Wednesday, January 09, 2013

നഷ്ടമാകുന്ന സ്നേഹ ബന്ധങ്ങള്‍ ഓര്‍ക്കുക , ബുദ്ധന്റെ വചനങ്ങള്‍


   




 സ്നേഹ ബന്ധത്തിന്‍െറ മാഹാത്മ്യം വിളിച്ചോതുന്ന നല്ല നല്ല വിശേഷണ പദങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വചനങ്ങള്‍ അടങ്ങിയ  അതി മനോഹരങ്ങളായ ആശംസാ കാര്‍ഡുകള്‍ നാം വലിയ വില കൊടുത്ത് വാങ്ങാറുണ്ട്.കാലം മാറിയപ്പോള്‍ മിക്കവര്‍ക്കും കാര്‍ഡിന് പകരം ഇ-മെയിലിലായി താല്പര്യം.എസ്.എം.എസിനെ ആശ്രയിക്കുന്നവരും കുറവല്ല.അതിശയോക്തിയെന്നോ അതിഭാവുകത്വമെന്നോ വേണമെങ്കില്‍ പറഞ്ഞ് കൊള്ളൂ.ഇവയെല്ലാം മേല്‍ വിലാസക്കാരന്‍െറ അടുത്ത് എത്തുന്നതിന് മുമ്പേ വേണമെങ്കില്‍ പലരുടേയും സ്നേഹ ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുക്കാറുണ്ട്.കനകവും കാമിനിയുമായി കലഹത്തിന് കുഞ്ചന്‍ നമ്പ്യാര്‍ കണ്ടത്തെിയ കാരണങ്ങള്‍ തന്നെയാണ് സൗഹൃദങ്ങള്‍ തകരാനും കാരണമാകുന്നത്.
ആത്മാര്‍ത്ഥതയുള്ള ചങ്ങാതിമാരില്ലാത്തതാണ് നമുക്കിടയില്‍ പല വിധ പ്രശ്നങ്ങളും ഉടലെടുക്കാന്‍ കാരണമെന്ന് അനുമാനത്തില്‍ തെറ്റില്ല.രാഷ്ട്രീയം ,മതം,ജാതി,തൊഴില്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭജനങ്ങളാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.സ്ഥാപിത താല്പര്യ സംരക്ഷണത്തിന്‍െറ ഭാഗമായി പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെയാണ് ചുറ്റും കാണാനാകുക.സ്നേഹ ബന്ധത്തിന്‍െറ കഥകള്‍ സന്മാര്‍ഗ പുസ്തകങ്ങളിലും ലാഭം മാത്രം മുന്നില്‍ കണ്ട് പടച്ച് വിടുന്ന കച്ചവടസിനിമകളിലും മാത്രമായി ഒതുങ്ങുന്നു.കൂട്ട് എന്നത് ആര്‍ക്കും ലഭ്യമല്ലാതെ വരുന്ന കിട്ടാക്കനിയായി വരുമ്പോള്‍ മാത്രമാണല്ളോ അതിന് വിലയേറുന്നത്.സിനിമക്ക് പറ്റിയ ഒരു വിഷയമായി അത് മാറുന്നതും അങ്ങശന തന്നെയാണ്.വെറും സ്വാര്‍ത്ഥ താല്പര്യത്തിന് മാത്രമായി എല്ലാ ബന്ധങ്ങളും പരിമിതപ്പെടുന്നു.
   A Friend in need is a friend indeed.
  ഈ ആംഗലേയ പഴമൊഴിയുടെ വര്‍ത്തമാന കാല പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടെന്നാണല്ളോ നമ്മുടെ വിശ്വാസം.ഏറ്റവുമടുത്ത സുഹൃത്ത് എന്ന് പറയുന്നയാളില്‍ നിന്നായിരിക്കും ആദ്യത്തെ അടി ലഭിക്കുന്നത്.ശത്രുവിനോട് എപ്പോഴും നിശ്ചിത അകലം പാലിച്ച് നടക്കുന്നതിനാല്‍ എന്നും ഒരു കരുതലുണ്ടായിരിക്കും.എന്നാല്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നയാള്‍ പിന്നില്‍ നിന്ന് കുത്തുന്നതിനെ മുന്‍കുട്ടി അറിയാനാകാതെ പോകുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.പച്ചയായി പറഞ്ഞാല്‍ ഇരുട്ടടി കിട്ടുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയപ്പെട്ടിട്ടുണ്ടാകുക.അപ്പോഴേക്കും കയറിപ്പോകാന്‍ പറ്റാത്ത ഗര്‍ത്തങ്ങളില്‍ പതിച്ചിട്ടുമുണ്ടാകും.
          സൗഹൃദങ്ങള്‍ വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ ചങ്ങാത്തത്തിന ്സംഭവിച്ചത് എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ഇന്‍റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെ അടച്ചാക്ഷേപിക്കാനൊരുങ്ങുന്നില്ല.എങ്കിലും അജൈവികമായ ഇത്തരം സങ്കേതങ്ങളെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്നതിന്‍െറ പിന്നിലെ യുക്തിരാഹിത്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.എത്രയെത്ര അനഭവങ്ങളുണ്ടായിട്ടും പാഠം പഠിക്കാനുള്ള ആര്‍ജ്ജവമൊട്ട് കാണിക്കാനും ഒരുക്കമല്ല. പുതു തലമുറയെ സംബന്ധിച്ചിടത്തോളം സൗഹൃദങ്ങളെ നിശ്ചയിക്കുന്നതിന്‍െറ അളവുകോലുകള്‍ വ്യത്യസ്തമാണ്.കൂട്ടുകാരെ മാത്രമേ വിശ്വാസമുള്ളൂവെന്ന വൃതമെടുത്തരായി ചിലരുണ്ട്.മാതാപിതാക്കളേയും സുഹൃത്തുക്കളാക്കാമെന്ന നവ സിദ്ധാന്തങ്ങള്‍ നല്ളൊരു കാല്‍വെയ്പാണ്.മുമ്പ് കാലത്ത് ഇത്തരത്തിലുള്ള ആശയങ്ങളൊന്നും തന്നെ ഒരിക്കലും പ്രചരിപ്പിക്കപ്പെട്ടിരുന്നില്ളെന്നുള്ളതാണ് വാസ്തവം.തന്നെയുമല്ല ,ഇത്തരം പുരോഗമന ചിന്തകള്‍ സമര്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കുടില തന്ത്രങ്ങള്‍ ഉപയേഗിച്ച്  അവയെയെക്കൊ മുളയിലേ തന്നെ നുള്ളിക്കളയാന്‍ യാഥാസ്ഥിതിക സമൂഹം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുള്ളതായും കാണാം.സൗഹൃദങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പുതു തലമുറയെ കുറ്റപ്പെടുത്തുമ്പോള്‍ ഒരിക്കലും അതില്‍ മേല്‍ സൂചിപ്പിച്ച പാരമ്പര്യ വാദത്തിന്‍െറ ഭാഗമായി കാണാരുതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.ഏതൊരു ഒൗഷധം നിര്‍മ്മിക്കുമ്പോഴും അതിന്‍െറ ഗുണദോഷ വശങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ക്ളിനിക്കല്‍ ട്രയല്‍ എന്നൊന്ന് നടന്നിരിക്കും.മരുന്ന് പരീക്ഷണമെന്നൊക്കെ ആരോപിക്കപ്പെടുന്ന,മനുഷ്യനെ ഗിനിപ്പിഗ്ഗുകളാക്കിയെന്ന ആക്ഷേപിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് മനുഷ്യ രാശിക്ക് ഗുണം ചെയ്യുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ വരെ നിര്‍മ്മിക്കുന്നത്.ആദ്യമൊക്കൊ പാര്‍ശ്വഫലങ്ങള്‍ കണ്ടെന്ന് വരും .എന്ന് കരുതി അവ ഉപേക്ഷിക്കുന്നില്ല. തുടര്‍പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് കുറ്റമറ്റതായ ഒന്നിനായി പരിശ്രമം തുടരുകയാണല്ളോ പതിവ്.സമൂഹത്തെയാകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന മൂല്യച്യൂതിയെന്ന മഹാവ്യാധിയുടെ അനവധി ലക്ഷണങ്ങളിലൊന്നാണ് യഥാര്‍ത്ഥ സൗഹൃദം നഷ്ടപ്പെടുന്ന അവസ്ഥ.കൃത്യമായ രോഗ നിര്‍ണയവും യഥാവിധിയുള്ള ചികിത്സയുമാണ് ഇതിനുള്ള ഏക പ്രതിവിധി.ആഗോളവത്കരണത്തിന്‍െറ കാലഘട്ടത്തില്‍ രോഗപ്രതിരോധ ശക്തി പൊതുവെ കുറവായിരിക്കുമെന്നാണ് അനുഭവം.തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ സൗഹൃദത്തിന്‍െറ മാഹാത്മ്യം കൊട്ടിഘോഷിക്കാന്‍ ആശംസാ കാര്‍ഡിനെ ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല.എന്തിനും ഏതിനും വിപണിയുടെ സാധ്യതയെ അന്വേഷിക്കുന്ന കച്ചവട തന്ത്രം മാത്രമാണിതെന്നും ഇത്തരത്തിലുള്ള തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് യാതൊരു ഫലവുമൂണ്ടാകില്ളെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഉപാധികള്‍ നിശ്ചയിക്കപ്പെടാത്ത സൗഹൃദങ്ങള്‍ തിരിച്ച് പിടിക്കുകയെന്നത് ക്ഷിപ്ര സാധ്യമായിരിക്കുകയില്ല.  മറ്റെല്ലാ വേര്‍തിരിവുകളും മറന്ന്  വ്യ ക്തമായ  ബോധത്തോടെ അത്തരമൊരു ലക്ഷ്യം മുന്‍ നിര്‍ത്തി ഒരുമിക്കണം .അതിനായി    മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞു കൊണ്ട് വേണം മുന്നോട്ട്‌ പോകാന്‍ .അങ്ങനെ  മനുഷ്യ സമൂഹം ഒരൊറ്റ മനസ്സുമായി പരസ്പരം കൈ കോര്‍ത്തിരുന്നുവെങ്കിലെന്ന് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ച് പോകുകയാണ്.

   അവസാനിപ്പിക്കുമ്പോള്‍ താഴെപ്പറയുന്ന വാചകങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 

         ത്യജിക്കാന്‍ എളുപ്പമല്ലാത്ത വസ്തുക്കള്‍ മടിയില്ലാതെ തരുന്നവന്‍, 
        സഹിക്കാന്‍ എളുപ്പമല്ലാത്തത് സഹിക്കുന്നവന്‍, 
        കരളിനെ നീറ്റുന്ന വാക്കുകള്‍ പൊറുക്കുന്നവന്‍, 
        സ്വന്തം രഹസ്യങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നവന്‍, 
        നിങ്ങളുടെ രഹസ്യങ്ങള്‍ വ്രതനിഷ്ഠയോടെ കാത്ത് സൂക്ഷിക്കുന്നവന്‍, 
       ദുരിത കാലത്ത് തള്ളിപറയാത്തവന്‍,
       തകര്‍ന്നിരിക്കുമ്പോള്‍ കുറ്റപ്പെടുത്താത്തവന്‍..
        ............ അവനാരോ അവനാണ് നേരായ ചങ്ങാതി. 
 ശ്രീ ബുദ്ധന്‍െറ വചനങ്ങളാകുന്നു ഇത്.സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഈ വചനം വായിക്കാന്‍ കഴിഞ്ഞത് അഖില കേരള മിശ്ര വിവാഹ സംഘത്തിന്‍െറ പ്രസിദ്ധീകരണമായ ‘മാനുഷ്യകം’ ദൈ്വ മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ നിന്നാണ്.അണിയറ പ്രവര്‍ത്തകര്‍ക്ക ്പ്രത്യേക  നന്ദിയും കടപ്പാടും.