Saturday, July 26, 2014

ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു

 വി.ആര്‍.രാജ മോഹന്‍

 പുണ്യ മാസത്തിന്‍െറ നന്മകള്‍ നിറച്ച ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു.അടുത്ത ഒരു 
വര്‍ഷക്കാലത്തേക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കാന്‍ വിശ്വാസികള്‍ക്ക് ശാരീരികവും മാനസികവുമായ കരുത്ത് 
സമ്മാനിക്കുന്ന വൃതം.കൃത്യവും വ്യക്തവുമായ ദിശാബോധം സമ്മാനിക്കുന്ന ഒന്നാകുന്നു അത്. നോമ്പു 
കാലത്ത് സത്യവിശ്വാസി ആര്‍ജ്ജിച്ചതാകട്ടെ അനിര്‍വചനീയമായ ആഹ്ളാദം .അവന്‍െറ ഹൃദയം ആ ദിനങ്ങളില്‍ 
കൂടുതല്‍ ആര്‍ദ്രമായി മാറി.പട്ടിണി കിടക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ നോമ്പുകാരന്‍ നേരിട്ട് 
അനുഭവിച്ചറിഞ്ഞു.പ്രലോഭനങ്ങളെ എങ്ങനെ അതി ജീവിക്കണമെന്ന് അവന്‍ സ്വയം മനസിലാക്കി.ത്യാഗവും 
സഹനവും സ്വായത്തമാക്കി.നോമ്പിനെ കുറിച്ച് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് ഇപ്രകാരമായിരുന്നു 
-‘റമദാനിന്‍്റെ ശ്രേഷ്ടത നിങ്ങള്‍ മനസ്സിലാക്കുമായിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാന്‍ ആവുന്നതിനെ 
കൊതിക്കുമായിരുന്നു’.
 ഒരു പക്ഷെ അക്കാദമികമായ അറിവ് മുമ്പെന്നത്തേക്കാളും കൂടുതല്‍ നേടുവാന്‍ ആധുനിക മനുഷ്യന് 
കഴിയുന്നുണ്ടാകാം.എന്നിരുന്നാലും ആത്മീയമായ ഉണര്‍വ് ലഭിക്കുവാന്‍ പലപ്പോഴും അവന് കഴിഞ്ഞെന്ന് 
വരില്ല.മതങ്ങളുടെ അത്തരം ലക്ഷ്യങ്ങളെ സ്വാംശീകരിക്കാന്‍ തിരക്ക് പിടിച്ച വര്‍ത്തമാന കാലത്ത് കഴിയാതെ 
വരുന്നു.അവിടെയാണ് റമദാന്‍ ഉള്‍പ്പെടെയുള്ള പുണ്യകര്‍മ്മങ്ങളുടെ പ്രസക്തി വ്യക്തമാകുന്നത്.അത്തരം 
സത്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് മറ്റുള്ളവരോട് കുടുതല്‍ വിനയവും ആര്‍ദ്രതയും കാണിക്കണമെന്ന 
ചിന്ത മനുഷ്യരിലുണ്ടാകുന്നത്.അങ്ങനെ സംഭവിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യവുമാണ്.ലോകത്തില്‍ 
ഇന്ത്യയെ പോലെ വിവിധ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന മറ്റൊരു രാജ്യമില്ല.എല്ലാ മതങ്ങളുടേയും നല്ല വശങ്ങള്‍ 
ജീവിതത്തില്‍ പകര്‍ത്താന്‍ പണ്ടുമുതല്‍ക്കേ പൂര്‍വികര്‍ പഠിപ്പിച്ച് പോന്നിരുന്ന നാടാണ് നമ്മുടേത്.
 സമീപ കാലത്തായി വിഭാഗീയതയുടെ ചില അസ്വാരസ്യങ്ങള്‍ അങ്ങിങ്ങ് പൊങ്ങിയിട്ടുണ്ട് എന്ന കാര്യം നേര് 
തന്നെ .അവയെ തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനും സഹവര്‍ത്തിത്വത്തിന്‍െറ നല്ല പാഠങ്ങള്‍ 
സമൂഹത്തിലേക്ക് പകര്‍ന്ന് നല്‍കുകയും വേണം.എല്ലാ റമദാന്‍ കാലത്തും അന്യമതങ്ങളില്‍ പെട്ടവര്‍ ഇസ്ളാം 
മതവിശ്വാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നോമ്പ് പിടിക്കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നു എന്നത് 
വര്‍ത്തമാന കാലത്ത് ഏറെ ശ്ളാഘിക്കപ്പെടേണ്ട വസ്തുത തന്നെയാണ്.സ്വന്തമായി നോമ്പെടുക്കുകയും 
വിശ്വാസികളെ നോമ്പു തുറപ്പിക്കുകയും ചെയ്യുന്ന അന്യ സമുദായത്തില്‍ പെട്ടവര്‍ വാസ്തവം പറഞ്ഞാല്‍ 
വാര്‍ത്ത അല്ലാതായി മാറിക്കഴിഞ്ഞു.
 പരമതങ്ങളെ ബഹുമാനിക്കുന്നതിന് പകരം അവയെ ഇകഷ്ത്തും വിധമുള്ള ചില സംഭവങ്ങള്‍ 
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി നടക്കുന്നുണ്ടെന്നുള്ള കാര്യങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. അത്തരം കുത്സിത 
ശ്രമങ്ങളിലേര്‍പ്പെടുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുക തന്നെ വേണം.പകരം സാമുദായിക സൗഹാര്‍ദ്ദം 
ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു ചെറിയ പ്രവര്‍ത്തനത്തേയും പരമാവധി പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത 
തീര്‍ച്ചയായും പൊതുസമൂഹത്തിനുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും യാന്ത്രികമായി മാറുന്നതിനാല്‍ 
വേണ്ടത്ര ഫലപ്രദമാകണമെന്നില്ല.അതേ സമയം സാമൂഹിക-സന്നദ്ധസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ 
കൂടുതല്‍ ജാഗരുകരാകേണ്ടതുണ്ട്.അവര്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.വരും 
തലമുറകളില്‍ വിദ്വേഷത്തിന്‍െറ വിത്ത് പാകാന്‍ മാത്രമായി നിലകൊള്ളുന്ന ചില കേന്ദ്രങ്ങള്‍ നമുക്കിടയില്‍ 
പ്രവര്‍ത്തിക്കുന്നുണ്ട്.അങ്ങേയറ്റം ദുരൂഹമാണ് അത്തരം ചില സംഘടനകളുടെ രീതികള്‍.നിയമ സംവിധാനങ്ങള്‍ 
എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ തന്നേയും അവര്‍ ഒളിഞ്ഞും തെളിഞ്ഞും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ 
മുഴുകുമെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.തങ്ങളുടേതായ മാര്‍ഗത്തില്‍ അവര്‍ അതിനുള്ള അജണ്ടകള്‍ 
നിര്‍മ്മിച്ച് കൊണ്ടേയിരിക്കും. 
 ക്രിസ്മസും ഈസ്റ്ററും ഓണവും വിഷുവും ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കൊ തന്നെ 
ഒരിക്കലും ഒരു മതത്തിന്‍േറയോ വിഭാഗത്തിന്‍േറയോ മാത്രം പരിപാടിയായി മാറരുത്.സമൂഹമൊട്ടാകെ 
അതേറ്റെടുത്ത് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്.പണ്ടൊക്കെ മിക്കവാറും ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം 
ജനങ്ങളുടേയും വിശേഷാവസരങ്ങള്‍ നാനാജാതി മതസ്ഥരും ഒന്നായിട്ടായിരുന്നു ആഘോഷിച്ച് പോന്നത്.എ
ന്നാല്‍ കാലക്രമത്തില്‍ പലവിധകാരണങ്ങളാല്‍ അതെല്ലാം സ്വസമുദായങ്ങളില്‍ മാത്രം ഒതുങ്ങുന്ന 
നിലയായി.അതിവേഗം നഗരവല്‍ക്കണം സംഭവിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ചില പോരായ്മകള്‍ 
സ്വാഭാവികമായും അതിനോടൊപ്പമുണ്ടാകുമെന്ന ന്യായമാണ് പൊതുവെ എല്ലാവരും മുന്നോട്ട് വെക്കുന്നത്.
അതേ സമയം നഗര വല്‍ക്കരണത്തിന്‍െറ ഫലമായി കൃത്രിമത്തം നിറഞ്ഞതാണെങ്കില്‍ കൂടി ചില ആഘോഷങ്ങള്‍ 
അറിഞ്ഞോ അറിയാതേയോ മത സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നഷ്ടമാകുന്ന നന്മയെ അത് 
ഒരു പരിധി വരെ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ട് എന്ന വസ്തുതയും സമ്മതിക്കേണ്ടതായി വരുന്നു.ഒരു പക്ഷേ 
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിസിനസ് പ്രെമോഷന്‍െറ ഭാഗമായി സ്വീകരിക്കുന്ന മാനേജ്മെന്‍റ് സ്ട്രാറ്റജികളില്‍ 
പെട്ട ചില ‘ഗിമിക്കു’കള്‍ തന്നെയാകാം അവ.അക്കാര്യം കൃത്യമായി ബോധ്യമുണ്ടെങ്കിലും വിശാല താല്പര്യം 
മുന്‍നിര്‍ത്തി വിലയിരുത്തുന്ന പക്ഷം ‘നെറ്റ് റിസല്‍റ്റ’് പരിശോധിക്കുമ്പോള്‍ നിരാശക്ക് വഴിയില്ല.ക്രിസ്മസ് കാലമായാല്‍ കേക്കുകള്‍ സമ്മാനിക്കുന്നതും ഓണക്കാലത്ത് പായസ വിതരണവും ഓഫീസുകളില്‍ പൂവിടല്‍ 
മത്സരവും വിപുലമായി ആഘോഷിച്ച് വരുന്ന കാര്യങ്ങളാണ്.അടുത്ത കാലത്തോയി വിവിധ ഓഫീസുകളും 
പ്രസ്ഥാനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.മുമ്പൊക്കൊ ചില പ്രത്യേക രാഷ്ട്രീയ 
പ്രസ്ഥാനങ്ങളും നേതാക്കളും വ്യക്തിപരമായി നടത്തിയിരുന്ന നോമ്പുതുറ സല്‍ക്കാരങ്ങള്‍ പില്‍ക്കാലത്ത് 
മറ്റുള്ളവരും പിന്തുടരുകയുണ്ടായി.
 കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ഈ നോമ്പുകാലത്ത് വന്ന ഒരു പത്ര വാര്‍ത്ത ഇവിടെ എടുത്ത് 
ചേര്‍ക്കട്ടെ.
 ഇഫ്ത്താര്‍ സംഘടിപ്പിച്ചും റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തും സമൂഹ നോമ്പ് തുറ നടത്തിയും 
അവര്‍ സ്നേഹസംഗമം നടത്തി. ഐ .എന്‍ .ടി .യു. സി നിയന്ത്രണത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് 
അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയാണ് ഇന്നലെ അപൂര്‍വ്വമായ സ്നേഹ സംഗമമൊരുക്കിയത്. 
കാഞ്ഞങ്ങാട് യൂണിറ്റ് അസോസിയേഷന് 34 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗമായ കെ ഭാര്‍ഗവി ഉള്‍പ്പെടെ 24 
പേര്‍ ജാതി-മത ചിന്തകളില്ലാതെ ഇന്നലെ നോമ്പ് നോറ്റു.സുബഹ് നിസ്കാരത്തിനു മുമ്പു എഴുന്നേറ്റ് അത്താഴം 
കഴിച്ച് നോമ്പിന്‍്റെ ചട്ടക്കൂടുകള്‍ പാലിച്ചാണ് മിക്കവരും നോമ്പ് എടുത്തത്.വൈകിട്ട് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസ് 
പരിസരത്ത് നടന്ന സമൂഹ നോമ്പ് തുറയും ഇഫ്ത്താര്‍ സംഗമവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ 
ദിവ്യ ഉദ്ഘാടനം ചെയ്തു. 
കേരള പത്രപ്രവര്‍ത്തക യൂണിയന്‍െറ ജില്ലാ ഘടങ്ങളായ മിക്കവാറും പ്രസ് ക്ളബ്ബുകളും ഇത്തരത്തില്‍ 
ഇഫ്താറുകള്‍ നടത്തുന്നുണ്ട്.നോമ്പു തുറന്ന ശേഷം വിശ്വാസികള്‍ക്ക് നമസ്ക്കരിക്കാനുള്ള സൗകര്യവും 
ഒരുക്കാന്‍ മറക്കാറില്ളെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.ജാതിയുടേയും മതത്തിന്‍േറയും 
വര്‍ണത്തിന്‍േറയുമൊക്കൊ പേരില്‍ ഒരേ നിറമുള്ള ചോരയൊഴുകുന്ന മനുഷ്യര്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ 
എല്ലാവരേയും ഒത്തൊരുമിപ്പിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും കലവറയില്ലാതെ പിന്തുണക്കുന്ന 
സമീപനം സ്വീകരിക്കുക തന്നെ വേണം.രാജ്യത്തിന്‍െറ അഖണ്ഡതയെ ഇല്ലാതാക്കി രാജ്യനിവാസികള്‍ക്കിടയില്‍ 
അസ്വസ്ഥത സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രം ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ സാമൂഹിക വിരുദ്ധരെ 
കരുതിയിരിക്കാന്‍ ഓരോ പൗരന്മാരും ബോധവാന്മാരായി മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനുകളില്‍ ഒന്നില്‍ കണ്ട ഒരു വാര്‍ത്ത ചുവടെ കട്ട് ആന്‍റ് പേസ്റ്റ് ചെയ്യുന്നു.
റിയാദ്: ഷുമൈസിയില്‍ സൗജന്യമായി നോമ്പ് തുറ ഒരുക്കുന്ന ഒരു റസ്റ്ററോന്‍്റുണ്ട്. മലയാളി ഉടമസ്ഥതിയിലുള്ള 
മക്ക റസ്റ്റാേറന്‍്റില്‍കഴിഞ്ഞ 15 വര്‍ഷമായി നോമ്പ് തുറ സൗജന്യമാണ്. റിയാദിലെ ഷുമൈഷിയിലെ മക്ക റസ് 
റ്റാറന്‍്റ്. തീര്‍ത്തും ദൈവ പ്രീതി മാത്രം ഉദ്ദശേിച്ചാണ് പൊന്നാനി സ്വദേശി സക്കീറും സഹോദരന്‍ ബക്കറും ഇവിടെ 
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സൗജന്യ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. നേരിട്ട് ക്ഷണിച്ചും യാത്രക്കാര്‍ക്കും 
വിഭവ സമൃദ്ദമായ നോമ്പ് തുറയാണ് ഒരുക്കുന്നത്.സൗജന്യ ഇഫ്താറിന് സഹകരിക്കുന്നവരും വളരെ 
സംതൃപ്തിയോടെയാണ് ഈ പുണ്യ കര്‍മ്മത്തില്‍ പങ്കാളികളാവുന്നത്.
 സുഖസ്മരണകള്‍ മാത്രം സമ്മാനിക്കുന്ന കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഒരു ദിവസം 
സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ അറിയാതെ കയറിയപ്പോഴുണ്ടായ അനുഭവം ഓര്‍ത്ത് പോവുകയാണ്.
സഹപ്രവര്‍ത്തകനായ ഉമര്‍ പുതിയോട്ടില്‍ ഒരു ദിവസം നോമ്പു തുറ നടത്താമെന്നേറ്റു.ഞങ്ങളിരുവരും 
മാവൂര്‍ റോഡിലെ ഹോട്ടലിനോടു ചേര്‍ന്ന കടയില്‍ തരിക്കഞ്ഞിയും പഴങ്ങളുമടക്കമുള്ള വിഭവങ്ങള്‍ 
ഭക്ഷിക്കാനായി കയറിയതായിരുന്നു.ഭക്ഷണം കഴിച്ച് ഉമര്‍ പള്ളിയിലേക്ക് പോകും മുമ്പേ പൈസ എത്രയായി 
എന്ന് ചോദിച്ചപ്പോള്‍ ഉടമ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു.നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം മടിച്ച് മടിച്ച് കാര്യം 
വെളിപ്പെടുത്തി.നോമ്പു തുറക്കല്‍ അദ്ദേഹം പണം വാങ്ങാറില്ല.ഇതൊന്നുമറിയാതെ കാലിച്ചായ കുടിക്കാന്‍ 
കയറിയ മറ്റൊരാളോട് കടയുടമ ചെയ്ത കാര്യം മനസ്സില്‍ മായാതെ നില്‍ക്കുന്നു.ചായ കൊടുത്ത ശേഷം അയാള്‍ 
ഒരു കടലാസ് പ്ളേറ്റില്‍ സമൂസയും ഈന്തപ്പഴവും മറ്റു പഴങ്ങളും ഒരു ഗ്ളാസ് നാരങ്ങാ വെള്ളവും നല്‍കി.ചായ 
കുടിക്കാനത്തെിയയാളാകട്ടെ സാധാരണ ചായക്കടകളില്‍ ചായ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വലിയ പ്ളേറ്റില്‍ വിവിധ 
തരം പലഹാരങ്ങള്‍ നിരത്തിവെച്ച് കൊണ്ടു വരുന്നത് പതിവുള്ളതിനാല്‍ തനിക്കിതൊന്നും ആവശ്യമില്ളെന്ന് 
പറഞ്ഞ് പതിയെ കൈകൊണ്ട് തട്ടി മാറ്റി.അയാളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ കടയുടമ ചെയ്യുന്ന പുണ്യ 
കര്‍മ്മത്തെ കുറിച്ച് തൊട്ടുമുമ്പ് മാത്രം അറിഞ്ഞ ഞങ്ങള്‍ വേണ്ടിവന്നു.അക്കാര്യം കേട്ടതോടെ ഉപഭോക്താവ് 
വെട്ടിലായി.താന്‍ കുടിക്കുന്ന ചായയുടെ കാശ് പോലും കൊടുക്കാന്‍ പറ്റാത്തതിലായിരുന്നു നോമ്പില്ലാത്ത ആ 
കോഴിക്കോട്ടുകാരന്‍െറ വിഷമം.

1 comment:

  1. മനസ്സറിഞ്ഞ് നന്മ ചെയ്യുന്നവരും ഇന്നും അവശേഷിയ്ക്കുന്നുണ്ട് എന്നത് നല്ല വാര്‍ത്ത തന്നെ.

    നല്ല പോസ്റ്റ്

    ReplyDelete