North 24 Katham |
മകന്‍ ഗൗതമനോടൊപ്പം പുതുക്കിയ തീയേറ്ററില്‍ ഉദ്ഘാടത്തിന്‍്റെ പിറ്റേന്ന് കഴിഞ്ഞ ഞായറാഴ്ച മാറ്റിനിക്ക് (നോര്‍ത്ത് 24 കാതം) കയറി.പഴയ തീയേറ്ററിന്‍്റെ മുക്കും മൂലയും സുപരിചിതമായ എനിക്ക് എവിടെ എന്തൊക്കൊ മാറ്റങ്ങളാണ് വരുത്തിയയെന്ന് കൃത്യമായി പറയാനാകും.എനിക്കെന്നല്ല മിക്കവാറും എല്ലാ പെരുമ്പാവൂരുകാര്‍ക്കും അതിന് കഴിയുമെന്നാണ് എന്‍്റെ വിശ്വാസം.സ്വന്തം വീടിനേക്കാള്‍ പുഷ്പയിലെ എല്ലാടവും ഞാനടക്കം മിക്കവര്‍ക്കും നല്ല തിട്ടമാണന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.ബാല്‍ക്കണിയിലേക്ക് പ്രവേശിക്കും മുമ്പുള്ള സ്ഥലത്ത് പഴയ പ്രൊജക്റ്റര്‍ വെച്ചിരിക്കുന്നത് കണ്ടപ്പോര്‍ അറിയാതെ മൊബൈലിലെ കാമറ പ്രവര്‍ത്തിപ്പിച്ചു. കുറച്ച് നേരം അതിന്‍്റെ ചുറ്റുമൊന്ന് നടന്ന് നോക്കി.സത്യംപറഞ്ഞാല്‍ എന്തോ സായൂജ്യം കിട്ടിയ പോലെ.ഫിലിം റീലുകള്‍ നിറക്കുന്ന ഭാഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ പൊങ്ങി വന്നത് അതിലൂടെ കണ്ട അസംഖ്യം സിനിമകളെ കുറച്ചുള്ള ചിന്തകളായിരുന്നു.ആ ഓര്‍മ്മകള്‍ മുഴുവന്‍ പകര്‍ത്താന്‍ തീര്‍ച്ചയായും ഈ പോസ്റ്റ് മതിയാകില്ല.സാധിക്കുമെങ്കില്‍ തുടര്‍ന്ന് മറ്റ് അനുബന്ധ പോസ്റ്റുകളായി അവയും ഉള്‍ക്കൊള്ളിക്കണമെന്നുണ്ട്.
എഴുപതുകളുടെ മധ്യത്തിലാണ് പുഷ്പ എന്ന സിനിമ തീയേറ്റര്‍ ആരംഭിച്ചത് .വേണമെങ്കില്‍ കൃത്യമായ വര്‍ഷം കണ്ടത്തൊന്‍ വിഷമമില്ല.വെറും കൈയ്യോടെ തയ്യാറാക്കുന്ന ഈ പോസ്റ്റില്‍ അത്രമാത്രം കൃത്യത വേണമെന്ന് തോന്നുന്നില്ല.എന്നിരുന്നാലും മനസ്സില്‍ സൂക്ഷിക്കുന്ന ചില മറക്കാനാകാത്ത ഓര്‍മ്മകളുമായി ബന്ധപ്പെട്ട് എഴുപതുകളുടെ ആദ്യം ആണെന്ന് തറപ്പിച്ച് പറയാം.അക്കാലത്ത് പഠിച്ചിരുന്ന ക്ളാസ്സുകള്‍,സിനിമകള്‍ക്ക് പോയ ഓര്‍മ്മകള്‍ എല്ലാം കൂടി ചേര്‍ത്തൊരു കണക്കിലാണ് ഇങ്ങനെ ഒരു അനുമാനത്തില്‍ എത്തിയത്. പഴയ കാല സിനിമാകൊട്ടകയുടെ എല്ലാ ലക്ഷണവുമൊത്തൊരു സിനിമാ പ്രദര്‍ശന ശാലകളായിരുന്നു ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ക്ക് ആദ്യമുണ്ടായിരുന്നത്.യാതൊരു മാറ്റവുമില്ലാതെ പഴയത് പോലെ തന്നെ നിലകൊള്ളുന്ന ലക്കി തീയേറ്റര്‍.അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരിടമായി മാറി അത്.കുറഞ്ഞ് വര്‍ഷം മുമ്പ് നൊസ്താള്‍ജിയ അനുഭവിക്കാന്‍ തന്നെയായി ഒരു തമിഴ് സിനിമ വന്നപ്പോള്‍ ലക്കിയില്‍ കയറി.തിരശ്ശീലയെ മറക്കുന്ന തൂണുകളെക്കുറിച്ച് പുതിയ തലമുറക്ക് അറിയാമോ ആവോ?.ലക്കി പുതുക്കും മുമ്പ് ആര്‍ക്കും അത് അനുഭവിക്കാവുന്നതാണ്.
ലക്കിക്ക് പുറമെ മറ്റൊരു ടാക്കീസും ഞങ്ങള്‍ക്കുണ്ട്-ജ്യോതി.ജ്യോതിയുടെ ചരിത്രം ചുരുക്കി പറയാം.കേരളത്തിന്‍്റെ സാമൂഹിക ചരിത്രത്തെ പാടെ മാറ്റിമറിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്‍്റെ സ്മാരകമായി ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍്റെ കുന്നത്ത്നാട് താലൂക്ക് യുണിയന്‍ പണികഴിപ്പിച്ച ഹാളാണ് ജ്യോതി തീയേറ്റര്‍.പെരുമ്പാവൂരുകാരുടെ ചലച്ചിത്ര ദര്‍ശനസ്വപ്നങ്ങള്‍ അന്നൊക്കൊ പൂവണിഞ്ഞിരുന്നത് ഈ രണ്ട് തീയേറ്ററുകള്‍ വഴിയായിരുന്നു.അവയില്‍ പഴയ തലമുറ തീര്‍ത്തും സംതൃപ്തി പെട്ടിരുന്നു.പോരാത്തവര്‍ക്കായി ആലുവയില്‍ സീനത്ത് എന്നൊരു തീയേറ്റര്‍ ഉണ്ടായിരുന്നു.സീനത്ത് രണ്ട് സ്ക്രീനുകളാക്കി അടുത്തിടെ ആധുനികവല്‍ക്കരിക്കുകയുണ്ടായി.അവിടെയുള്ള മറ്റ് രണ്ട് തീയേറ്ററുകളായ കാസിനോയും പങ്കജവുമാകട്ടെ നിലവാരത്തില്‍ ലേശം പിന്നോക്കത്തിലായിരുന്നു. സാമ്പത്തികസൗകര്യവുമുള്ളവരാകട്ടെ നേരെ സിനിമ കാണാന്‍ നേരെ എറണാകുളത്തേക്ക് വെച്ച് പിടിപ്പിക്കുമായിരുന്നു.അവിടെയുള്ള തീയേറ്ററുകള്‍ പേരുകളാല്‍ മുഴുവന്‍ മലയാളികള്‍ക്കും സുപരിചിതങ്ങളായിരുന്നു.
വീണ്ടും പുഷ്പയിലേക്ക് വരാം.നാട്ടിലെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ക്രൈസ്തവ തറവാടുകളിലൊന്നായ ചെമ്മനംകുടുംബത്തിന്‍്റേതായിരുന്നു ലക്കി.അവരുടെ തന്നെ ഉടമസ്ഥതയിലാണ് പുഷ്പ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പുഷ്പ തുടങ്ങുമ്പോള്‍ ഞങ്ങള്‍ പെരുമ്പാവൂരില്‍ താമസമില്ലായിരുന്നു.മാതാപിതാക്കളുടെ തൊഴില്‍ മുന്‍ നിര്‍ത്തി തൊടുപുഴക്ക് അപ്പുറമുള്ള തട്ടക്കുഴയിലായിരുന്നു അക്കാലത്ത് ഞങ്ങള്‍. ആറാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാള്‍ നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ അമ്മാവന് ഞങ്ങളോട് പറയാനുണ്ടായിരുന്ന പ്രധാന വര്‍ത്തമാനം പെരുമ്പാവൂരില്‍ പുതിയ സിനിമാ തീയേറ്റര്‍ വരുന്നു എന്നതായിരുന്നു.പണി നടക്കുന്ന സ്ഥലം അമ്മാവന്‍ എന്നെ കൂട്ടി കൊണ്ട് പോയി കാണിച്ചത് മനസ്സില്‍ ഇപ്പോഴുമുണ്ട്.തട്ടക്കുഴയില്‍ തിരികെ ചെല്ലുമ്പോള്‍ എനിക്ക് കൂട്ടുകാരോട് പറയാനുള്ള ഏകകാര്യവും അത് മാത്രമായിരുന്നു.അധികം വൈകാതെ തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.അവധിക്ക് എത്തിയ ഒരുദിവസം അവിടെ സിനിമ കാണാന്‍ കയറി.്ള.1974 ല്‍ പുറത്തിറങ്ങിയ ഉദയ പ്രൊഡക്ഷന്‍സിന്‍്റെ ‘ദുര്‍ഗ’ ആണെന്നാണ് ഓര്‍മ്മ.അടുത്ത ദിവസം ചാനലില്‍ ആ സിനിമ കണ്ടു.ഗുരുദേവ.........ഗുരുദേവ.........ശ്രീ നാരായണ ഗുരുദേവ ...........എന്ന ഗാനം അതിലെയാണ്.ശിവഗിരി തീര്‍ത്ഥാടനത്തിന്‍്റെ രംഗങ്ങളായിരുന്നു അതില്‍.ആ പ്രായം വരെ ഞാന്‍ കയറിയ സിനിമാശാലകള്‍ നേരത്തെ പറഞ്ഞ ആലുവയിലേയും പെരുമ്പാവൂരിലേയും പഴയവ മാത്രമായിരുന്നു.കൂടാതെ തട്ടക്കുഴ സ്കൂളില്‍ നിന്ന് ഉടുമ്പന്‍ ചോലയിലെ ഒരു പഴയ കൊട്ടകയില്‍ അമ്മയോടൊപ്പം ബനിഫിറ്റ് ഷോ ആയി നടത്തിയ ‘മൂടല്‍ മഞ്ഞും കാണുകയുണ്ടായി.1970 ല്‍ റിലീസ് ചെയ്ത ഈ സിനിമ ഞങ്ങള്‍ കണ്ടത് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിട്ടായിരിക്കും.അതേ വര്‍ഷം പുറത്തിറങ്ങിയ ‘ത്രിവേണി ’കണ്ടതാകട്ടെ പെരുമ്പാവൂരിലെ ലക്കി തീയേറ്ററില്‍ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞിട്ടായിരുന്നു.കരിമണ്ണൂരിലെ മറ്റൊരു തീയേറ്ററില്‍ പോയി പുള്ളിമാന്‍(1972)ബോബനും മോളിയും(1971) എന്നീ ചിത്രങ്ങളും കണ്ട ഓര്‍മ്മ മനസ്സില്‍ നിന്ന് മായ്ച്ച് കളയാണ്‍ കാലത്തിനോ പ്രായത്തിനോ ഇത്വരെ കഴിഞ്ഞിട്ടില്ല.
പുഷ്പ യില്‍ ഞാന്‍ കണ്ട സിനിമകള്‍ക്ക് കണക്കില്ല.ലക്കിയിലും ജ്യോതിയിലും ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും പുഷ്പയുടെ അത്രയും വരില്ല.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും പണിയെടുക്കുവാന്‍ അവസരം ലഭിക്കുക വഴി അവിടങ്ങളിലെല്ലാമുള്ള ചെറുതും വലുതും സൗകര്യങ്ങളുള്ളതും ഇല്ലാത്തതുമായ ഒട്ടനവധി സിനിമാശാലകളില്‍ പോയിട്ടുണ്ട്.എന്നാല്‍ വര്‍ഷങ്ങളോളം അവിടെ എല്ലാമായി കണ്ട മുഴുവന്‍ സിനിമകളും ചേര്‍ത്താല്‍ പോലും പുഷ്പയില്‍ കണ്ട സിനിമകളേക്കാള്‍ കുറവായിരിക്കും എന്നാണ് എന്‍്റെ ഉറച്ച വിശ്വാസം.സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ എല്ലാവരുടേയും ഒപ്പമായിരുന്നു സിനിമക്ക് പോയിരുന്നത്.കുഞ്ചാക്കോയുടെ ഉദയയും സഹോദരനായ അപ്പച്ചന്‍്റെ നവോദയയും നിര്‍മ്മിച്ച എല്ലാ ചിത്രങ്ങളുടേയും കേരളത്തിലെ പ്രമുഖ റിലീസിങ്ങ് കേന്ദ്രങ്ങളോടൊപ്പം പെരുമ്പാവൂര്‍ പുഷ്പ ഉണ്ടായിരുന്നു.എ ക്ളാസ്സ് തീയേറ്ററുകളില്‍ പെടാത്ത ‘ബി’ക്കും ‘സി’ക്കും ഇടയില്‍ നിലവാരമുള്ള പുഷ്പയില്‍ റിലീസ് ചിത്രം കാണാന്‍ സാധിക്കുക എന്നത് അന്നത്തെ കാലത്ത് മഹാഭാഗ്യം തന്നെയായിരുന്നു.ആന്നൊക്കൊ ഇന്നത്തെ പോലെ നാടുനീളെയുള്ള വൈഡ് റിലീസിങ്ങ് എന്നൊരു പരിപാടിയേ ഉണ്ടായിരുന്നില്ല.ഉദയാ ചിത്രങ്ങളാണ് അങ്ങനെ ആദ്യം തന്നെ ഞങ്ങള്‍ അനുഭവിച്ചിരുന്നത്.സ്കൂള്‍ കാലയളവില്‍ മിക്കവാറും എല്ലാ കുഞ്ചാക്കോ(കുഞ്ചാക്കോ ബോബ
ന്‍്റെ പിതാമഹന്‍) ചിത്രങ്ങളും എനിക്ക് അത് മൂലം കാണാനായി.
തട്ടക്കുഴയില്‍ നിന്നും ഏഴാം ക്ളാസ്സില്‍ പെരുമ്പാവൂരില്‍ എത്തിയ ശേഷം സിനിമ കാണല്‍ പതിവായി.മിക്കവാറും അച്ഛനുമമ്മയുടേയും ചിലപ്പോളൊക്കൊ അമ്മാവനുമമ്മായിയുടേയും കൂടെയായിരുന്നു സിനിമക്ക് പോയിരുന്നത്.അതിന് മുമ്പ് തീരെ കുട്ടിയായിരിക്കുമ്പോള്‍ മുത്തച്ഛനോടും മുത്തശ്ശിയമ്മയോടുമൊപ്പം പുഷ്പ വരുന്നതിന് മുമ്പ് ജ്യോതിയില്‍ സിനിമക്ക് പോകാറുള്ളത് മനസ്സില്‍ നേരിയ ഒരോര്‍മ്മയുണ്ട്.അവിടെ സിനിമ കാണാന്‍ പോകുമ്പോഴാണ് എന്‍്റെ മനസ്സില്‍ ശ്രീനാരായണന്‍ ആദ്യമായി കടന്ന് വരുന്നത്.അവിടെ ഗുരുവിന്‍്റെ ഒരു മനോഹര പ്രതിമ ഉണ്ടായിരുന്നു.തീയേറ്റര്‍ നവീകരിച്ചപ്പോള്‍ അധികൃതര്‍ ആ പ്രതിമ മാറ്റി. തൊട്ടുപിന്നിലുള്ള എസ്.എന്‍.ഡി.പി കുന്നത്ത്നാട് താലൂക്ക് യുണിയന്‍ ആസ്ഥാനത്തിന് മുമ്പില്‍ ക്ഷേത്രസമാനമായ പുതിയ ഗുരുമന്ദിരത്തില്‍ സ്വാമിയുടെ പ്രതിഷ്ഠ നടത്തിയതിനാലാവണം അങ്ങനെ ചെയ്തത്.അതേതായാലും നന്നായി.അത്രയും നാള്‍ പല ഉച്ചപ്പടങ്ങളും അകത്ത് നടക്കുമ്പോള്‍ മൂകസാക്ഷിയായി ഗുരുപ്രതിമ അവിടെ ഉണ്ടായിരുന്നു. മുമ്പൊരിക്കല്‍ ടിക്കറ്റ് കിട്ടാതെ വന്ന സിനിമ ഭ്രാന്തന്‍്റെ പ്രതിഷേധം കല്ലിന്‍്റെ രൂപത്തില്‍ പ്രതിമക്ക് നേരെ തിരിയുകയും ചെയ്ത കാര്യം ഓര്‍ക്കുമ്പോള്‍ ഒന്ന് കൂടി അത് നന്നായെന്ന് ഓര്‍ക്കുന്നു.തന്നെയുമല്ല ഗുരുവിന് പഥ്യമല്ലാത്ത മാംസാഹാരം പാചകം ചെയ്യുന്ന റസ്റ്ററന്‍്റിന് തീയേറ്ററിന് മുന്നിലെ ഷോപ്പിങ്ങ് കോംപ്ളക്സ് വാടകക്ക് നല്‍കിയതിന് പ്രായശ്ചിത്തം ് കൂടിയാകാം അത്.പുഷ്പ പുരാണം അറിയാതെ ജ്യോതിയിലത്തെി. അവസാനിപ്പിക്കും മുമ്പേ അത് പുഷ്പയിലേക്ക് വരേണ്ടതുണ്ട്.പവിഴത്തിലെ പുതിയ ടിക്കറ്റ് നിരക്ക് താങ്ങാന്‍ പറ്റാത്തവരായി കരുതുന്നവരായി ആരെങ്കിലും ഇപ്പോഴുണ്ടോ എന്നറിയില്ല.
എലിപ്പത്തായം |
ഹൈലൈറ്റ് ചെയ്യപ്പെടാതെ പോകുന്ന പോയന്‍്റ്
ഏകദേശം കാല്‍നൂറ്റാണ്ട് മുമ്പ് പുഷ്പക്ക് മുന്നില്‍ നക്സലൈറ്റ് സഖാക്കള്‍ കുറേ ദിവസം സമരം നടത്തിയിരുന്ന കാര്യം ഓര്‍മ്മയില്‍ വരുന്നു. ഒരു രൂപയില്‍ താഴെ നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത് എന്നാണ് ഓര്‍മ്മ.സിനിമാ കാണാന്‍ വരുന്നവരെ കാര്യം ബോധ്യപ്പെടുത്തി മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന രീതിയാണ് സമരക്കാര്‍ ചെയ്തിരുന്നത്. കുടിയൊഴിപ്പിക്കല്‍ അടക്കമുള്ള പുതിയ ജനകീയ പ്രശ്നങ്ങള്‍ സമൂഹമധ്യത്തിലേക്ക് കടന്ന് വന്നപ്പോള്‍ സിനിമാടിക്കറ്റ് നിരക്ക് വര്‍ദ്ധന ഒരു വിഷയം അല്ലാതായി എന്ന് വേണം കരുതാന്‍.പുതിയ മള്‍ട്ടിപ്ളക്സ് തീയേറ്ററുകള്‍ നല്‍കുന്ന സേവനം ഡിജിറ്റല്‍ ഗുണമേന്മയുള്ള ദൃശ്യ ഭംഗിയും മള്‍ട്ടിപ്പിള്‍ സ്റ്റീരിയോ ഫോണിക് സൗണ്ട് ട്രാക്കിലെ ശബ്ദവുമാണെന്ന് സ്ഥിതി സംജാതമായതോടെ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമമായ സിനിമയുടെ ലക്ഷ്യം വഴിമാറിപ്പോയിരിക്കുകയാണ്.സിനിമ എന്ന മാധ്യമത്തെ ഗൗരവമായി സ്വീകരിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രദര്‍ശന ശാലകള്‍ ഇന്ന് അന്യമാണെന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല. തീയേറ്ററുകള്‍ മാത്രമല്ല ചാനലുകളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.പുതിയ സാങ്കേതിക വിദ്യ സമ്മാനിക്കുന്ന മായിക കാഴ്ചകളും അര്‍ത്ഥശൂന്യവും അയാര്‍ത്ഥങ്ങളുമായ കാര്യങ്ങളെ വിഷയങ്ങളാക്കി പടച്ച് വിടുന്ന സിനിമകളുമാണ് തീയേറ്ററുകളെ കീഴടക്കുന്ന എന്ന ദുരവസ്ഥ പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളി തിരിച്ചറിയുന്നില്ല.ന്യൂ ജനറേഷന്‍ സിനിമയുടെ നാനാര്‍ത്ഥങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്ന ബുദ്ധിജീവി സമൂഹവും അതിനെ കാണുന്നില്ല.അല്ളെങ്കില്‍ കണ്ടില്ളെന്ന് നടിക്കുന്നു.സൂപ്പര്‍ഹിറ്റുകളായ ഹോളിവുഡ് ചിത്രങ്ങളെ കോപ്പിയടിച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളും ബ്ളോക്ക് ബ്ളസ്റ്ററുകളുമാക്കി മാറ്റുന്നതില്‍ യാതൊരു ഉളുപ്പുമില്ലാത്ത തൊലിക്കട്ടിയുള്ളവരെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കുടിയിരുത്താന്‍ ധൈര്യം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ വിനീത വിധേയരായി പഞ്ചപുഛമടക്കി കഴിഞ്ഞ് കൂടുന്ന സ്ഥിതി അവസാനിപ്പിക്കുക തന്നെ വേണം.പകരം പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയുന്നവരെന്ന് ധരിച്ചവരാകട്ടെ ഓസ്ക്കാര്‍ - കാന്‍ മേളകളില്‍ ശ്രദ്ധേയമായ വിദേശ ചിത്രങ്ങളില്‍ നിന്ന് പച്ചയായി പകര്‍ത്തിയ കഥയും രംഗങ്ങളുമായി തനിതട്ടിപ്പുമായി കടന്ന് വന്നിരിക്കുന്നവരവണെന്ന് കൂടി വന്നതോടെ നാം അക്ഷരാര്‍ത്ഥിത്തില്‍ ആത്മഹത്യാമുനമ്പിലാണ് ചെന്ന് പെട്ടിരിക്കുന്നത്.ചാനല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ വീരസ്യങ്ങള്‍ സ്വയം തട്ടിവിടുന്ന ഈ അഭിനവസംവിധായകരെ കാണുമ്പോള്‍ മനസ്സില്‍ വരുന്നത് മലബാറിലെ പഴയൊരു ചൊല്ലാണ്.ആണ്ടി നല്ല അടിക്കാരനെന്ന് ആണ്ടി തന്നെ പറയുന്ന അവസ്ഥ.ഈ പഴമൊഴിയില്‍ അശ്ളീലമുണ്ടോയെന്ന് ചെറിയ ഒരു അന്വേഷണം നടത്തി.ഇല്ളെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇനി അഥവാ ഉണ്ടായാല്‍ തന്നെ യാതൊരു ശരികേടുമില്ല.ന്യൂ ജനറേഷന്‍ സംവിധായകരെ ഉദ്ദേശിച്ചാണല്ളോ പറഞ്ഞത്.തെറി അവര്‍ക്ക് പുത്തരിയെന്നുമല്ലല്ളോ?
പുഷ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി തുടങ്ങിയപ്പോഴാണ് വെറുമൊരു പോസ്റ്റില്‍ ഒതുങ്ങുകയില്ളെന്ന് ബോധ്യമായത്.നനഞ്ഞിറങ്ങിയ സ്ഥിതിക്ക് കുളിച്ച് കയറാന്‍ തന്നെയാണ് തീരുമാനം.ചിന്തകളെ കുറച്ച് കൂടി സ്വാതന്ത്യത്തോടെ കെട്ടഴിച്ച് വിട്ട് കൊണ്ടുള്ള പുതിയ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ സമയം കിട്ടട്ടെ എന്ന മോഹം സഫലീകരിക്കപ്പെടുമെന്ന് തന്നെ കരുതുന്നു.