Sunday, May 06, 2012

പ്രതീക്ഷ ഉണര്‍ത്തി ബുദ്ധപൂര്‍ണിമ ആഘോഷം


ബുദ്ധപൂര്‍ണിമ ആഘോഷം സംബന്ധിച്ച കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ക്ക് കാര്യമായ കമന്‍റുകളൊന്നും കാണാത്തപ്പോള്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.ബ്ളോഗില്‍ പ്രതികരണം കുറവായിരുന്നുവെന്ന് കരുതി  നേരിട്ടും ഫോണിലുമായി അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ ഏറെയാണ്.ഒന്നാലോചിച്ചാല്‍ അതാണ് ശരി.കൊട്ടിഘോഷവുമായി തുടങ്ങി വെക്കുന്ന പല പരിപാടികളും വലിയ കാലതാമസമില്ലാതെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതിന്‍െറ എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.
   പാലക്കാട്ടെ ബോധിയിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതാണെന്ന് കൃഷ്ണകുമാര്‍ പറയുകയുണ്ടായി.പക്ഷെ അപ്രതീക്ഷിതമായി സംഭവിച്ച ഹര്‍ത്താല്‍ കാരണം ഉദ്ദേശിച്ചത് പോലെ ആളുകള്‍ എത്തി ചേര്‍ന്നില്ല.വാസ്തവം പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ അംഗുലീ പരിമിതം തന്നെയായിരുന്നു പങ്കെടുത്തവരുടെ സംഖ്യ.എന്ന് കരുതി നേരത്തെ നിശ്ചയിച്ചിരുന്ന പരിപകടികളൊന്നും തന്നെ വേണ്ടെന്ന് വെച്ചതുമില്ല.ബുദ്ധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അഹിംസ കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളികള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന വീഴ്ചകളുടെ ഏറ്റവും ഒടുവിലത്തെ സംഭവത്തിന്‍െറ ഭാഗമായിട്ടായിരുന്നു ഹര്‍ത്താലെന്നത് വിരോധാഭാസമായി  ചൂണ്ടിക്കാണിക്കാം.വരുന്ന ബുദ്ധപൂര്‍ണിമ ആഘോഷം എന്ത് തന്നെയായാലും കോഴിക്കോട്ടെ സുഹൃത്തുക്കളുടെ കൂടെ മതിയെന്ന് ഡേവീസേട്ടന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.അതിന് മുമ്പായി ആലത്തുരിലെ വീഴുമലയില്‍ വരുന്ന ജൂലൈയില്‍ ഒരു പെരുമഴ ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് കൃഷ്ണകുമാറിന്‍െറ ആഗ്രഹം.മഴ ക്യാമ്പും നിലാവ് കൂട്ടായ്മയുമൊക്കെയായി പ്രകൃതിയോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും വലുതായി ബുദ്ധദര്‍ശനങ്ങളോടുള്ള ഐക്യപ്പെടല്‍ നിര്‍വഹിക്കാനാകില്ല തന്നെ.
   കോഴിക്കോട് ഞായറാഴ്ച രാവിലെ ബുദ്ധാശ്രമത്തില്‍ ബോധിവൃക്ഷത്തിന്‍െറ മുന്നിലെ വട്ടമേശയിലായിരുന്നു പുഷ്പ സമര്‍പ്പണം.ബുദ്ധ മത വിശ്വാസിയായ സി.ഡബ്ള്യു.ആര്‍.ഡി.എമ്മിലെ റിട്ടയേഡ് സയന്‍റിസ്റ്റ് നന്ദേശ്വറിന്‍െറ നേതൃത്വത്തില്‍ ഗൗതമപ്രതിമക്ക് മുന്നില്‍ ബുദ്ധ വന്ദനം നടന്നു.കേരള ബൗദ്ധ മഹാസഭയുടെ
 പ്രവര്‍ത്തകരായിട്ടുള്ള പുതുതായി ബുദ്ധ മതത്തെ ആശ്ളേഷിച്ചവര്‍ ചടങ്ങില്‍ പങ്കെടുക്കാനത്തെിയിരുന്നു എന്നത് സന്തോഷം നല്‍കുന്നു.ഈ പോസ്റ്റ് മധ്യമാര്‍ഗത്തില്‍ നല്‍കുമ്പോള്‍ കോഴിക്കോട്ട്  ബുദ്ധപൂര്‍ണിമയുടെ ഭാഗമായുള്ള പൊതു സമ്മേളനം നടക്കുകയാണ്.ആ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാം.അതിനിടെ  സെക്കുലര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വടകരയിലെ ബോധി എന്ന സംഘടന കഴിഞ്ഞ ആഴ്ച ബുദ്ധപൂര്‍ണിമ ആഘോഷത്തിന്‍െറ ഭാഗമായി സെമിനാര്‍ നടത്താന്‍ മുന്നോട്ട് വന്നു എന്ന കാര്യം പ്രതീക്ഷ ഉണര്‍ത്തുന്നു.

No comments:

Post a Comment