വിശാല വിഷയത്തെ കേവലമൊരു ലേഖനത്തില്‍ ഒതുക്കാവുന്നതല്ല.അന്വേഷണത്തിന്‍്റെ തുടര്‍ച്ചയായി മറ്റൊരു കാര്യവും പറയേണ്ടതുണ്ട്.മുമ്പ് പറഞ്ഞ അച്ചടി മാധ്യമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം വലിയൊരളവോളം മലയാളികളെ കാര്യമായി തന്നെ സ്വാധീനിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. പുതു തലമുറയുടെ ഓണത്തെ സങ്കല്പങ്ങള്‍ മുഴുവന്‍ അങ്ങനെ വിഷ്വല്‍ മീഡിയയില്‍ നിന്ന് ലഭിച്ചതാണെന്ന് ഉറപ്പിച്ച് തന്നെ പറയാം. അതിന്‍്റെ കാരണം വളരെ ലളിതവുമാണ്.കൂട്ടു കുടുംബങ്ങളായി കഴിഞ്ഞിരുന്ന കേരള സമൂഹം അതി വേഗമാണ് അണുകുടുംബ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയത് .അവിടെ ഓണത്തിന്‍്റെ ഐതിഹ്യങ്ങളോ സാരോപദേശ കഥകളോ പറഞ്ഞ് കൊടുക്കാന്‍ മുത്തശ്ശനോ മുത്തശ്ശിയോ പലപ്പോഴും ഇല്ലാതെ പോകുന്നു.അവരെ എത്രയും വേഗം വൃദ്ധ സദനങ്ങളിലാക്കാനുള്ള തിരക്കിലാണല്ളോ മലയാളി.ഇപ്പോള്‍ പൂര്‍ണമായിട്ടില്ളെങ്കിലും അധികം വൈകാതെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്ന് പറഞ്ഞാല്‍ ആക്ഷേപ ഹാസ്യമല്ല ,മറിച്ച് ക്രൂരമായ യാഥാര്‍ത്ഥ്യത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി മാത്രമേ അതിനെ വിലയിരുത്തുവാന്‍ പാടുള്ളൂ.അവശേഷിക്കുന്ന മുതിര്‍ന്നവരാകട്ടെ സന്ധ്യാനേരത്തുള്ള പൈങ്കിളി ടെലിവിഷന്‍ സീരിയലുകളിലെ ഹതഭാഗ്യരായ കഥാപാത്രങ്ങളുടെ ദുരന്തജീവിതത്തെ കുറിച്ച് വേപഥു പൂണ്ട് കഴിയുന്നവരുമായി മാറി.
  അങ്ങനെയൊക്കൊ മാധ്യമങ്ങളിലൂടെ നിശ്ചയിക്കപ്പെട്ട മലയാളിയുടെ ബോധമണ്ഡലത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഏഴുകടലുകള്‍ക്കപ്പുറമിരിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ തലതൊട്ടപ്പന്മാര്‍.മൂന്നരക്കോടി വരുന്ന മലയാളിയുടെ ശീലുകളെ കുറിച്ച് അവര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല.യാതൊരു പണിയുമില്ലാത്ത മലയാളിക്കും  സെല്‍ ഫോണ്‍ ‘നെസസ്സിറ്റി’യായി മാറിയെന്ന കാര്യം ഈ ‘എമ്മെന്‍സീ’ സീ.ഇ.ഒ മാര്‍ക്ക് വളരെ കിറുകൃത്യമായി അറിയാം.മലയാളിയുടെ മൊബൈല്‍ സാക്ഷരത 300ശതമാനം(മിക്കവര്‍ക്കും രണ്ടിലേറെ മൊബൈലുകളും അതിലും കൂടുതല്‍ സിം കാര്‍ഡുകളുമുണ്ട്)കഴിഞ്ഞത് കൊണ്ട് മാത്രമാണല്ളോ  ടച്ച് മോഡല്‍ അടക്കം പുതുപുത്തന്‍ ഐറ്റങ്ങള്‍ ദിനേന എന്നോണം വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്.‘വാട്ട്സപ്പ’ടക്കമുള്ള പുതിയ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ അവര്‍ മാര്‍ക്കറ്റില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്നതും മലയാളിയുടെ മന$ശാസ്ത്രം കൃത്യമായി അറിയുന്നത് കൊണ്ട് മാത്രമാണ്.അതിന് ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തം മലയാളിയുടെ സ്വന്തം പൊന്നോണമാണെന്ന് അറിയുന്ന പ്രമുഖ മൊബൈല്‍ കമ്പനികള്‍ ഒക്കൊ തന്നേയും വിപണി കീഴടക്കാനുള്ള മുന്നൊരുക്കള്‍ വളരെ നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു.തങ്ങളുടെ ‘മാര്‍ക്കറ്റ് ഷെയര്‍’ എങ്ങിനേയും വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അതിസൂഷ്മമായി നടത്തുവാനും അവര്‍ക്ക് കഴിയുന്നുണ്ട്.ചുരുക്കത്തില്‍ ഓണമെന്ന മലയാളിയുടെ മാവേലിയുമായി ബന്ധപ്പെട്ട മഹോത്സവത്തെ ഫോണമെന്ന് പുനര്‍നിര്‍വചിക്കും വരെയത്തെി കാര്യങ്ങള്‍.
ദേശീയ തലത്തില്‍ വലിയ ബിസിനസ്സ് നടത്തുന്ന മിക്കവാറും എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കേരളീയന്‍്റെ പോക്കറ്റിന്‍്റെ കനത്തെ കുറിച്ച് അന്വേഷിക്കുന്ന കാലം.പരസ്യകമ്പനികളിലെ കോപ്പി റൈറ്റര്‍മാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാന്‍ ഇതിലും  പറ്റിയ മറ്റൊരു സമയമില്ല തന്നെ.ഐതിഹ്യങ്ങളെ കീറിമുറിച്ച് പുതിയകാലവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള സകല സാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തും.മഹാബലിയുടെ പ്രീതിപിടിച്ചു പറ്റാന്‍ തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിക്കൂ എന്നാണ് അതിവേഗം വിപണി കീഴടക്കുന്ന ഒരു പ്രമുഖ ബ്രാന്‍ഡ് തങ്ങളുടെ പരസ്യ വാചകത്തില്‍ ഉപയോഗിക്കുന്നത്.മറ്റൊരു ബ്രാന്‍ഡ് കണ്ടത്തെിയത് ‘ഫോണ സദ്യ’യാണ്.ഇതടക്കമുള്ള വിവരങ്ങള്‍ എഴുതി ചേര്‍ത്ത കൂറ്റങ്ങള്‍ ഹോര്‍ഡിങ്ങുകള്‍ നാടായ നാട്ടിലൊക്കൊ ഓണത്തിന് മുമ്പായി ഉയര്‍ന്നത് മാര്‍ക്കറ്റിങ്ങ്  സ്ട്രാറ്റജികള്‍ സമയത്ത് പാലിക്കുന്നതിനാല്‍ മാത്രമാണ്.      
  ഗതകാല സുഖസ്മരണകള്‍ മാത്രം സമ്മാനിക്കുന്ന, സന്തോഷവും സമാധാനവും ഐശ്വര്യവും എന്ന് വേണ്ട എല്ലാ മൂല്യങ്ങളേയും മുറുകെ പിടിച്ച് നന്മയുടെ വെളിച്ചം പകരുന്ന ഒന്നായി  ഓണമെന്ന ആഘോഷത്തെ അവതരിപ്പിക്കാന്‍ പണ്ട് ചരിത്രകാരന്മാര്‍ക്കും പിന്നീട് സാഹിത്യനായകര്‍ക്കും കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ പാരമ്പര്യം പിന്‍പറ്റുന്നത് അഡ്വര്‍ടൈസിങ്ങ് ഏജന്‍സികളിലെ കോപ്പിറൈറ്റര്‍മാരാണെന്ന് മാത്രം.അങ്ങനെ അവര്‍ പുതിയ കാലത്തെ ചരിത്രമെഴുത്തുകാരായി മാറുന്നു.
മുമ്പൊക്കൊ ഓണക്കാലമടുത്താല്‍ വിപണിയില്‍ മിക്സിയും ഗ്രൈന്‍ഡറും ഇസ്തിരിപ്പെട്ടിയടക്കമുള്ള  വൈദ്യുതി ഉപകരണങ്ങള്‍ ,തയ്യല്‍ മെഷിനുകള്‍ ,ഫോം ബെഡുകള്‍,സ്റ്റീല്‍ അലമാരകള്‍,തുടങ്ങിയ വിവിധങ്ങളായ ഉല്പന്നങ്ങളാണ്  വന്‍ ഓഫറോടെ ഓണവിപണിയെ ലക്ഷ്യം വെച്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നത്.പിന്നീട് ഫ്രിഡ്ജും ടെലിവിഷനും വാഷിങ്ങ് മെഷിനുമൊക്കൊയായി.ടി.വിയാകട്ടെ വളഞ്ഞതില്‍ തുടങ്ങി പരന്ന് വീണ്ടും വളഞ്ഞ് വിവിധ രൂപങ്ങള്‍ കൈവരിച്ചു. വീട്ടിലേയും നാട്ടിലേയും ഓണക്കളികള്‍ മാറ്റിവെച്ച് വെക്കേഷന്‍ കാലം വാട്ടര്‍ തീംപാര്‍ക്കുകളില്‍ ചെലവഴിക്കാനായിരിക്കും ന്യൂ ജനറേഷന് താല്പര്യം.പായസത്തിനും സദ്യക്കുമായി  ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ കേന്ദ്രങ്ങളാണ്  തുടങ്ങുന്നത്.മുക്കിനും മൂലയിലും  ഇതിനുള്ള ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.പതിവ് പോലെ ഓണാവധി  കണക്കാക്കി സിനിമകളും   റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.
  പുതിയ പ്രവണതകളൊന്നും തന്നെ ശരിയല്ളെന്നും പഴയതെല്ലാം മാത്രമാണ് ശരി എന്നുമുള്ള അടി പതറാത്ത നിലപാടുകള്‍ ശക്തമായി വെച്ച് പുലര്‍ത്തുന്ന തീരെ കുറവല്ലാത്ത ഒരു സമൂഹം നമുക്കിടയിലുണ്ട്.അവരാകട്ടെ നിരന്തരം  വരട്ട് തത്വവാദികള്‍ എന്ന ആക്ഷേപത്തിന് ഇരയായി കൊണ്ടിരിക്കുകയുമാണ്.ഇക്കൂട്ടരെ അടച്ചാക്ഷേപിക്കുന്നതില്‍ ആസ്വാദ്യത കണ്ടത്തെുന്ന മറുപക്ഷവും അത് പോലെ തന്നെ സജീവമാണ്.അതി സങ്കീര്‍ണമായ ഇത്തരം വിഷയങ്ങളില്‍ ശരി തെറ്റുകള്‍ പലപ്പോഴും ആപേക്ഷികങ്ങളായിരിക്കും.അക്കാരണത്താല്‍ തന്നെ കൃത്യമായ ഒരു തീര്‍പ്പ് കല്പിക്കുക എന്നത് അസാധ്യമാണ്.ഇതാണ് അവസാന വാക്ക്,ഇതല്ലാതെ മറ്റൊരു തെരെഞ്ഞെടുപ്പ് സാധ്യമായിരിക്കില്ല തുടങ്ങിയ പല്ലവികള്‍ക്ക് അത്ര കണ്ട് വില കല്പിക്കേണ്ടതില്ല.പഴമയും പുതുമയും സമന്വയിക്കുന്ന ബുദ്ധിപൂര്‍വമായ സമീപനമാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ കരണീയം.വാസ്തവത്തില്‍ മധ്യമാര്‍ഗമെന്ന ചിന്താധാരയുടെ പ്രസക്തി തെളിയുന്നത് ഇവിടെയൊക്കെയാണ്.
  ആധുനിക വിനിമായസമ്പ്രദായങ്ങള്‍ പ്രാവര്‍ത്തികമാകും മുമ്പ്  ബാര്‍ട്ടര്‍ സമ്പ്രദായം നിലനില്‍ക്കുന്ന പഴയകാലത്ത് പൊതുവെ എന്തിനും ഏതിനും പകരം നല്‍കിയിരുന്നത് ഒന്ന് മാത്രം.നെല്ല്.ഓണക്കാലത്ത്  ഓണവില്ല് തുടങ്ങി   കാരണവന്മാര്‍ക്കുള്ള മെതിയടി വരെ അങ്ങിനെയാണ് കുടുംബങ്ങളില്‍ എത്തിയിരുന്നത്.ഓണക്കോടി എന്നത് ലഭിക്കാന്‍ അടുത്ത ഒരു വര്‍ഷം വരെ കാത്തിരിക്കണമായിരുന്നു.എന്നാലിന്നോ എല്ലാ മാസവുമെന്നോണം എല്ലാവരും പുതു വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കി.ഒരു പ്രത്യേക ചടങ്ങിന് പോകണമെങ്കില്‍ പുതിയ  വസ്ത്രം  ആഡംബരമല്ലാതായി. ആദ്യമൊക്കൊ കുട്ടികള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് വലിപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ബാധകമായി.
   ഉപ്പേരിയും ശര്‍ക്കരവരട്ടിയും ഓണത്തിന് മാത്രം ലഭ്യമായ പലഹാരങ്ങളായിരുന്നു. ബേക്കറികള്‍ പെരുകിയതോടെ അതെല്ലാം കൈവെള്ളയില്‍ ഏത് നേരവും ലഭിക്കുമെന്നായി.നാടൊട്ടുക്ക്  ചിപ്സ് സെന്‍്ററുകളും വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി തീര്‍ന്നു.ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചതോടെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.കാലം മാറിയപ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങളും മാറി.കൂട്ടുകുടുംബങ്ങള്‍ അന്യം നിന്നതോടെ തറവാടുകള്‍ പൊളിച്ച് മാറ്റപ്പെട്ടു.അവയങ്ങനെ പല പല വീടുകളായി മാറി.അതോടെ  അവിടെയെല്ലാം ആധുനിക ഗൃഹോപകരണങ്ങള്‍ അത്യാവശ്യമായി. മിക്കവാറും കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്ന അവസ്ഥയില്‍ വീട്ടുജോലികള്‍  എളുപ്പത്തില്‍ പൂര്‍ത്തീകരിക്കേണ്ടത് ആവശ്യമായി തീര്‍ന്നു.അങ്ങനെ അരകല്ലിന് പകരം മിക്സിയും ഗ്രൈന്‍ഡറും അലക്ക് കല്ലിന് പകരം വാഷിങ്ങ് മെഷിനും പുകയടുപ്പിന്പകരം  ഗ്യാസടുപ്പും ഇലക്ട്രിക് ഓവനും കുക്കിങ്ങ് റേഞ്ചും ഇന്‍ഡക്ഷന്‍ കുക്കറുമൊക്കൊ സ്വാഭാവികമായും കടന്ന് വന്നു.
  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നുവെന്ന ആക്ഷേപത്തിന് അറുതി വന്നിട്ടില്ളെങ്കില്‍ തന്നേയും പൊതുവെ സമൂഹത്തില്‍ വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചേ മതിയാകൂ.വായ്പാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബാങ്കുകാര്‍ സ്വീകരിക്കാന്‍ തുടങ്ങിയ ഉദാര സമീപനം തന്നെയാണ് പ്രധാനമായും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് വഴിവെച്ചത്.
ഇരു-ചതുഷ് ചക്ര വാഹനങ്ങള്‍ക്കും  വായ്പ സരളമായ നടപടികളിലൂടെ ലഭിക്കുമെന്ന് വന്നതോടെ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രീയും കഴിഞ്ഞ കുറേ നാളുകളായി ഉണര്‍വിലാണ്.ഓണ വിപണിയില്‍ അവരും കണ്ണ് വെക്കുന്നുണ്ടെന്ന് അറിയുമ്പോള്‍  കോര്‍പറേറ്റുകളുടെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജികളെ നിസ്സാരവല്‍ക്കരിക്കാനാവില്ല.
  ഓണത്തിന്‍്റെ പ്രൗഡിയും പകിട്ടും വര്‍ണിക്കുമ്പോള്‍ പഴയ കാലത്ത് സമൂഹത്തില്‍ നിലനിന്ന ശക്തമായ  വര്‍ഗവ്യത്യാസത്തെ കുറിച്ച് ചരിത്രകാരന്മാര്‍ വേണ്ട പോലെയുള്ള രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.മധ്യവര്‍ഗത്തിന്‍്റേയും സമ്പന്നരുടേയും കാര്യങ്ങളിലാണ് മിക്കപ്പോഴും അവര്‍ ഊന്നല്‍ നല്‍കുന്നത്.
 ദാരിദ്ര രേഖക്ക് താഴെ കഴിഞ്ഞിരുന്ന സമൂഹത്തിലെ അടിസ്ഥാന വര്‍ഗവും ഓണാഘോഷത്തില്‍ സജീവമായി പങ്കെടുത്ത് പോന്നിരുന്നു.അസ്പൃശ്യരായ ഈ സമൂഹത്തിന്‍്റെ വിശേഷങ്ങള്‍ക്ക് പുറമെ നിന്ന് നോക്കുമ്പോള്‍ വര്‍ണങ്ങളിലില്ലാത്തവയാണെന്ന്് തെറ്റിദ്ധരിച്ചവരുമുണ്ട്.ഈ ജനതയുടെ   ഓണത്തിന് പുറമെ നിന്ന് നോക്കുമ്പോള്‍ പകിട്ടൊന്നും കാണാന്‍ സാധിച്ചില്ളെന്നിരിക്കാം.ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്  കുമ്പിളില്‍ തന്നെയാണ്് കഞ്ഞി എന്ന പഴയ ചൊല്ളൊക്കൊ അങ്ങനെയായിരിക്കാം രേഖപ്പെടുത്തപ്പെട്ടത്.ചാതുര്‍വര്‍ണ്യ സംസ്ക്കാരത്തിന്‍്റെ ഭാഗമായി സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടു കൂടായ്മയും തീണ്ടിക്കുടായ്മയുമുള്‍പ്പെടെയുള്ള അയിത്താചാരങ്ങള്‍ മൂലം ഏറെ കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച അടിസ്ഥാന വര്‍ഗങ്ങളാകട്ടെ സാമൂഹികവും സാമ്പത്തികവുമായ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് ഏറ്റവും ആഹ്ളാദം  നിറഞ്ഞ ഓണമായിരിക്കാം  അന്ന് ആഘോഷിച്ചിരുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.നേരത്തെ ചൂണ്ടിക്കാണിച്ചത് പോലെ വര്‍ത്തമാന കാലത്ത്  എല്ലാവര്‍ക്കുമായി വിശാല വിസ്്തൃതമായി വിപണി തുറന്ന് കിടക്കുമ്പോള്‍ മാവേലിയുടെ കാലത്തെ മാനുഷരെല്ലാം ഒന്ന് പോലെയെന്ന പഴമൊഴിക്ക് വീണ്ടും പ്രസക്തിയേറുന്നു.

വി.ആര്‍.രാജ മോഹന്‍

2 comments:

  1. Micro Hair Trimmer - The Technical Brain of Hair
    More imagesMicro Hair Trimmer - The Technical Brain of Hair titanium jewelry for piercings This is a new DIY solution for the DIY DIY scalp titanium forging hair trimmer. It is a titanium wedding bands simple and flexible microtouch titanium solution that is trekz titanium headphones

    ReplyDelete