ഗൃഹാതരത്വം നിറയുന്ന എച്ച്.എം.ടി വാച്ചുകള്‍ ഉല്പാദനം നിര്‍ത്തുന്നതായ വാര്‍ത്ത പത്രങ്ങളുടെ മുന്‍ പേജുകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ മിക്കവാറും എല്ലാ ഇന്ത്യാക്കാരുടേയും മനസ്സില്‍ ഒരു നീറ്റലുണ്ടാക്കിയിട്ടുകും എന്ന് തീര്‍ച്ച.രാവിലെ വാര്‍ത്ത വായിച്ച ഉടനെ തന്നെ സ്റ്റീല്‍ അലമാരക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ട് വാച്ചുകള്‍ പുറത്തെടുത്തു.മകന്‍ ഗൗതമന്‍്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മൈക്രോമാക്സില്‍ അവന്‍ തന്നെ ചിത്രമെടുത്ത് തന്നു.അച്ഛന് വൈകാരികമായതാണ് അതെന്ന് നേരത്തെ തന്നെ അവന് അറിയാം.എങ്ങനെ ആ രണ്ട് എച്ച്.എം.ടി വാച്ചുകള്‍ എനിക്ക് പ്രിയപ്പെട്ടതായി എന്ന് ഇന്നെങ്കിലും എഴുതേണ്ടതുണ്ട്.അല്ളെങ്കില്‍ തന്നെ എച്ച്.എം.ടി വാച്ചുകളെ കുറിച്ച് ബ്ളോഗില്‍ ഒരു പോസ്റ്റ് എഴുതണമെന്ന് മനസ്സില്‍ ആഗ്രഹിച്ചിട്ട് കാലം കുറേയായി.
ചിത്രത്തില്‍ വലത് വശത്ത് കാണുന്ന വാച്ച് എനിക്ക് അമ്മാവന്‍ വാങ്ങിച്ച് തന്നതാണ്.എസ്.എസ്.എല്‍.സി പരീക്ഷ എഴുതി നില്‍ക്കുന്ന കാലം.ഫസ്റ്റ് ക്ളാസ് കിട്ടുകയാണെങ്കില്‍ നിനക്കൊരു വാച്ച് വാങ്ങി തരാമെന്ന് ്പത്താം ക്ളാസില്‍ എത്തിയപ്പോള്‍ മുതല്‍ അമ്മാവന്‍ പറഞ്ഞു കൊണ്ടിരുന്നതാണ്.അതിന്‍ പ്രകാരം ഞാന്‍ പ്രത്യേകിച്ച് പഠിത്തം ഊര്‍ജ്ജിതമാക്കിയൊന്നുമില്ല.പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ വാച്ച് കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന സത്യം ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു.പിന്നെ ചോദ്യമായി.എത്ര കിട്ടും?.340 കിട്ടുമോ?.അങ്ങനെയെങ്കില്‍ ഞാന്‍ വാക്ക് പാലിക്കാം.ഞാന്‍ ധൈര്യമായി കാച്ചി.അത് ഉറപ്പ്.റിസല്‍റ്റ് വരും വരെ അങ്ങനെ ഒരു ഉറപ്പും എനിക്ക് ഉണ്ടായിരുന്നില്ളെന്നതാണ് സത്യം.ഒടുവില്‍ ഫലം വന്നപ്പോള്‍ മാര്‍ക്ക് 347.പെരുമ്പാവൂരിലെ അരിസ്റ്റോ എന്ന വാച്ച് കടയില്‍ അമ്മാവനും അമ്മായിയും ഞാനും കൂടെ പോയിട്ടാണ് വാച്ച് സെലക്റ്റ് ചെയ്തത്.വിജയ് എന്ന മോഡല്‍.ഡയലിന്‍്റെ നിറം ബ്ളൂ ബ്ളാക്ക്.വില ഞാന്‍ മറന്ന് പോയി.പെരുമ്പാവൂരിലെ ട്രാവണ്‍കൂര്‍ റയോണ്‍സ് കമ്പനിയിലെ പേഴ്സണല്‍ മാനേജരായിരുന്നു അമ്മാവന്‍ കെ.എ.കൃഷ്ണന്‍.
എന്തായാലും കാലടിയിലെ ശ്രീശങ്കര കോളജില്‍ 1978ല്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ കൈയ്യില്‍ ആദ്യമായി എനിക്കൊരു വാച്ച് ധരിക്കാന്‍ സാധിച്ചു.വീട്ടില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ട വാച്ച് ഫേവര്‍ ലൂബയായിരുന്നു.അമ്മയുടെ കുഞ്ഞ് ലേഡീസ് വാച്ചിന്‍്റെ രണ്ട് ചരടുകള്‍ ചേര്‍ത്തൊട്ടിച്ചത് പോലെയുള്ള ലേഡീസ് വാച്ചിന്‍്റെ രൂപം ഓര്‍മ്മയുണ്ട്.പേര് മറന്നു പോയി.
ഫസ്റ്റ് ഗ്രൂപ്പില്‍ എന്നോടൊപ്പമുണ്ടായിരുന്ന ശ്രീകുമാര്‍ എസ്.പിള്ളക്കും ഉണ്ടായിരുന്നു ഒരു എച്ച്.എം.ടി വാച്ച്.ഹിന്ദുസ്ഥാന്‍ പെടോളിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന അവന്‍്റെ പിതാവിന് സര്‍വീസിലെ സീനിയോരിറ്റി മുന്‍ നിര്‍ത്തി ലഭിച്ചതായിരുന്നു സ്വര്‍ണ നിറത്തില്‍ തീരെ കനം കുറഞ്ഞ ആ വാച്ച്. എന്തോ ആ വാച്ച് ശ്രീകുമാറിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.ഞങ്ങളുടെ ക്ളാസ്സിലെ ഡസ്ക്കില്‍ അവന്‍ ശക്തിയായി വാച്ച് കൈയ്യില്‍ നിന്ന് ഊരിയെടുത്ത് അടിക്കുന്നത് കണ്ടിട്ടുണ്ട്.എന്നിട്ട് പറയും‘നാശം ,ഇതൊന്ന് പൊട്ടുന്നില്ലല്ളോ?.എന്നിട്ട് വേണം അവന്‍്റെ രാധകൊച്ചച്ചന്‍്റെ കൈയ്യിലുള്ള എതോ ഫോറിന്‍ വാച്ച് മേടിക്കാന്‍.എന്നാല്‍ വിജയ് വാച്ചില്‍ ചെറിയ ഒരു പോറല്‍ വീഴുന്നത് പോലും എനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല.അത്രക്കും സൂക്ഷിച്ചായിരുന്നു ഞാന്‍ അതിനെ കൈകാര്യം ചെയ്തിരുന്നത്.അന്ന് ഞങ്ങളുടെ ക്ളാസിലുണ്ടായിരുന്ന അങ്കമാലിയില്‍ നിന്ന് വരുന്ന ഉയരമുള്ള വിജയ് എം. നായര്‍ എന്ന സഹപാഠിയെ ഞാന്‍ വാച്ച് കാണിച്ച് തന്‍്റെ പേരിലുള്ള വാച്ച് എന്ന് പറയുമായിരുന്നു.കുലീനമായ പെരുമാറ്റമുള്ള വിജയുടെ മുഖത്ത് അത് കേള്‍ക്കുമ്പോള്‍ നേരിയ ഒരു പുഞ്ചിരി വിരിയും.സഹിന്ദുസ്ഥാന്‍ മെഷിന്‍ ടൂള്‍സ് എന്നത് ഒരു പൊതു മേഖലാ സ്ഥാപനം ആണെന്ന് കേവലം 15 വയസ്സ് മാത്രം പിന്നിട്ട എനിക്ക് നല്ല ധാരണയുണ്ടായിരുന്നു.തന്നെയുമല്ല ഞങ്ങള്‍ കുറച്ച് കൂട്ടുകാര്‍ അന്നും സ്വകാര്യവല്‍ക്കരണത്തിന് എതിരായിരുന്നു എന്ന് അഭിമാനത്തോടെ പറയാം.പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറുടെയും കിളിയുടേയും ആട്ടും തുപ്പും കേള്‍ക്കാതെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സ്റ്റുഡന്‍്റ്സ് കണ്‍സഷന്‍ കാര്‍ഡ് വാങ്ങി ഞങ്ങള്‍ പോയിരുന്നു.മിക്കവാറും കുട്ടികള്‍ അതിന് ശ്രമിച്ചിരുന്നില്ല.
അത് അവിടെ നില്‍ക്കട്ടെ.എന്‍്റെ പ്രിയപ്പെട്ട എച്ച്.എം.ടി വിജയിലേക്ക് വരാം.പ്രീഡിഗ്രി കഴിഞ്ഞ് ശങ്കരയില്‍ മൂന്ന് വര്‍ഷം കഴിയുമ്പോഴുംഅവന്‍ എന്‍്റെ കൈയില്‍ സുഹൃത്തായി തുടര്‍ന്നു.പഠിത്തം കഴിഞ്ഞ് ജോലി കിട്ടുമ്പോള്‍ പുതിയൊരു വാച്ച് എന്ന കാര്യം ഞാന്‍ ആലോചിച്ചിട്ട് പോലുമില്ലായിരുന്നു.കോളജിന് ശേഷം ജേര്‍ണലിസത്തിന് പോയപ്പോഴും പുതിയ വാച്ച് ചിന്തയിലേ കടന്ന് വന്നില്ല.1985ല്‍ കോഴിക്കോട് കാലിക്കറ്റ് ടൈംസില്‍ ആദ്യമായി ജോലിക്ക് ചേരുമ്പോള്‍ അഭിമാനത്തോടെ ഞാന്‍ കൈയ്യില്‍ ധരിച്ചിരുന്നത് പഴയ വിജയ് തന്നെ.കാലിക്കറ്റ് ടൈംസിലാകട്ടെ അന്നത്തെ അച്ചടിയന്ത്രവും എച്ച്.എം.ടിയുടേത്.സഹപ്രവര്‍ത്തകനായിരുന്ന ശ്രീകുമാര്‍ നിയതിയോടും പ്രൂഫ് റീഡര്‍ അന്തരിച്ച ബാലകൃഷ്ണന്‍ നായരോടും പലപ്പോഴും ഞാന്‍ എന്‍്റെ വാച്ചും പത്രത്തിലെ പ്രസ്സിനേയും കൂട്ടിയിണക്കി തമാശ പറഞ്ഞിട്ടുണ്ട്.
1987 ല്‍ മാധ്യമത്തില്‍ ഇന്‍്റര്‍വ്യൂവിന് പോകുമ്പോഴും എന്‍്റെ കൈയില്‍ അവന്‍ തന്നെ.പിന്നെ പലപല ബ്യൂറോകള്‍.1992 ല്‍ സഹോദരിയുടെ വിവാഹമാണ് വീട്ടില്‍ നടന്ന ഒരു പ്രധാന ചടങ്ങ്.പലരും എന്‍്റെ വാച്ച് മാറ്റുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.ഞാന്‍ അതൊന്നും ചെവികൊണ്ടില്ല.ഇടക്ക് എങ്ങോ ഒരു ദിവസം വാച്ചിന്‍്റെ ചില്ലിലെ പോറല്‍ പോളിഷ് ചെയ്ത് മാറ്റിയത് ഒഴിച്ചാല്‍ ഞാന്‍ അതിന് മേല്‍ ഒന്നും ചെയ്തിരുന്നില്ല.
ഒടുവില്‍ എന്‍െറ വിവാഹമായി.1995 സെപ്തംബര്‍ രണ്ടാം തീയതിയായിരുന്നു എന്‍്റെ വിവാഹം.കല്യാണത്തലേന്ന് പുതിയ വസ്ത്രങ്ങളും മറ്റും എടുത്ത് വെക്കുമ്പോള്‍ അറിയാതെ മനസ്സില്‍ പുതിയ ഒരു വാച്ച് കൂടി ആയിരുന്നു എങ്കില്‍ എന്ന് തോന്നാതിരുന്നില്ല.പക്ഷെ പുതിയ ഒന്ന് വാങ്ങിക്കാനുള്ള സാഹചര്യം ഒത്ത് വന്നില്ല.പിറ്റേന്ന് കൈയില്‍ അത് തന്നെ ധരിക്കുമ്പോള്‍ യാതൊരു അപകര്‍ഷതയും മനസ്സില്‍ തോന്നിയിരുന്നില്ല എന്ന്് നിസംശയം പറയാം.കല്യാണ ദിവസം രാവിലെ വസ്ത്രങ്ങള്‍ ഓരോന്നായി അണിയുന്നു.വാച്ച് കെട്ടാന്‍ തുടങ്ങിയില്ല.വലപ്പാട് നിന്ന് ഇന്ദിര കുഞ്ഞമ്മയുടെ മകന്‍ രംഗു എന്ന രംഗ നാഥന്‍ വരുന്നു.‘ചേട്ടന് ഞാനൊരു സാധനം വാങ്ങിയിട്ടുണ്ട്’എന്ന് പറഞ്ഞ് അവന്‍ ഒരു വാച്ചിന്‍െറ കവര്‍ നീട്ടി.മനസ്സില്‍ സന്തോഷം നിറഞ്ഞു.പക്ഷെ അതെങ്ങാനും ഒരു ഫോറിന്‍ വാച്ചാണെങ്കിലോ? രംഗുവിനെ വിഷമിപ്പിക്കാനും കഴിയില്ല.എന്ത് ചെയ്യും?ഞാന്‍ ഒരു നിമിഷത്തേക്ക് ഒന്നും പറയാന്‍ കഴിയാതെ നിശബ്ദനായി.അവന്‍ തുടര്‍ന്നു.‘ഞാന്‍ തപ്പി നടന്ന് ചേട്ടന് ഒരു എച്ച്.എം.ടി തന്നെയാണ് വാങ്ങിയത്.മുമ്പ് ചേട്ടന്‍ അതേ ഉപയോഗിക്കൂ എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.’അവന്‍്റെ മനസ്സില്‍ ഞാന്‍ പറഞ്ഞത് മറക്കാതെ നില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ അത്ഭുതം തോന്നി.പിന്നെ ഒന്നും ആലോചിച്ചില്ല രംഗു സമ്മാനിച്ച സ്വര്‍ണ നിറമുള്ള പുതിയ എച്ച്.എം.ടി ക്വാര്‍ട്ടസ് വാച്ച് കൈയില്‍ കെട്ടി ഞാന്‍ വിവാഹ ചടങ്ങിന് പുറപ്പെടാന്‍ ഒരുങ്ങി.ഞാന്‍ പുതിയ വാച്ച് മേടിച്ചിരുന്നില്ല എന്നറിഞ്ഞതോടെ അവനും ഒത്തിരി സന്തോഷമായി.പക്ഷെ എനിക്ക് ചെറിയ ഒരു വിഷമം മനസ്സില്‍ ബാക്കി നിന്നു.നീണ്ട 17 വര്‍ഷം എന്‍്റെ വലംകൈയ്യില്‍ കെട്ടിയിരുന്ന ‘വിജയി’നെ ഞാന്‍ ഉപേക്ഷിക്കുകയാണ്.അവനെ ഭദ്രമായി സ്റ്റീല്‍ അലമാരയിലെ ലോക്കറിനുള്ളിലേക്ക് മാറ്റി.പിന്നെ കൈയ്യില്‍ രംഗുവിന്‍്റെ എച്ച്.എം.ടി ക്വാര്‍ട്ട്സ്.ചുരുങ്ങിയത് 17 കൊല്ലമെങ്കിലും അവനേയും ധരിക്കാന്‍ ആഗ്രഹിച്ചു.അതേതായാലും സാധിച്ചു.ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 19 വര്‍ഷം പിന്നിട്ടു.ഞാനിപ്പോള്‍ കുറച്ചു കാലമായി വാച്ച് ധരിക്കുന്നില്ല.കൈയില്‍ അങ്ങനെ ഒരു ഭാരം ഒഴിവാക്കാമെന്ന ചിന്ത തന്നെ പ്രധാന കാരണം.തന്നെയുമല്ല സമയം അറിയാനാണെങ്കില്‍ സദാസമയം കൈയ്യിലാകട്ടെ മൊബൈല്‍ ഫോണുമുണ്ട്.എതായാലും എച്ച്.എം.ടിയുടെ വളരെ നല്ല രണ്ട് മോഡല്‍ വാച്ചുകള്‍ എന്‍്റെ സ്വകാര്യ ശേഖരത്തിലുണ്ട്.എന്‍്റെ സ്വകാര്യ അഹങ്കാരങ്ങളായി.
വി.ആര്‍.രാജ മോഹന്‍
No comments:
Post a Comment