Friday, April 20, 2012

ബുദ്ധപൂര്‍ണിമ കോഴിക്കോട്ടും പാലക്കാട്ടുമുണ്ട്


  മധ്യമാര്‍ഗം ബ്ളോഗിലെ ആദ്യ പോസ്റ്റ് ബുദ്ധപൂര്‍ണിമയെക്കുറിച്ചായത് തികച്ചും യാദൃശ്ചികമായിരുന്നു.ഒരിക്കലും ആലോചിച്ച് ഉറപ്പിച്ച് ചെയ്തതായിരുന്നില്ല .പക്ഷെ അത് മറ്റൊരു നിയോഗമായി.കേരളത്തില്‍ ചുരുങ്ങിയത് രണ്ടിടത്തെങ്കിലും 2012 മെയ് ആറിന് വൈശാഖ പൗര്‍ണമി ആഘോഷിക്കുമെന്ന് ഉറപ്പായി.കോഴിക്കോടും പാലക്കാടും.കോഴിക്കോട് ബീച്ചിനടുത്ത കസ്റ്റംസ് റോഡിലെ ബുദ്ധവിഹാറിലെ  ബോധി വൃക്ഷത്തിന് മുന്നില്‍ ബുദ്ധന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും. ഒരേ സമയം ലളിതവും അര്‍ഥപൂര്‍ണവുമായിരിക്കും അതെന്ന കാര്യത്തില്‍ സംശയം വേണ്ട.
   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പ്രത്യേകതയുണ്ട്.ഗയയിലെ നിരഞ്ജനാ നദീ തീരത്തെ സിദ്ധാര്‍ഥന്‍ ബുദ്ധനായി മാറിയ ധ്യനത്തിന്‍െറ വേദികയായ ബോധിവൃക്ഷത്തിന്‍െറ ചെറുമകളാണ് കോഴിക്കോട്ടുള്ളത്.അതൊരു ചരിത്രമാണ്.ബുദ്ധമതത്തെ ലോകമെമ്പാടും പ്രചരിപ്പിച്ച അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്ര ബി.സി 247 ല്‍ ശ്രീലങ്കയില്‍ എത്തുകയും ബോധഗയയില്‍ നിന്നും കൊണ്ട് പോയ മഹാബോധിവൃക്ഷത്തിന്‍െറ തൈ നടുകയുമുണ്ടായി.ഇപ്പോള്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ ആകര്‍ഷണം അനുരാധപുരത്തെ  ഈ മഹാബോധിവൃക്ഷമാണ്.അതിന്‍െറ ഒരു ശാഖയാണ് നട്ട് പിടിപ്പിച്ചതാണ്   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷം.   കോഴിക്കോട്ടെ മിതവാദി കൃഷ്ണന്‍ മെമ്മോറിയല്‍ കമ്മിറ്റിയാണ് ബുദ്ധപൂര്‍ണിമ ആഘോഷം സംഘടിപ്പിക്കുന്നത്.കമ്മിറ്റിയുടെ സെക്രട്ടറിയായ ഡോ.കെ.സുഗതന്‍(  9847246081 ) അടുത്തിടെ  ശ്രീലങ്കയിലെ ബുദ്ധകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.

   ബുദ്ധന്‍െറ 2601 ാം ജന്മവാര്‍ഷികം പാലക്കാട് ആലത്തൂരിലെ ‘ബോധി’യില്‍ മെയ് അഞ്ചിന് വൈകിട്ട് മുതല്‍ വിവിധ പരിപാടികളോടെ നടക്കും.വൈശാഖ പൗര്‍ണമി നാളില്‍ പൂര്‍ണ ചന്ദ്രനെ സാക്ഷിയാക്കി നിലാവ് കൂട്ടായ്മ നടക്കും.മൂണ്‍ മെഡിറ്റേഷന് പുറമെ സിദ്ധാര്‍ഥ ഗൗതമനില്‍ നിന്നും ബുദ്ധനിലേക്കുള്ള പരിവര്‍ത്തനം ചര്‍ച്ച ചെയ്യും.ബുദ്ധകഥകളും ഉപകരണ സംഗീതവും ഒരുക്കുന്നുണ്ട്.ആറിന് ഞായറാഴ്ച രാവിലെ വരെ പരിപാടികള്‍ തുടരും.ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ ബസ്സിറങ്ങിയാല്‍ ‘ബോധി’യിലത്തൊം.കൂടുതല്‍ വിവരങ്ങള്‍  നല്‍കാന്‍ എസ്.കൃഷ്ണകുമാര്‍(9447303431 ),ഡേവീസ് വളര്‍ക്കാവ്( 9895148998 ) എന്നിവര്‍ ഒരുക്കമാണ്.


No comments:

Post a Comment